International

അമേരിക്കയുടെ പ്രതിരോധ മിസൈലുകൾ തീർന്നോ? യുദ്ധത്തിൽ നിന്ന് പിന്മാറുമോ ട്രംപ്; ചൂടുപിടിച്ച് പുതിയ ചർച്ചകൾ

നിലവിൽ അമേരിക്കയുടെ പൊതു കടം 38.9 ട്രില്യൺ ഡോളറിലെത്തിയെന്നും വാഷിങ്ടൺ പോസ്റ്റിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Madism Desk

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കയുടെ പ്രതിരോധ ബജറ്റും വീണ്ടും ചർച്ചകളിൽ ഇടംനേടുകയാണ്. ഇറാന്റെ ഡ്രോണുകൾ അമേരിക്കയ്ക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധിയാണ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. വെറും 2000 യുഎസ് ഡോളറുകൾ ചിലവുള്ള ഡ്രോണുകളെ പ്രതിരോധിക്കാനായി അമേരിക്ക ഉപയോ​ഗിക്കുന്ന പ്രതിരോധ സംവിധാനങ്ങൾ വമ്പൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നാണ് അന്താരാഷ്ട്ര തലത്തിലുള്ള യുദ്ധ നിരീക്ഷരുടെ വിലയിരുത്തൽ. കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി ആയിരക്കണക്കിന് ഡ്രോണുകളാണ് ഇറാൻ അമേരിക്കയുടെ ​ഗൾഫ് എയർബേസുകളെ ആക്രമിക്കാനായി ഉപയോ​ഗിച്ചത്. ഷാഹിദ് ഡ്രോണുകളെ പ്രതിരോധിക്കാൻ ഉപയോ​ഗിക്കുന്ന മിസൈലുകൾക്ക് മില്യണിലധികം ഡോളർ ചിലവുണ്ടെന്നാണ് വിവരം.

ഏകദേശം 1 ട്രില്യൺ ഡോളറിലധികം അമേരിക്ക കഴിഞ്ഞ ദിവസങ്ങളിലായി കടമെടുത്തുവെന്നും യുദ്ധം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാക്കുമെന്നും വിലയിരുത്തലുകളുണ്ട്. നിലവിൽ അമേരിക്കയുടെ പൊതു കടം 38.9 ട്രില്യൺ ഡോളറിലെത്തിയെന്നും വാഷിങ്ടൺ പോസ്റ്റിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാനുമായി യുദ്ധപ്രഖ്യാപന വേളയിൽ ‍യുഎസ് ഭരണകൂടം പ്രതീക്ഷിച്ചിരുന്ന ചിലവിനേക്കാൾ പതിന്മടങ്ങ് പുതിയ സാഹചര്യത്തിൽ ചിലവഴിക്കേണ്ടിവരുമെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യ ഡ്രോണുകളും യുദ്ധ തന്ത്രങ്ങളും ഇറാന് കൈമാറുകയാണെങ്കിൽ യുദ്ധം അനിശ്ചിതമായി നീണ്ടുനിൽക്കുമെന്നും സൂചനയുണ്ട്.

ഹോർമൂസിലെ ചരക്ക് ​ഗതാ​ഗതം പൂർണമായും നിലയ്ക്കുന്നതോടെ പുതിയ സാമ്പത്തിക ഊർജ പ്രതിസന്ധി ആ​ഗോളതലത്തിൽ രൂപപ്പെടുമെന്നും ഇതും അമേരിക്കൻ സമ്പദ്ഘടനയെ ബാധിക്കുമെന്നും സൂചനകളുണ്ട്.

യുദ്ധം ആരംഭിച്ച് ആദ്യ ആറ് ദിവസത്തിനിടെ അമേരിക്കയ്ക്ക് ചെലവായത് ഏകദേശം 11.3 ബില്യൺ (ഒരു ലക്ഷം കോടി) ഡോളറിലധികമെന്നാണ് റിപ്പോർട്ട്. ആദ്യഘട്ട ആക്രമണങ്ങൾക്ക് മുന്നോടിയായുള്ള സൈനിക സന്നാഹങ്ങൾ, ഉദ്യോഗസ്ഥ വിന്യാസം തുടങ്ങിയവയ്ക്കുള്ള ചിലവുകൾ ഉൾപ്പെടുത്താതെയാണ് ഈ കണക്കുകൾ. ​ഗൾഫിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കായി കോടിക്കണക്കിന് ഡോളറുകളും അമേരിക്ക ചിലവിട്ട് കഴിഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിക്കാൻ അമേരിക്കയ്ക്ക് കൂടുതൽ സംവിധാനങ്ങൾ ഇനിയും ഒരുക്കേണ്ടി വരും, ഇത് വീണ്ടും ബജറ്റിനെ ബാധിക്കും. ഹോർമൂസിലെ ചരക്ക് ​ഗതാ​ഗതം പൂർണമായും നിലയ്ക്കുന്നതോടെ പുതിയ സാമ്പത്തിക ഊർജ പ്രതിസന്ധി ആ​ഗോളതലത്തിൽ രൂപപ്പെടുമെന്നും ഇതും അമേരിക്കൻ സമ്പദ്ഘടനയെ ബാധിക്കുമെന്നും സൂചനകളുണ്ട്.

English Summary: Rising tensions in West Asia have sparked debate over the military spending of the United States as it counters low-cost drones launched by Iran. Reports suggest that expensive missile defense systems are being used to intercept cheaper drones, raising concerns about the war’s economic impact and pressure on the U.S. administration led by Donald Trump.