International

ഇന്ധനക്ഷാമം; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ ബോംബാക്രമണം നടത്തി അമേരിക്ക

തങ്ങളുടെ രാജ്യത്തിന് മേൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഇറാൻ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചുപൂട്ടിയത്

Madism Desk

പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ ഇറാൻ ഭാഗികമായടച്ച ഹോർമുസ് കടലിടുക്ക് തുറന്നു കിട്ടുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി, ഇറാൻ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെ ശക്തമായ ബോംബാക്രമണം. ഭൂമിക്കടിയിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ള ഏകദേശം 2,268 കിലോ ഗ്രാം (5,000 പൗണ്ട്) ഭാരമുള്ള 'ഡീപ് പെനട്രേറ്റർ' ബോംബുകളാണ് ഇറാൻ്റെ തീരപ്രദേശങ്ങളിലുള്ള ഒളിത്താവളങ്ങളെ ലക്ഷ്യം വെച്ച് അമേരിക്ക പ്രയോഗിച്ചത്. ഈ സൈനിക നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ഇറാൻ ക്രൂയിസ് മിസൈലുകളുടെ നാശമാണെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കിയത്.

തങ്ങളുടെ രാജ്യത്തിന് മേൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഇറാൻ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചുപൂട്ടിയത്. ആഗോള എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന നിർണ്ണായക പാതയാണ് ഹോർമുസ്. ഇറാന്റെ ഈ ഉപരോധം തീർക്കലിലൂടെ ആഗോളതലത്തിൽ ഊർജ്ജ വിലയിൽ വാൻ വർധനവാണ് സംഭവിച്ചത്. കൂടാതെ സമുദ്ര ഗതാഗതം തന്നെ തടസ്സപ്പെടാനും കാരണമായി തീർന്നു. ഈ ആഗോള പ്രതിസന്ധിക്ക് കാരണം അമേരിക്കയാണെന്ന തരത്തിലുള്ള ലോകരാഷ്ട്രങ്ങളുടെ പഴിചാരലുകൾ എത്തിയ സാഹചര്യത്തിലാണ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കം ചെയ്ത് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനായി സൈനിക നടപടിയിലേക്ക് അമേരിക്ക എത്തിയത്.

കഠിനമായ പാറക്കെട്ടുകൾക്കും കോൺക്രീറ്റ് പാളികൾക്കും അടിയിൽ ഒളിപ്പിച്ചിരിക്കുന്ന സൈനിക ലക്ഷ്യങ്ങളെ തകർക്കാൻ ഉപയോഗിക്കുന്ന 'ബങ്കർ ബസ്റ്റർ' ബോംബുകൾക്ക് ഒന്നിന് ഏകദേശം 2,88,000(ഏകദേശം 26,078,400 രൂപ) ഡോളറാണ് വില കണക്കാക്കുന്നത്. ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ തകർക്കാൻ കഴിഞ്ഞ വർഷം അമേരിക്ക ഉപയോഗിച്ച 30,000 പൗണ്ട് ബോംബുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രഹരശേഷി കുറവാണെങ്കിലും മിസൈൽ കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിന് ഇവ പര്യാപ്തമാണെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.

English Summary: Amid the escalating West Asian conflict, the United States launched airstrikes on Iran missile bases using bunker-buster bombs to counter threats to shipping and reopen the Strait of Hormuz. The move aims to secure global oil routes after Iran’s partial blockade disrupted energy supplies and increased fuel prices worldwide.