International

യുദ്ധം വേണ്ടെന്ന് യുഎസ് കോൺ​ഗ്രസ്, പിന്തുണച്ച് റിപ്പബ്ലിക്കൻ അം​ഗങ്ങളും; സ്വന്തം പാർട്ടിയിലും അടിതെറ്റുന്ന ട്രംപ്

ട്രംപിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന പ്രമേയത്തെ പിന്താങ്ങി നാല് റിപ്പബ്ലിക്കൻ പ്രതിനിധകൾ വോട്ടുചെയ്തു

Madism Desk

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ തീരുമാനമാകാതെ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ, അമേരിക്കൻ രാഷ്ട്രീയത്തിലും നിർണായകമായ വഴിത്തിരിവാണ് രൂപപ്പെടുന്നത്. ഇറാനെതിരായ സൈനിക നടപടികളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി യുഎസ് ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയത്തെ നാല് റിപ്പബ്ലിക്കൻ പ്രതിനിധകളാണ് പിന്താങ്ങി വോട്ടുചെയ്തത്. യുദ്ധത്തിലെ ട്രംപിന്റെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ വളരുന്ന അസ്വസ്ഥതയുടെകൂടി സൂചനയാണിത്.

215-208 എന്ന ഭൂരിപക്ഷത്തിലാണ് പ്രമേയം പാസായത്. അമേരിക്കൻ ഭരണഘടന യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോൺഗ്രസിനാണ് നൽകുന്നത്. എന്നാൽ കോൺഗ്രസിന്റെ വ്യക്തമായ അംഗീകാരമില്ലാതെ ട്രംപ് ഇറാനെതിരായ സൈനിക നടപടികൾ വിപുലീകരിക്കുന്നുവെന്ന വിമർശനമാണ് ഈ നീക്കത്തിന് പിന്നിൽ. റിപ്പബ്ലിക്കൻ അംഗങ്ങളായ തോമസ് മാസേ, ബ്രയാൻ ഫിസ്പാട്രിക്, ടോം ബാരെറ്റ്, വാറെൻ ‍ഡേവിസൺ എന്നിവർ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്നാണ് പ്രമേയത്തെ പിന്തുണച്ചത്. മുമ്പ് ഇത്തരം നീക്കങ്ങളെ എതിർത്തിരുന്ന ഡെമോക്രാറ്റിക് അംഗം ജറേദ് ​ഗോൾഡൻ ഇത്തവണ പിന്തുണ നൽകുകയും ചെയ്തു.

ജനപ്രതിനിധി സഭയുടെ ഈ തീരുമാനം ഉടൻ യുദ്ധം അവസാനിപ്പിക്കുമെന്നോ പ്രസിഡന്റിന്റെ അധികാരം നേരിട്ട് ഇല്ലാതാക്കുമെന്നോ അർഥമില്ല. റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സെനറ്റിന്റെ അംഗീകാരവും തുടർന്ന് ട്രംപിന്റെ ഒപ്പും ലഭിക്കണം. ട്രംപ് വീറ്റോ ചെയ്താൽ രണ്ട് സഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടേണ്ടതുമുണ്ട്. അതിനാൽ നിയമപരമായ തടസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.

എന്നിരുന്നാലും രാഷ്ട്രീയമായി ഈ വോട്ടെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. ട്രംപിന്റെ വിദേശനയത്തോട് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ പോലും സംശയങ്ങളും എതിർപ്പുകളും ശക്തമാകുന്നുവെന്ന സന്ദേശമാണ് ഇത് നൽകുന്നത്. യുദ്ധച്ചെലവും എണ്ണവില വർധനയും അമേരിക്കയെ മറ്റൊരു ദീർഘകാല പശ്ചിമേഷ്യൻ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന ആശങ്കയും ചില റിപ്പബ്ലിക്കൻ അംഗങ്ങളെ പാർട്ടി നിലപാടിനെതിരെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു.

അതുകൊണ്ടുതന്നെ, ഈ പ്രമേയത്തിന്റെ ഭാവി സെനറ്റിലും വൈറ്റ് ഹൗസിലും തീരുമാനിക്കപ്പെടുമെങ്കിലും, ട്രംപിന്റെ ഇറാൻ നയത്തെക്കുറിച്ചുള്ള അമേരിക്കൻ രാഷ്ട്രീയത്തിലെ ഭിന്നത ഇപ്പോൾ പരസ്യമായിരിക്കുകയാണ്.

English Summary: The US House of Representatives passed a resolution aimed at limiting President Donald Trump's authority to take further military action against Iran. The measure passed 215-208, with four Republicans joining Democrats in a rare bipartisan rebuke of Trump's war policy. While the resolution still faces hurdles in the Senate and could be vetoed by Trump, it highlights growing divisions within the Republican Party. The vote reflects increasing concern in Congress over executive war powers and the risk of a prolonged conflict in the Middle East.