International

ഗ്രീന്‍ കാര്‍ഡ് വ്യവസ്ഥകളില്‍ യു ടേണ്‍; അപേക്ഷകര്‍ യുഎസിന് പുറത്ത് പോകേണ്ടതില്ല, തീരുമാനം ഉദ്യോഗസ്ഥരുടെ വിവേചനാധികാരം

ഗ്രീന്‍ കാര്‍ഡുകള്‍ക്കായി കാത്തിരിക്കുമ്പോള്‍ രാജ്യം വിടേണ്ടതില്ലെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് വ്യക്തമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Madism Desk

സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് നേടാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്കുള്ള വ്യവസ്ഥകള്‍ കടുപ്പിച്ച നടപടിയില്‍ നിന്നും യുഎസ് പിന്നോട്ട്. ഗ്രീന്‍ കാര്‍ഡ് നേടാനുള്ള അപേക്ഷ കൊടുക്കേണ്ടത് നാട്ടില്‍നിന്നായിരിക്കണമെന്ന് പുതിയ വ്യവസ്ഥയില്‍ ആണ് ഇളവ്. ഗ്രീന്‍ കാര്‍ഡുകള്‍ക്കായി കാത്തിരിക്കുമ്പോള്‍ രാജ്യം വിടേണ്ടതില്ലെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് വ്യക്തമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ പരിഷ്‌കാരം ഇന്ത്യക്കാരുള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ അപേക്ഷാ നടപടിക്രമങ്ങള്‍ക്കായി നാട്ടിലേക്കു മടങ്ങേണ്ട അവസ്ഥ ഉണ്ടാക്കിയിരുന്നു. യുഎസില്‍നിന്നല്ല, അതതു നാട്ടിലെ യുഎസ് കോണ്‍സുലേറ്റ് വഴി വേണം അപേക്ഷിക്കാന്‍ എന്നായിരുന്നു മുന്‍ നിര്‍ദേശം. എന്നാല്‍, നയത്തില്‍ വിശാലമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് വെള്ളിയാഴ്ച അറിയിച്ചിട്ടുള്ളത്. ഒരു അപേക്ഷകന്‍ ഗ്രീന്‍ കാര്‍ഡ് പ്രക്രിയ പൂര്‍ത്തിയാക്കേണ്ടത് രാജ്യത്തിന് പുറത്ത് നിന്നുമാണോ എന്നത് ഓരോ കേസുകള്‍ അനുസരിച്ച് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ വിവേചനാധികാരമാണെന്നും ഇത്, കാലങ്ങളായി തുടരുന്നതാണെന്നുമാണ് വിശദീകരണം.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുള്ള ആ അധികാരത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്. എല്ലാ അപേക്ഷകരും ഈ നിര്‍ദേശത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് വക്താവ് പറയുന്നു. വിസ കാലാവധി കഴിഞ്ഞതോ മറ്റ് ഇമിഗ്രേഷന്‍ പ്രശ്‌നങ്ങളോ പോലുള്ള ചില ഘടകങ്ങള്‍ ഉദ്യോഗസ്ഥരുടെ വ്യക്തിഗത തീരുമാനങ്ങളെ സ്വാധീനിച്ചേക്കാം. എന്നിരുന്നാലും, ആരെയാണ് ഇത് ബാധിക്കുക എന്നതിനെക്കുറിച്ച് വിശദമായ മാര്‍ഗ്ഗനിര്‍ദേശം നല്‍കിയിട്ടില്ല.

അനധികൃത കുടിയേറ്റം നടയാന്‍ അണ് വിസ നടപടികള്‍ പരിഷ്‌കരിച്ചത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. യുഎസില്‍ നിലവില്‍ താമസിക്കുന്നവരുടെ അപേക്ഷകള്‍ തിരസ്‌കരിക്കപ്പെടുന്നവര്‍ അതിനു ശേഷവും അനധികൃതമായി കഴിയുന്നത് പുതിയ സംവിധാനം വഴി ഒഴിവാക്കാനാകും. താല്‍കാലിക ജോലിക്കായി എത്തുന്നവര്‍, ടൂറിസ്റ്റ് വീസയില്‍ വരുന്നവര്‍ തുടങ്ങിയവര്‍ കാലാവധി കഴിയുമ്പോള്‍ നാട്ടിലേക്കു മടങ്ങണമെന്നാണ് വ്യവസ്ഥ. ഗ്രീന്‍ കാര്‍ഡ് നടപടികളുടെ ആദ്യ ചുവടായി ആ സന്ദര്‍ശനം മാറരുതെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

English Summary: The U.S. Department of Homeland Security (DHS) has clarified that most immigrants seeking permanent residency (green cards) can remain in the United States while their applications are being processed. The agency stated that applicants generally do not need to leave the country unless specifically required under certain immigration rules. The clarification aims to reduce confusion among immigrants and ensure a smoother application process.