പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ ഇറാനെതിരെ നടത്തുന്ന സൈനിക നടപടി ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വരും ആഴ്ചകളിൽ യുദ്ധ നടപടികള്‍ പൂർത്തിയാക്കാനാണ് പദ്ധതിയെന്നും വൈറ്റ് ഹൗസിൽ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ ട്രംപ് വ്യക്തമാക്കി.
ഇറാൻ സമാധാന കരാറിന് തയ്യാറാകാത്ത പക്ഷം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രധാന ഊർജ്ജ ഉത്പ്പാദന കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ കഴിയുമെന്ന സൂചനയും ട്രംപ് നല്‍കുന്നുണ്ട്. ഇറാന്റെ സൈനിക ശേഷി ഗണ്യമായി ദുർബലപ്പെടുത്തിയതായും മിസൈല്‍ കേന്ദ്രങ്ങളും ആയുധ നിർമ്മാണ ശാലകളും തകർത്തുവെന്നും നേരത്തെ വൈറ്റ് ഹൗസ് അവകാശപ്പെട്ടിരുന്നു.
സമാധാന കരാറിന് തയ്യാറാകാത്ത പക്ഷം രാജ്യത്തെ വൈദ്യുതി നിലയങ്ങൾ മുഴുവൻ ലക്ഷ്യമാക്കി ആക്രമണം നടത്തും. വരും രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളിൽ നടപടി നിർണായക ഘട്ടത്തിലെത്തുമെന്നും, ഇറാന്റെ ഇന്ധന-ഊർജ്ജ കേന്ദ്രങ്ങൾ ഒരേസമയം തകർക്കാൻ കഴിയും. ഇറാനെ ശിലായുഗത്തിലേക്ക് തിരികെ അയക്കുമെന്നും അവർ അതാണ് അർഹിക്കുന്നത്. ഇതുവരെ പ്രധാന ഇന്ധന ഉത്പ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയിട്ടില്ലെന്നും, എന്നാൽ അത്തരത്തിലുള്ള നടപടി ഏതുസമയത്തും സ്വീകരിക്കാം. ട്രംപ് പറഞ്ഞു.
കരയുദ്ധത്തിനായി അമേരിക്ക വന്‍ സന്നാഹങ്ങള്‍ ആരംഭിച്ചതായി ആഗോള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ധന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഹോർമൂസിലെ പ്രതിസന്ധി മറികടക്കാന്‍ അമേരിക്കയ്ക്ക് സാധിക്കാതെ വന്നതോടെയാണ് പുതിയ നീക്കമെന്നാണ് സൂചന. കരയുദ്ധത്തിന് അമേരിക്ക ഏത് നിമിഷവും സജ്ജമാണെന്ന തരത്തിലും നേരത്തെയും ട്രംപ് പ്രസ്താവനകള്‍ നടത്തിയിരുന്നു.
അതേസമയം, ട്രംപിന്റെ പ്രസംഗം അവസാനിച്ചതിന് പിന്നാലെ തന്നെ ഇസ്രായേലിനെതിരെ ഇറാൻ പുതിയ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ അമേരിക്കയുടെ അവകാശവാദങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലാണ് സംഭവവികാസങ്ങൾ പുരോഗമിക്കുന്നത്. മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയും ഉയർന്നിട്ടുണ്ട്.
English Summary: US President Donald Trump stated that military operations against Iran are nearing completion and warned of severe consequences if Iran refuses a peace deal, including possible attacks on key energy infrastructure. Meanwhile, Iran reportedly launched fresh missile strikes against Israel, escalating regional tensions.