International

മൊജ്തബ ഖമനേയി ഏതെങ്കിലും ബാക്കിയുണ്ടാകാമെന്ന് ട്രംപ്; കൊല്ലപ്പെട്ടെന്ന വാദത്തില്‍ നിന്ന് പിന്മാറി?

അമേരിക്കൻ ആക്രമണത്തിൽ മൊജ്താബ ഖമനേയി കൊല്ലപ്പെട്ടുവെന്ന അവകാശവാദത്തെ സാധൂകരിക്കുന്നതായിരുന്നു അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ മാറിനിൽക്കൽ

Madism Desk

ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്താബ ഖമനേയിയുടെ ആരോഗ്യസ്ഥിതിയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്കിടയിൽ പുതിയ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മൊജ്താബ ഖമനേയി ജീവനോടെയുണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്നും, ഒരുപക്ഷേ പരുക്കേറ്റ് അവശനായ നിലയിൽ ‘ഏതെങ്കിലും രൂപത്തിൽ’ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്ന് ഫോക്സ് ന്യൂസ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇതോടെ അമേരിക്കയുടെ ആക്രമണത്തിൽ മൊജ്താബ ഖമനേയി കൊല്ലപ്പെട്ടുവെന്ന ട്രംപിന്റെ പ്രസ്താവനകൾ പൊളിഞ്ഞു വീണുവെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നത്.

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ഫെബ്രുവരി 28-ലെ ഇസ്രയേൽ-അമേരിക്ക സംയുക്തക്രമണത്തിൽ മൊജ്താബയ്ക്കും ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ മൊജ്താബ നിലവിൽ കോമാവസ്ഥയിൽ തുടരുകയാണെന്ന തരത്തിലുള്ള വാർത്തകളും പടർന്നിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങളും നൽകുന്നത്. ആക്രമണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഒരു കാൽ നഷ്ടപ്പെട്ടതായും വയറും കരളും ഉൾപ്പെടെ ആന്തരികാവയവങ്ങൾക്ക് മാരകമായ പരുക്കുകൾ സംഭവിച്ചതായുമാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ടെഹ്‌റാനിലെ സിന യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അതീവതീവ്ര സുരക്ഷാ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണെന്നും അന്താരഷ്ട്ര മാധ്യമങ്ങൾ പറയുന്നു. ഭാര്യയും സഹോദരിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട ആക്രമണത്തിലാണ് 56-കാരനായ മൊജ്താബയ്ക്കും പരിക്കേറ്റതെന്നാണ് നിലവിലെ നിഗമനം.

ഖമനേയിക്ക് പരുക്കേറ്റ വിവരം ഇറാനിയൻ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സൈപ്രസിലെ ഇറാൻ അംബാസഡറായ അലിറേസ സലാരിയന്റെ പ്രസ്താവന പ്രകാരം, ഖമനേയിയുടെ കൈകൾക്കും കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. അധികാരമേറ്റശേഷം അദ്ദേഹം ഇതുവരെയും പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതിനാലാണ് അഭ്യൂഹങ്ങൾ ശക്തി പ്രാപിച്ചതിനു കാരണമായത്. പ്രസംഗിക്കാനുള്ള ശാരീരിക അവസ്ഥയിലല്ലാത്തതിനാലാണ് മൊജ്താബ ഖമനേയി പൊതുപരിപാടികളിൽ എത്താത്തത് എന്നാണ് അംബാസഡറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പരുക്കുകളിൽ നിന്നും സുഖം പ്രാപിക്കുന്ന ഖമനേയി സുരക്ഷിതാണെന്നും ഇറാനിൽ നിന്നും ഔദ്യോഗിക വിശദീകരണങ്ങളുണ്ട്.

അമേരിക്കൻ ആക്രമണത്തിൽ മൊജ്താബ ഖമനേയി കൊല്ലപ്പെട്ടുവെന്ന അവകാശവാദത്തെ സാധൂകരിക്കുന്നതായിരുന്നു അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ മാറിനിൽക്കൽ. എന്നാൽ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും അധികാരമേറ്റ ശേഷമുള്ള തന്റെ ആദ്യത്തെ പ്രസ്താവന ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ വഴി മൊജ്താബ ഖമനേയി ഇറാൻ ജനതയെ അറിയിച്ചിരുന്നു. ഹോർമുസ് കടലിടുക്കിനെ ആയുധമാക്കാനും അമേരിക്കൻ സൈനിക താവളങ്ങൾ തകർക്കാനുമായിരുന്നു ആഹ്വാനം ചെയ്തത്. ഇറാനെ നിലവിൽ നയിക്കുന്നത് 'ഗോസ്റ്റ് ആയത്തുള്ള' അഥവാ അദൃശ്യനായ നേതാവാണെന്ന തരത്തിലെ ദുരൂഹതകളും ഇതിലൂടെ വർദ്ധിച്ചു. തങ്ങളുടെ രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം വീട്ടാതെ ഇറാൻ യുദ്ധത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും ടെലിവിഷൻ പ്രസ്താവനയിൽ ഉണ്ടായിരുന്നു. കൂടാതെ മേഖലയിലെ എല്ലാ യുഎസ് താവളങ്ങളും ഉടനടി അടച്ചുപൂട്ടാത്ത പക്ഷം വലിയ രീതിയിൽ ആക്രമിക്കപ്പെടുമെന്നും മൊജ്താബ ഭീഷണി മുഴക്കിയിരുന്നു.

English Summary: Former U.S. President Donald Trump said he believes Iran’s new Supreme Leader Mojtaba Khamenei may still be alive, possibly severely injured, contradicting earlier claims that he was killed in a U.S. attack. Reports suggest he was critically wounded during the February 28 Israel-U.S. strike that killed Ali Khamenei. Rumors about his condition continue as he has not appeared publicly since assuming leadership.