International

അമേരിക്കൻ ഭൂപടത്തിൽ ഗ്രീൻലൻഡ്; ട്രൂത്തില്‍ പരിഹാസ ചിത്രങ്ങളുമായി ട്രംപ്

ഗ്രീൻലൻഡിനെക്കുറിച്ച് നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റൂട്ടെയുമായി ടെലിഫോൺ സംഭാഷണം നടത്തിയതായി ട്രംപ് പറയുന്നുണ്ട്

Madism Desk

ഗ്രീൻലൻഡിനെയും ഉൾപ്പെടുത്തി പുതിയ അമേരിക്കന്‍ ഭൂപടം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സഖ്യകക്ഷികളെ പരിഹസിക്കുന്നതിനു സമാനമായ രീതിയിലാണ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ആർട്ടിക് ദ്വീപിനെയും കാനഡയെയും വെനസ്വേലയെയും അമേരിക്കൻ പ്രദേശങ്ങളായി ചേർത്ത ഭൂപടം ട്രംപ് പങ്കുവെച്ചിരിക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉർസുല വോൺ ഡെർ ലെയെൻ തുടങ്ങിയവർ ഓവൽ ഓഫീസിൽ ഇരുന്ന് പുതുക്കിയ ഭൂപടം വീക്ഷിക്കുന്നതാണ് ചിത്രത്തിന്‍റെ ഉള്ളടക്കം.

അതേസമയം മറ്റൊരു പോസ്റ്റിൽ, ട്രംപ് പങ്കുവെച്ചിരിക്കുന്നത് വൈസ് പ്രസിഡന്റ് ജെഡി വാൻസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരോടൊപ്പം അദ്ദേഹം ഗ്രീൻലൻഡിൽ യുഎസ് പതാക ഉയർത്തുന്നതായാണ്. ചിത്രത്തിൽ സമീപത്തെ ഒരു ബോർഡിൽ ഗ്രീൻലാൻഡ്, യുഎസ് ടെറിട്ടറി, EST. 2026 എന്ന് എഴുതിയതായി കാണാം

ഗ്രീൻലൻഡ് വിഷയത്തിൽ യൂറോപ്യൻ യൂണിയൻ വലിയ എതിർപ്പ് കാണിക്കില്ലെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഫ്ലോറിഡയിൽ സംസാരിക്കവെ, റഷ്യൻ, ചൈനീസ് സ്വാധീനത്തെ ചെറുക്കുന്നതിനായി ഗ്രീൻലൻഡ് ഒരു ദേശീയസുരക്ഷ ആവശ്യമാണെന്ന് ട്രംപ് പറഞ്ഞു, ഡെന്മാർക്കിന് പ്രതിരോധ ശേഷിയില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതുമായി ബന്ധപ്പെടുത്തി നോർവേ പ്രധാനമന്ത്രി ജോനാസ് ഗർ സ്റ്റോറിക്ക് ട്രംപ് കത്തയയ്ക്കുകയും ചെയ്തിരുന്നു. മറ്റൊരു ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ, ഗ്രീൻലൻഡിനെക്കുറിച്ച് നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റൂട്ടെയുമായി ടെലിഫോൺ സംഭാഷണം നടത്തിയതായി ട്രംപ് പറയുകയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക 'ഭൂമിയിലെ ഏറ്റവും ശക്തമായ രാജ്യമാണ്' എന്നും ട്രംപ് പ്രസ്താവിച്ചു.

English Summary: Donald Trump shared satirical images on Truth Social showing Greenland as part of the US map, mocking NATO allies and reiterating his claim that Greenland is vital to US national security