International

മക്കയ്ക്ക് നേരെ ഡ്രോൺ ആക്രമണ ശ്രമം; തകർത്തെന്ന് സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

ആക്രണങ്ങളുടെ പശ്ചാത്തലത്തിൽ മക്കയുൾപ്പെടെയുള്ള ന​ഗരങ്ങളിൽ സൗദി സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

Madism Desk

ഇസ്‍ലാം വിശ്വാസികൾ വിശുദ്ധമായി കാണുന്ന മക്കയ്ക്ക് നേരെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം. മക്കയ്ക്ക് സമീപം ഡ്രോൺ സൗദി വ്യോമസേന തകർത്തു. ചൊവ്വാഴ്ച മക്കയുടെ തെക്ക് ഭാഗത്ത് വെച്ചാണ് നിരോധിത വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് മുൻപ് ഡ്രോൺ വെടിവെച്ചിട്ടത്. ഇസ്ലാമിക പുണ്യസ്ഥലങ്ങളുടെയും തീർഥാടകരുടെയും സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഹൂതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സൗദി സഖ്യസേന വക്താവ് തുർക്കി അൽ-മാലികി വ്യക്തമാക്കി. 2017-ന് ശേഷം മക്കയെ ലക്ഷ്യമാക്കി ഹൂതികൾ നടത്തുന്ന രണ്ടാമത്തെ ആക്രമണ ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മക്കയ്ക്ക് നേരെ ആക്രമണം നടത്തിയെന്ന വാദം ഹൂതി വക്താവ് നിഷേധിച്ചു.

മക്കയ്ക്ക് നേരെയുണ്ടായ ആക്രമണശ്രമത്തെ 57 മുസ്ലിം രാജ്യങ്ങൾ ഉൾപ്പെടുന്ന ഓർ​ഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ ശക്തമായി അപലപിച്ചു. ആക്രണങ്ങളുടെ പശ്ചാത്തലത്തിൽ മക്കയുൾപ്പെടെയുള്ള ന​ഗരങ്ങളിൽ സൗദി സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

എന്നാൽ, ഇതൊരു പഴയ നുണയാണെന്നും ഇത്തരം വാദങ്ങൾ ഉന്നയിച്ച് ഇനി ആരെയും കബളിപ്പിക്കാനാകില്ലെന്നും ഹൂതി വക്താവ് ഹാസിം അൽ-അസദ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. കഴിഞ്ഞ ഒരാഴ്ചയായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഹൂതികൾ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മക്കയ്ക്ക് സമീപമുള്ള സുരക്ഷാ മുന്നറിയിപ്പ്.

അതിനിടെ, ചെങ്കടൽ തീരത്തെ തന്ത്രപ്രധാനമായ പല മേഖലകളും ഹൂതികൾ പിടിച്ചെടുത്തത് സൗദിയുടെ എണ്ണ കയറ്റുമതിക്ക് വലിയ ഭീഷണിയായിരിക്കുകയാണ്. ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് യാൻബു തുറമുഖത്ത് നിന്നുള്ള എണ്ണ കയറ്റുമതി സൗദി നിർത്തിവെച്ചു. പ്രശ്നപരിഹാരത്തിനായി ചൈനയുടെ മധ്യസ്ഥത തേടി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ചൈന സന്ദർശിക്കാനും ഒരുങ്ങുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച ഖമീസ് മുഷൈത്ത്, അഭ, തായിഫ് എന്നീ നഗരങ്ങളിൽ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ 13 സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദിയുടെ വിവിധ ഭാഗങ്ങളിലായി നടന്ന ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എഴുപതിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. റിയാദ്, മദീന മേഖലകളിൽ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതിനെത്തുടർന്ന് സൗദി അറേബ്യ തങ്ങളുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ വഴിയുള്ള എണ്ണ നീക്കം കഴിഞ്ഞ വെള്ളിയാഴ്ച മുതൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ഹോർമുസ് കടലിടുക്കിന് പകരമായി എണ്ണ കയറ്റുമതി ചെയ്യാൻ ഉപയോഗിക്കുന്ന, പ്രതിദിനം 7 ദശലക്ഷം ബാരൽ ശേഷിയുള്ള പ്രധാന പൈപ്പ്‌ലൈനാണിത്. പൈപ്പ്‌ലൈനിലെ തകരാറുകൾ പരിശോധിച്ച് വരികയാണെന്നും വൈകാതെ തന്നെ ഇത് വീണ്ടും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്കൻ ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

യെമൻ തീരത്തെ സംഘർഷങ്ങളെ തുടർന്ന് ഒരു ലക്ഷത്തിലധികം ആളുകൾക്ക് വീട് നഷ്ടപ്പെട്ടതായി യുഎൻ അഭയാർത്ഥി ഏജൻസി വ്യക്തമാക്കി. നിരന്തരമുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പൗരന്മാരോട് സൗദി അറേബ്യയിലേക്കും യെമനിലേക്കുമുള്ള യാത്രകൾ ഒഴിവാക്കാനോ പുനർവിചിന്തനം നടത്താനോ യുഎസ് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യെമനിലേക്ക് യാത്ര ചെയ്യരുതെന്നും സൗദി യാത്രകളിൽ ജാഗ്രത പാലിക്കണമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

Saudi Arabia's air defense intercepted and destroyed a Houthi drone directed towards the holy city of Mecca before it entered restricted airspace. The Saudi-led coalition stated that the security of holy sites is a "red line," while Houthi officials denied targeting Mecca. The incident, condemned by the OIC, has escalated regional tensions, prompting Saudi Arabia to halt some oil shipments and the US to issue travel warnings for the region.