International

വിജയമോ കീഴടങ്ങലോ? വെടിനിർത്തൽ ഇറാനിൽ, കൊണ്ടത് മാഗയിൽ; ട്രംപിന്റെ പ്രസ്ഥാനത്തില്‍ കടുത്ത ഭിന്നത

വെടിനിർത്തൽ സംബന്ധിച്ച് ട്രംപ് വലിയ അവകാശവാദങ്ങള്‍ ഉയര്‍ത്തുമ്പോഴും അദ്ദേഹത്തിന്റെ വിശ്വസ്തരില്‍ പലരും ഇത് അംഗീകരിക്കുന്നില്ല

Madism Desk

ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയാറായത് അമേരിക്കയുടെ കീഴടങ്ങലായും അതേസമയം തന്നെ അടുത്ത നീക്കത്തിനുള്ള തന്ത്രമാന്നെും വിലയിരുത്തപ്പെടുന്നുണ്ട്. ഒന്നര മാസത്തോളം നീണ്ട അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്‍ തകര്‍ന്നുതരിപ്പണമായെന്നും യുറേനിയം സമ്പുഷ്ടീകരണത്തിനു തടയിടാന്‍ കഴിഞ്ഞെന്നും രാഷ്ട്രീയനേതൃ മാറ്റത്തിനു വഴിയൊരുക്കിയെന്നുമാണ് ട്രംപിന്റെ അവകാശവാദം. അന്തിമ സമാധാന ഉടമ്പടി നിലവില്‍ വരുന്നതുവരെ യുഎസ് സേന മേഖലയില്‍ തുടരുമെന്നും ട്രംപ് പറയുന്നു. എന്നാല്‍ വെടിനിര്‍ത്തലിന് അമേരിക്ക നിര്‍ബന്ധമാവുകയായിരുന്നുവെന്നും ഇത് തങ്ങളുടെ വിജയമാണെന്നുമാണ് ഇറാന്‍ അവകാശപ്പെടുന്നത്. തങ്ങള്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ ട്രംപ് നിര്‍ബന്ധിതമായെന്നും ഇറാന്‍ പറയുന്നു.

ട്രംപ് വലിയ അവകാശവാദങ്ങള്‍ ഉയര്‍ത്തുമ്പോഴും അദ്ദേഹത്തിന്റെ വിശ്വസ്തരില്‍ പലരും ഇത് അംഗീകരിക്കുന്നില്ലെന്നതാണ് അമേരിക്കയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍, ട്രംപിന്റെ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' (മാഗ) പ്രസ്ഥാനത്തില്‍ ശക്തമായ ഭിന്നതകളാണ് നിലനില്‍ക്കുന്നത്. പ്രസ്ഥാനത്തിലെ പ്രമുഖരില്‍ ചിലര്‍ അദ്ദേഹത്തിനു ന്യായീകരണം തീര്‍ക്കുമ്പോള്‍ മറ്റു ചിലര്‍ ട്രംപ് വഞ്ചിച്ചുവെന്ന് ആരോപിക്കുന്നു.

ട്രംപിന്റെ യുദ്ധം ഇറാന്റെ കൈകള്‍ അബദ്ധവശാല്‍ ശക്തിപ്പെടുത്തിയതല്ലാതെ മറ്റൊന്നും നേടിയില്ലെന്ന വിമര്‍ശനം മാഗ ക്യാമ്പില്‍ ശക്തമാണ്. അദ്ദേഹം 'വീമ്പിളക്കല്‍' നിര്‍ബാധം തുടരുമ്പോഴും ഒരു മാസത്തിലേറെ യുദ്ധത്തിനൊടുവില്‍ ഇറാന്റെ പക്കല്‍ ഇപ്പോള്‍ സമ്പുഷ്ട യുറേനിയത്തിന്റെ വലിയ ശേഖരമുണ്ടെന്നതും ഹോര്‍മുസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണെന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ട്രംപിന് അപമാനകരമായ പരാജയം നേരിടേണ്ടി വന്നതായി ഡെമോക്രാറ്റുകളും മറ്റ് വിമര്‍ശകരും പറയുന്നു.

'അമേരിക്ക ഒന്നും നേടിയിട്ടില്ല, ശത്രു അതിജീവിക്കുന്നു'

ശത്രു ഇപ്പോഴും ശത്രുവായി തുടരുന്നുവെന്നും അവര്‍ ഇപ്പോഴും അതിജീവിക്കുന്നുവെന്നുമാണ് കടുത്ത യുദ്ധാനുകൂലിയായ ഫോക്‌സ് ന്യൂസ് അവതാരകന്‍ മാര്‍ക്ക് ലെവിന്‍ തന്റെ പ്രേക്ഷകരോട് പറഞ്ഞത്. പ്രസിഡന്റ് ട്രംപിനെ വിശ്വാസമുണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു മാര്‍ക്ക് ഇക്കാര്യം കൂട്ടിച്ചേര്‍ത്തത്. ''അവരുടെ സൈന്യം നശിപ്പിക്കപ്പെട്ടേക്കാം, പക്ഷേ കമ്മ്യൂണിസ്റ്റ് ചൈന ഇപ്പോഴും അവരെ സഹായിക്കും, പുനര്‍നിര്‍മാണത്തിനു റഷ്യ സഹായിക്കും. അതിനാല്‍ ഇത് അവസാനിച്ചിട്ടില്ല,'' മാര്‍ക്ക് പറഞ്ഞു.

പ്രസിഡന്റ് ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ലെന്നാണ് കരുതുന്നതെന്നും അത് സാധ്യമാക്കാന്‍ അദ്ദേഹം എന്തെങ്കിലും വഴി കണ്ടെത്തുമെന്ന് വിശ്വാസമുണ്ടെന്നും ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ് ഷോയുടെ സഹാവതാരകനായ ലോറന്‍സ് ജോണ്‍സ് പറഞ്ഞു. ''നമ്മുടെ സൈനികര്‍ക്ക് വിശ്രമം ലഭിക്കാനും ഒടുവില്‍ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന് നോക്കാനും പ്രസിഡന്റ് ഈ രണ്ടാഴ്ച ഉപയോഗിക്കുകയാണോ? നമുക്ക് കാണാം,'' ലോറന്‍സ് കൂട്ടിച്ചേര്‍ത്തു.

ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സി (ഐആര്‍ജിസി)നെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന വെടിനിര്‍ത്തല്‍ സമാധാനമല്ലെന്നാണ് എഴുത്തുകാരനും 'മാഗ ജൂതന്‍' എന്ന സ്വയം വിശേഷിപ്പിക്കുന്നയാളുമായ മാത്യു ഫീന്‍ബര്‍ഗ് പറഞ്ഞത്. ''അത് അനുമതിയാണ്, പുനഃസംഘടിപ്പിക്കാനുള്ള അനുമതി. വീണ്ടും ചെയ്യാനുള്ള അനുമതി. അതൊരു വിജയമല്ല. അതൊരു കാലതാമസമാണ്,'' മാത്യു എക്‌സില്‍ കുറിച്ചു.

ഇപ്പോഴത്തെ സ്ഥിതി വിശേഷത്തില്‍ കടുത്ത നിരാശയാണ് യുദ്ധകാലത്ത് ട്രംപിന്റെ കടുത്ത പിന്തുണക്കാരിയായ ആക്ടറിവിസ്റ്റ് ലോറ ലൂമര്‍ പ്രകടിപ്പിച്ചത്. ''ഈ ചര്‍ച്ച അമേരിക്കയ്ക്കു നല്ലതല്ല. വെടിനിര്‍ത്തലില്‍നിന്ന് അമേരിക്കയ്ക്ക് ഒന്നും ലഭിച്ചില്ല. ഇറാനിലെ തീവ്രവാദികള്‍ ആഘോഷിക്കുകയാണ്. എന്തുകൊണ്ടാണ് ആളുകള്‍ ഇത് ഒരു വിജയമാണെന്ന് പറയുന്നത് അറിയില്ല,'' ഇസ്ലാമോഫോബിസ്റ്റ് എന്ന് സ്വയം അവകാശപ്പെടുന്നയാളായ ലോറ എക്‌സില്‍ കുറിച്ചു.

കീഴടങ്ങല്‍ എന്ന വാദം പരിഹാസ്യമെന്നു വിശ്വസ്തര്‍

അതേസമയം, വലതുപക്ഷ വിമര്‍ശകനും ചലച്ചിത്ര നിര്‍മ്മാതാവുമായ ദിനേശ് ഡിസൂസ ഉള്‍പ്പെടെയുള്ള മാഗവിശ്വസ്തര്‍ ട്രംപിനെ പ്രതിരോധിക്കുകയാണ്.

ട്രംപ് വീണ്ടും വിമര്‍ശകരെ മറികടക്കുകയാണെന്നും അവരുടെ ആന്തരിക ഭിന്നതകള്‍ അദ്ദേഹം വീണ്ടും തുറന്നുകാട്ടുകയാണെന്നും ദിനേശ് ഡിസൂസ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താന്‍ തന്നെയാണ് നേതാവെന്ന് ട്രംപ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാഗ ബേസ് ട്രംപിനെ വിശ്വസിക്കുന്നുവെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ യഥാര്‍ത്ഥവും പ്രവര്‍ത്തനക്ഷമവുമായ ഇന്റലിജന്‍സില്‍ അധിഷ്ഠിതമാണെന്ന് കരുതുന്നതായും അമേരിക്കന്‍ കണ്‍സര്‍വേറ്റീവ് യൂണിയന്റെ ചെയര്‍മാനായ മാറ്റ് ഷ്‌ലാപ്പും പറഞ്ഞു.

അമേരിക്കന്‍ കീഴടങ്ങല്‍ എന്ന വാദം പരിഹാസ്യമാണെന്നാണ് 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണത്തിന്റെ ചുമതലക്കാരനും രാഷ്ട്രീയ ഉപദേഷ്ടാവുമായ അലക്‌സ് ബ്രൂസെവിറ്റ്‌സ് പറഞ്ഞത്. ട്രംപ് ഇറാനിയന്‍ ഭരണകൂടത്തെ തകര്‍ത്തുവെന്നും അവരുടെ സൈനിക ശേഷികളില്‍ ഭൂരിഭാഗവും നശിപ്പിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

യു എസ് കോണ്‍ഗ്രസിലെ മാഗ അംഗങ്ങളില്‍ മിക്കവരും പുതിയ സാഹചര്യം സംബന്ധിച്ച് നിശബ്ദരാണ്. ട്രംപിന് തെറ്റായ ഉപദേശം ലഭിക്കുന്നുണ്ടാകാമെന്നു കരുതുന്നവരാണ് ഇവരില്‍ പലരും. പ്രസിഡന്റില്‍ വിശ്വാസം അര്‍പ്പിക്കുമ്പോഴും യുദ്ധവിരാമം സംബന്ധിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചയുടെ രേഖയില്‍ അസ്വസ്ഥതകള്‍ നിറഞ്ഞ ചില വശങ്ങളുണ്ടെന്നാണ് ലിന്‍ഡ്‌സെ ഗ്രഹാം പറയുന്നത്. സെനറ്റിലെ ഏറ്റവും യുദ്ധാനുകൂല റിപ്പബ്ലിക്കന്‍ അംഗമെന്നു വിശേഷിപ്പിക്കാവുന്നയാളാണ് ലിന്‍ഡ്‌സെ.

സര്‍വേ പറയുന്നത്

ട്രംപിന്റെ രണ്ടാം ഭരണകാലത്ത് അദ്ദേഹം സ്വീകരിച്ച വിപുലീകരണവാദ വിദേശനയം മാഗ പ്രസ്ഥാനത്തെ പിടിച്ചുലച്ചിരുന്നു. പല പ്രധാനികളും അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് തുടരുകയാണെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ പറയുന്നത്. എന്നാല്‍ വിദേശത്തെ സൈനിക പ്രതിബദ്ധതകള്‍ അവസാനിപ്പിക്കുന്നതിനുള്ള 'അമേരിക്ക ആദ്യം' എന്ന നയം ഉപേക്ഷിച്ചതിന് ചില പ്രമുഖ പോഡ്കാസ്റ്റര്‍മാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും ട്രംപിനെ എതിര്‍ക്കുയാണ്.

2024 മുതല്‍, ഇറാനെക്കുറിച്ചുള്ള ട്രംപിന്റെ നയരൂപീകരണത്തില്‍ റിപ്പബ്ലിക്കന്‍മാരുടെ വിശ്വാസത്തില്‍ 18 പോയിന്റ് ഇടിവ് ഉണ്ടായിട്ടുണ്ടെന്നാണ് മാര്‍ച്ച് അവസാനം നടന്ന പ്യൂ റിസര്‍ച്ച് സര്‍വേയിലെ കണ്ടെത്തല്‍. അതേസമയം, ഇറാന്റെ കാര്യത്തില്‍ മികച്ച തീരുമാനങ്ങളെടുക്കാനുള്ള ട്രംപിന്റെ കഴിവില്‍ 65 വയസും അതിനു മുകളിലമുള്ള റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് വളരെയധികം വിശ്വാസമുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.

English summary: The decision by Donald Trump to agree to a ceasefire with Iran has become a flashpoint within his Make America Great Again (MAGA) movement, exposing deeper ideological divisions, as some supporters view it as a tactical pause in a broader strategy while others see it as contradicting the “America First” principle by prolonging foreign involvement without clear gains; critics argue the move leaves Iran still capable and weakens U.S. objectives, whereas loyalists continue to trust Trump’s leadership, highlighting a broader identity struggle within the Republican base between interventionist and non-interventionist approaches and reflecting declining confidence in his Iran policy among certain segments of supporters.