International

അമേരിക്കയ്ക്ക് പുടിനെ പേടിയോ? ക്യൂബയ്ക്ക് മേലുള്ള നിരോധനം പിന്‍വലിച്ച് ട്രംപ്, ഇന്ധനവുമായി റഷ്യന്‍ ടാങ്കർ ഉടനെത്തും

റഷ്യയുമായുള്ള സമുദ്ര ഏറ്റുമുട്ടലുകൾ ഒഴിവാക്കുന്നതോ റഷ്യൻ എണ്ണയുടെ ആഗോളനീക്കം സുഗമമാക്കുന്നതോ ലക്ഷ്യമിട്ടാവാം ഇളവ് നൽകിയത് എന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ

Madism Desk

വാഷിങ്ടൺ: രൂക്ഷമായ ഊർജ പ്രതിസന്ധിക്കിടയിൽ ക്യൂബയ്ക്ക് ആശ്വാസം നൽകുന്ന നയമാറ്റ പ്രഖ്യാപനവുമായി അമേരിക്ക. എണ്ണ ഉപഭോഗവുമായി ബന്ധപ്പെട്ട് രാജ്യങ്ങൾക്ക് മേൽ അമേരിക്കയുടെ ശക്തമായ ഉപരോധം തുടരുന്നതിനിടയിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയമാറ്റം. റഷ്യയുടെ ഭീമൻ ക്രൂഡ് ഓയിൽ ടാങ്കറിനു ക്യൂബയിലേക്ക് പ്രവേശിക്കാൻ അമേരിക്ക അനുമതി നൽകിയെന്നാണ് റിപ്പോർട്ടുകൾ. ക്യൂബയുടെ പ്രതിസന്ധി മറികടക്കാൻ എണ്ണയുമായി വരുന്ന റഷ്യൻ പതാക വഹിച്ച കപ്പലുകൾക്ക് അമേരിക്കയുടെ ഭാഗത്തു നിന്നും തടസങ്ങൾ ഉണ്ടാവുകയില്ലെന്നാണ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചിരിക്കുന്നത്. ക്യൂബൻ സർക്കാരിനു മേലുള്ള അമേരിക്കൻ സമ്മർദ്ദങ്ങൾ അപ്രതീക്ഷിത മാറ്റമാണിതെന്നാണ് വിലയിരുത്തൽ. ഉപരോധം പിൻവലിക്കുന്നതിലൂടെ ക്യൂബ നേരിടുന്ന കടുത്ത ഊർജ്ജ പ്രതിസന്ധിയ്ക്കും ഇന്ധനക്ഷാമത്തിനും താത്കാലിക ആശ്വാസമാവും. ഏകദേശം 7,30,000 ബാരൽ എണ്ണ വഹിച്ച് റഷ്യൻ ടാങ്കറായ 'അനാറ്റോലി കൊളോഡ്കിൻ' (Anatoly Kolodkin) ക്യൂബൻ തീരത്തെത്തും.

റഷ്യയുമായുള്ള സമുദ്ര ഏറ്റുമുട്ടലുകൾ ഒഴിവാക്കുന്നതോ റഷ്യൻ എണ്ണയുടെ ആഗോളനീക്കം സുഗമമാക്കുന്നതോ ലക്ഷ്യമിട്ടാവാം ഇളവ് നൽകിയത് എന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. ട്രംപിന്റെ ഈ അസാധാരണ നീക്കം അന്താരാഷ്ട്ര രാഷ്ട്രീയ ബന്ധങ്ങളിൽ വരുത്താൻ സാധ്യതയുള്ള മാറ്റങ്ങൾ എന്താണെന്ന് അറിയാൻ ലോകവും ഉറ്റുനോക്കുകയാണ്. കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലനിൽക്കുന്ന ക്യൂബൻ ദ്വീപ് രാഷ്ട്രത്തിനുമേൽ സമീപകാലത്ത് അമേരിക്ക സമ്മർദ്ദം ശക്തമാക്കിയിരുന്നു. എണ്ണയ്ക്കായി ക്യൂബ പ്രധാനമായും ആശ്രയിച്ചിരുന്ന വെനസ്വേലയിൽനിന്നുള്ള എണ്ണ വിതരണത്തെ അമേരിക്ക തടയുകയും മറ്റ് വിതരണക്കാർക്ക് മേൽ അധികനികുതി ഭീഷണി മുഴക്കുകയും ചെയ്തത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

സമ്മർദ്ദങ്ങളുടെ ഭാഗമായി ക്യൂബയെ 'അസാധാരണ ഭീഷണി' മുഴക്കുന്ന രാജ്യമായി അമേരിക്ക ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഉപരോധങ്ങൾ മൂലം നഗരങ്ങളിലേക്കുള്ള വൈദ്യുതി വിതരണം നിലയ്ക്കുകയും മാലിന്യങ്ങൾ കുന്നുകൂടുകയും ചെയ്തതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ, കടുത്ത ഊർജ്ജക്ഷാമം മൂലം രോഗികളെ പ്രവേശിപ്പിക്കാനും ശസ്ത്രക്രിയകൾ ചെയ്യാനും സാധിക്കാതെ ആരോഗ്യമേഖല വലിയ പ്രയാസങ്ങൾ നേരിടുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ചൊവ്വാഴ്ച്ചയോടു കൂടി കപ്പൽ മാറ്റാൻ സാസ് (Matanzas) ക്യൂബൻ തുറമുഖത്ത് എത്തിയേക്കും എന്നാണ് നിലവിലെ വിവരം. ഞായറാഴ്ച എയർഫോഴ്‌സ് വണ്ണിൽവെച്ച് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ്, ഒരു ടാങ്കർ ക്യൂബയിലേക്ക് പോകുന്നുണ്ടെന്നും ക്യൂബയ്ക്ക് അതിജീവിക്കേണ്ടതിനാൽ, ഒരു ബോട്ട് നിറയെ സാധനങ്ങൾ ആരെങ്കിലും എത്തിച്ചാലും അമേരിക്കയ്ക്ക് വിരോധമില്ലെന്നുമായിരുന്നു ട്രംപ് എണ്ണ കപ്പലുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. സൈനിക നടപടിയിലൂടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ജനുവരിയിൽ അമേരിക്ക പിടികൂടിയതോടെയായിരുന്നു ക്യൂബയിലേക്കുള്ള എണ്ണവിതരണത്തിനു തടസം നേരിടാൻ ആരംഭിച്ചത്. തുടർന്ന് ക്യൂബയ്ക്ക് ഇന്ധനം നൽകുന്ന രാജ്യങ്ങൾക്കെതിരെയും ട്രംപ് ഭരണകൂടം ഭീഷണി ഉയർത്തിയതോടെ മെക്‌സിക്കോയും കയറ്റുമതി നിർത്തിവെച്ചിരുന്നു. ഇന്ധനക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ പവർ ഗ്രിഡുകൾ തകരാറിലാവുകയും നഗരങ്ങൾ പലതും ഇരുട്ടിലാകുകയും ചെയ്തു. ഇന്ധനക്ഷാമം പൊതുസേവനങ്ങളെയും ഭക്ഷ്യഗതാഗതത്തെയും കാര്യമായി ബാധിച്ചതോടെ ജനങ്ങൾ തെരുവുകളിലിറങ്ങി പ്രതിഷേധങ്ങൾ തുടങ്ങി. ദ്വീപിന് നൽകാൻ സാധിക്കുന്ന സഹായങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ക്യൂബൻ സർക്കാരുമായി ബന്ധപ്പെടുന്നതായി കഴിഞ്ഞയാഴ്ച റഷ്യ അറിയിച്ചിരുന്നു.

അതേസമയം, ടാങ്കർ കടന്നുപോകാൻ അനുവദിക്കുന്നത്തിലൂടെ അമേരിക്ക റഷ്യൻ പ്രസിഡന്റ് വ്‌ളാട്മിർ പുടിനെ സഹായിക്കുകയാണെന്ന തരത്തിലെ വാദങ്ങളെ ട്രംപ് തള്ളി. 'അദ്ദേഹത്തിന് ഒരു ബോട്ട് എണ്ണ നഷ്ടപ്പെടും, അത്രമാത്രമാണ് സംഭവിക്കുനന്ത് എന്നും അദ്ദേഹം അത് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ തങ്ങൾക്ക് വലിയ കുഴപ്പമില്ലെന്നുമാണ് ട്രംപ് മറുപടി പറഞ്ഞത്.

English Summary: The US has eased pressure on Cuba by allowing Russian oil shipments despite ongoing sanctions. President Donald Trump’s move is seen as temporary relief for Cuba’s severe energy crisis, while raising questions about global political implications.