International

'തെറ്റുകാരൻ ഞാനല്ല'; ഒബാമ ദമ്പതികൾക്ക് എതിരായ വംശീയാധിക്ഷേപത്തിൽ മാപ്പ് പറയില്ലെന്ന് ട്രംപ്

ഒരു സ്റ്റാഫിന് പറ്റിയ പിഴവാണിതെന്നും, അതിനാല്‍ താൻ ഖേദപ്രകടനം നടത്തേണ്ടുന്ന സാഹചര്യമില്ലെന്നുമാണ് ട്രംപിന്റെ വിശദീകരണം

Madism Desk

മുൻ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും, ഭാര്യ മിഷേല്‍ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ വീഡിയോ പങ്കുവെച്ചതിൽ മാപ്പ് പറയില്ലെന്ന് ഡോണാള്‍ഡ് ട്രംപ്. ട്രംപിന്റെ 'ട്രൂത്ത് സോഷ്യല്‍' അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയില്‍ ഒബാമ ദമ്പതികളെ കുരങ്ങുകളായാണ് അവതരിപ്പിച്ചിരിക്കുന്നത്. വിഷയത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പോലും ട്രംപിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ, വിഡിയോ നീക്കം ചെയ്തിട്ടുണ്ട്.

ഈ വിഷയത്തില്‍ താൻ മാപ്പ് പറയില്ലെന്നാണ് ട്രംപിന്റെ നിലപാട്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും, ഒരു സ്റ്റാഫിന് പറ്റിയ പിഴവാണിതെന്നും അതിനാല്‍ താൻ ഖേദപ്രകടനം നടത്തേണ്ടുന്ന സാഹചര്യമില്ലെന്നുമാണ് ട്രംപിന്റെ വിചിത്ര വിശദീകരണം. സ്റ്റാഫിന് പറ്റിയ അബദ്ധമാണതെന്നും, പ്രസിഡന്റ് അറിയാതെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നുമായിരുന്നു വിഷയത്തില്‍ വൈറ്റ് ഹൗസ് നല്‍കിയ വിശദീകരണം. ഇതിനു പിന്നാലെയാണ് മാപ്പ് പറയാന്‍ താൻ തയ്യാറല്ലെന്ന് ട്രംപ് വ്യക്തമാക്കിയത്. വീഡിയോയുടെ അവസാന ഭാഗത്ത് കാണാൻ സാധിക്കുന്ന ആക്ഷേപകരമായ ദൃശ്യങ്ങള്‍ തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും ട്രംപ് വാദിച്ചു.

2020-ൽ നടന്ന യുഎസ് തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ ഗൂഢോലോചന നടന്നുവെന്ന ട്രംപിന്റെ ആരോപണത്തെ ഊട്ടിയുറപ്പിക്കുന്നതാണ് വിഡിയോ ഉള്ളടക്കം. 'ഡൊമിനിയന്‍ വോട്ടിംഗ് സിസ്റ്റംസ്' എന്ന കമ്പനി തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിനാലാണ് താൻ പരാജയപ്പെട്ടത് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ വീഡിയോയില്‍ ട്രംപ് ആവര്‍ത്തിക്കുന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരവുമായി ചേർത്ത് ചിത്രീകരിച്ചിരിക്കുന്നത്.

വിഷയം വലിയ വിവാദത്തിനാണ് തിരികൊളുത്തിയതെങ്കിലും, ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ‍ നൽകുന്നില്ല നിലപാടിലാണ് ഒബാമ ദമ്പതികൾ. ബരാക് ഒബാമയുടെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ട്രംപിന്റെ ഈ ചെയ്‌തിക്കെതിരെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ടിം സ്‌കോട്ട്, റോജര്‍ വിക്കര്‍ എന്നിവർ തങ്ങളുടെ വിമർശനങ്ങൾ അറിയിച്ചു. വംശീയ അധിക്ഷേപത്തിലൂടെ അമേരിക്കന്‍ ചരിത്രത്തിലെ വലിയൊരു 'കറ'യായി ട്രംപ് മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഡെമോക്രാറ്റിക് നേതാക്കള്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍, ഡെമോക്രാറ്റിക് അംഗങ്ങളുടെ നിലപാടിനെ 'വ്യാജ രോഷം' എന്നായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വിശേഷിപ്പിച്ചത്. ട്രംപിനെ പ്രതിരോധിക്കാന്‍ നടത്തിയ ലെവിറ്റിന്റെ ശ്രമവും വിമര്‍ശനം ഏറ്റുവാങ്ങി.

English Summary: Donald Trump refused to apologise after sharing a racially offensive video depicting Barack and Michelle Obama as monkeys, claiming it was a staff error and not his fault.