പശ്ചിമേഷ്യയില്‍ സമാധാന ചര്‍ച്ചകള്‍ക്ക് ശ്രമം ആരംഭിച്ചതിന് പിന്നാലെയുണ്ടായ തിരിച്ചടി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച്ച രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഇറാന്‍ വെടിവെച്ചിട്ടതോടെ യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ പാകിസ്ഥാന്‍, ഒമാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളും അമേരിക്കയ്ക്ക് ഉപേക്ഷിക്കേണ്ടിവരും. സമാധാന ചര്‍ച്ചകളുമായി ബന്ധപ്പെട്ട ചോദ്യത്തിന് നമ്മളിപ്പോള്‍ യുദ്ധമുഖത്താണെന്നും ഇനി യുദ്ധമാണെന്നുമാണ് ട്രംപ് പ്രതികരിച്ചത്. യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ട ഇറാന്റെ നടപടിയില്‍ കൂടുതല്‍ പ്രതികരിക്കാനും അമേരിക്കന്‍ പ്രസിഡന്റ് തയ്യാറായില്ല.
ഇറാന്‍ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തുന്നത് വരെ ട്രംപിന് വലിയ രാഷ്ട്രീയ തലവേദനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കാണാതായ പൈലറ്റിനെ കണ്ടെത്തുന്നവര്‍ക്ക് പാരിദോഷികം നല്‍കുമെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെ കണ്ടെത്താന്‍ ജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ടെഹ്‌റാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ സ്‌പെഷ്യല്‍ ഫോഴ്‌സാണ് കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷന്‍സ് നയിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച റെസ്‌ക്യൂ മിഷന്‍ വിജയം കൈവരിച്ച സൈനിക വിഭാഗമാണ് യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സസ്. എന്നാല്‍ ഇറാന്റെ ഭൂപ്രകൃതിയില്‍ മിഷന്‍ ശ്രമകരമാവുമെന്നാണ് വിദഗദ്ധരുടെ വിലയിരുത്തല്‍.
കാണാതായ പൈലറ്റുമാര്‍ക്കായി അമേരിക്ക തിരച്ചില്‍ ശക്തമാക്കുന്നതിനിടെ പരിഹസവുമായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖലിബാഫ്. ഇറാന്റെ ഭരണം അട്ടിമറിക്കണമെന്ന ആക്രോശങ്ങള്‍ മാറി, ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? എന്ന തലത്തിലേക്ക് തരംതാഴ്ന്നു അമേരിക്കയെന്ന് അദ്ദേഹം പറഞ്ഞു. എന്തൊരു അവിശ്വസിനീയമായ പുരോഗതിയെന്നും തികഞ്ഞ പ്രതിഭകള്‍ തന്നെയെന്നും സ്പീക്കര്‍ പരിഹസിച്ചു.
രണ്ട് യുദ്ധവിമാനങ്ങളാണ് ഇറാന്റെ വ്യോമപരിധിയില്‍ തകര്‍ന്നുവീണിരിക്കുന്നതെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം ഔദ്യോഗിമായി സ്ഥിരീകരിക്കാന്‍ വാഷിങ്ടണ്‍ തയ്യാറായിട്ടില്ലെങ്കിലും ചിത്രങ്ങളും ദൃശ്യങ്ങളും അടങ്ങിയ തെളിവുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്. യുഎസ് എഫ്-15, എ-10 വാര്‍ത്തോഗ് എന്നീ വിമാനങ്ങളാണ് തകര്‍ന്നുവീണത്. എഫ്-15 യുദ്ധവിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെയാണ് കാണാതായിരിക്കുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹപൈലറ്റിനെ യുഎസ് റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തിയിരുന്നു. അതേസമയം റെസ്‌ക്യൂ മിഷനില്‍ പങ്കെടുത്ത ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍ക്ക് നേരെ ഇറാന്‍ സൈന്യം ശക്തമായ വെടിവെപ്പ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 13 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 247 സൈനികര്‍, 63 നാവികര്‍, 19 മറീന്‍സ്, 36 വ്യോമസൈനികര്‍ എന്നിവര്‍ക്ക് യുദ്ധത്തില്‍ പരുക്കേറ്റതായും സ്ഥിരീകരണമുണ്ട്. അതേസമയം യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ ഔദ്യോഗിക രേഖകളൊന്നും പുറത്തുവിട്ടിട്ടില്ല. ടെല്‍അവീവിലുണ്ടായ നാശനഷ്ട കണക്കുകള്‍ ഇസ്രയേല്‍ മറച്ചുവെക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കയുടെ സൈനിക ബേസുകളിലേക്കുള്ള ആക്രമണങ്ങള്‍ ഇറാന്‍ ശക്തമാക്കിയിട്ടുണ്ട്. ദുബായിലെ ഇന്റര്‍നെറ്റ് സിറ്റിയിലും ദുബായ് മരീനയിലും പ്രതിരോധ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണ് കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബഹ്‌റൈനിലും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മനാമയിലും സിത്രയിലും പ്രതിരോധ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പതിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
English Summary: Amid escalating tensions in West Asia, Donald Trump заявил that there will be no further peace talks with Iran after US warplanes were reportedly shot down, intensifying the conflict.