Donald Trump 
International

'എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാക്കി'; യുദ്ധം അവസാനിപ്പിക്കുമെന്ന് സൂചന നൽകി ട്രംപ്, സമ്മർദ്ദങ്ങൾക്ക് വഴങ്ങിയതെന്ന് വിമർശനം

നേരത്തെ ആഗോള വിപണയിൽ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയർന്നതോടെ ഇറാനിയൻ എണ്ണയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം അമേരിക്ക പിൻവലിച്ചിരുന്നു

Madism Desk

വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൈനിക നടപടികളിലൂടെ ലക്ഷ്യമിട്ട കാര്യങ്ങൾ പൂർത്തീകരിച്ചെന്ന അവകാശവാദത്തോടെയാണ് യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ട്രംപ് സൂചന നൽകിയിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കേണ്ടത് കടലിടുക്ക് ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങൾ തന്നെയാണെന്നും ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് വ്യക്തമാക്കി.

ഇറാനിലെ ഭീകരവാദ കേന്ദ്രങ്ങൾക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നടപടികളിലൂടെ ലക്ഷ്യമിട്ട കാര്യങ്ങളെല്ലാം പൂർത്തീകരിക്കാൻ സാധിച്ചു. അതുകൊണ്ട് സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. മിസൈലുകളും ലോഞ്ചറുകളും അടക്കം ഇറാന്റെ പക്കലുള്ള മുഴുവൻ ആയുധശേഖരവും തകർത്തു, അവരുടെ പ്രതിരോധ സംവിധാനങ്ങൾ തന്നെ ഇല്ലാതാക്കുകയെന്ന ലക്ഷ്യം നിറവേറ്റി. ഇനിയൊരിക്കലും ആണവായുധ നിർമാണത്തെ കുറിച്ച് ഇറാൻ ചിന്തിക്കുക പോലുമില്ല. മറിച്ചൊരു നീക്കമുണ്ടായാൽ, അത് തടയാനും അമേരിക്കയ്ക്കറിയാം. ഇസ്രയേൽ, സൗദി അറേബ്യ, ഖത്തർ, യുഎഇ, ബഹ്‌റൈൻ, കുവൈറ്റ് തുടങ്ങിയ അമേരിക്കയുടെ പശ്ചിമേഷ്യൻ സഖ്യ രാജ്യങ്ങൾക്ക് സുരക്ഷ ഉറപ്പ് നൽകാനായെന്നും ട്രംപ് അവകാശപ്പെട്ടു.

ഹോർമുസ് കടലിടുക്കിലെ സുരക്ഷ സംബന്ധിച്ച് ഇടപെടൽ നടത്തേണ്ടത് വാണിജ്യപാത ഉപയോഗിക്കുന്ന രാജ്യങ്ങളാണ്. കടലിടുക്കിനെ അമേരിക്ക ആശ്രയിക്കാറില്ല!. പക്ഷെ മറ്റ് രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ സഹായിക്കും. ഇറാന്റെ ഭീഷണി അവസാനിച്ചാൽ അത്തരം നടപടികളുടെ ആവശ്യം വേണ്ടി വരുമെന്ന് തോന്നുന്നില്ല. ഓരോ രാജ്യങ്ങൾക്ക് തന്നെ ചെയ്യാവുന്ന സൈനിക നടപടികളുടെ ആവശ്യമെ നിലവിൽ ഹോർമുസിലുള്ളൂ, ട്രംപ് പറ‍ഞ്ഞു.

നേരത്തെ ആഗോള വിപണയിൽ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയർന്നതോടെ ഇറാനിയൻ എണ്ണയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം അമേരിക്ക പിൻവലിച്ചിരുന്നു. വാണിജ്യത്തിനായി കപ്പലുകളിലുളള എണ്ണയ്ക്ക് മേലുള്ള ഉപരോധമാണ് താൽക്കാലികമായി പിൻവലിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ എണ്ണവില പിടിച്ചുനിർത്തുന്നത് മുന്നിൽ കണ്ടാണ് നടപടി. ഇതോടെ ആഗോള വിപണിയിലേക്ക് ഏകദേശം 140 ദശലക്ഷം ബാരൽ എണ്ണയാണ് എത്താനിരിക്കുന്നത്. എന്നാൽ ഈ വിൽപ്പനയിൽ നിന്നും ഇറാന് സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ നിരീക്ഷണം. പുതിയ വാങ്ങലുകൾക്കോ ഉത്പാദനത്തിനോ അനുമതിയില്ലെന്നും അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി.

അതേസമയം, ഗൾഫ് രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങളടക്കം ലക്ഷ്യം വെച്ചുള്ള ഇറാന്റെ ആക്രമണങ്ങൾ തുടരുകയാണ്. യുദ്ധത്തിൽ നിന്നും ഏകപക്ഷീയമായി ട്രംപ് പിന്മാറുകയും ഇസ്രയേൽ ആക്രമണം നിർത്തുകയും ചെയ്താൽ യുദ്ധം അവസാനിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിരീക്ഷണം. പക്ഷേ ആഗോള സാമ്പത്തിക ഘടനയ്ക്ക് യുദ്ധം സൃഷ്ടിച്ച ആഘാതം സംഘർഷം അവസാനിച്ചാലും തുട‌ർന്നേക്കും.

English Summary: US President Donald Trump signaled readiness to end the war against Iran, claiming key military objectives were achieved. However, the move has drawn criticism as yielding to pressure amid ongoing tensions and economic impacts.