International

ട്രംപ് പങ്കെടുത്ത വിരുന്നിൽ വെടിവെപ്പ്; പ്രതി പിടിയിൽ, ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റിപ്പോർട്ട്

അക്രമി എട്ട് റൌണ്ട് വെടിയുതിർത്തു

Madism Desk

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത വിരുന്നിനിടെ വെടിവെപ്പ്. വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെയാണ് സംഭവം. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍, സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. വിരുന്നില്‍ ട്രംപും ഫസ്റ്റ് ലേഡിയും കാബിനെറ്റ് അംഗങ്ങളും തുടങ്ങി നിർണായക പദവിയിലിരിക്കുന്ന നിരവധി പേരുണ്ടായിരുന്നു. അക്രമിയെക്കുറിച്ചുള്ള വ്യക്തി വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വെടിയൊച്ച കേട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെ വളഞ്ഞ് വേദിയിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ മറ്റു അതിഥികള്‍ വേദിയില്‍ തന്നെ തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. അക്രമി ഡൊണാള്‍ഡ് ട്രംപിന്‍റെ സമീപത്തായിരുന്നില്ലെന്നതും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. അതേസമയം സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവന്നേക്കും.

ഹിൽട്ടൺ ഹോട്ടലിൽ ഒരുക്കിയ വിരുന്നിൽ പങ്കെടുത്ത പ്രസിഡന്‍റ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും മറ്റു കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. വെടിവെപ്പ് നടത്തിയത് ട്രംപിനെ ലക്ഷ്യംവെച്ചായിരുന്നോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

English Summary: Gunfire was reported during a White House Correspondents Association dinner attended by Donald Trump. Security quickly responded, the suspect was detained, and no injuries were reported. Top officials including Melania Trump and JD Vance are safe