ഇറാനുമേല്‍ സമ്മർദ്ദം ഇരട്ടിയാക്കി ഹോർമൂസ് കടലിടുക്കിലെ അമേരിക്കയുടെ സൈനികനീക്കം. കഴിഞ്ഞ വാരാന്ത്യത്തിൽ ഇസ്ലാമാബാദില്‍ വെച്ച് നടന്ന ചർച്ചകൾ വിജയം കാണാതെ പോയതിന് പിന്നാലെയാണ് ഇറാന്റെ തുറമുഖങ്ങൾ ഉപരോധിച്ചുകൊണ്ടാണ് അമേരിക്ക സൈനിക നടപടി ആരംഭിച്ചത്. ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ ഈ ആഴ്ച തന്നെ വീണ്ടും ആരംഭിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ ആരംഭിച്ചതിന്റെ ആദ്യ 36 മണിക്കൂറുകളിൽ ഇറാനില്‍ പുറത്തേക്കും അകത്തേക്കുമുള്ള എല്ലാ സമുദ്രവ്യാപാരവും പൂർണമായും നിർത്തിവെച്ചിരിക്കുന്നതായി അമേരിക്കന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യുഎസ് ഭീഷണി മറികടന്ന് ചൈനീസ് കപ്പലുകള്‍ ഹോർമൂസിലെ ചരക്കുനീക്കം സാധ്യമാക്കുന്നുണ്ട്.
അതേസമയം ട്രംപിന്റെ അവകാശവാദങ്ങളോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടേറസ് ചർച്ചകൾ വീണ്ടും ആരംഭിക്കാൻ “വളരെ സാധ്യതയുണ്ട്” എന്ന് വ്യക്തമാക്കിയിരുന്നു. അമേരിക്കയില്‍നിന്നും ഇറാനില്‍ നിന്നുമുള്ള നയതന്ത്ര സംഘങ്ങള്‍ ആഴ്ചാവസാനം വീണ്ടും പാകിസ്ഥാനിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ടെന്നും, എന്നാല്‍ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇരുപക്ഷത്തുനിന്നും ലഭിക്കുന്ന സൂചന.
ഹോർമൂസിന്‍റെ അധികാരം നഷ്ടപ്പെടുന്നത് ഇറാന്‍റെ സാമ്പത്തികസ്ഥിതിയെ വലിയരീതിയില്‍ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഇപ്പോൾ 12-ലധികം അമേരിക്കൻ യുദ്ധക്കപ്പലുകളും ഏകദേശം 10,000 സൈനികരും ഇറാന്റെ തുറമുഖങ്ങളിൽ പ്രവേശിച്ചിട്ടുണ്ട്. ഹോർമൂസ് കടന്നുപോകുന്ന എല്ലാ കപ്പലുകളെയും തടയുന്ന ഉപരോധം നടപ്പിലാക്കാനാണ് ട്രംപിന്‍റെ ഒരുക്കം.
ഇത് ഇറാന്റെ പ്രധാന വരുമാന സ്രോതസ്സുകളായ എണ്ണ വരുമാനവും കടൽവഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഈടാക്കിയിരുന്ന ടോൾ ഫീസുകളും ലക്ഷ്യമിട്ടുള്ളതാണ്. ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം 90% സമുദ്രവ്യാപാരത്തിലാണ് ആശ്രയിക്കുന്നത്. ഉപരോധം നടപ്പിലാക്കിയതിന്റെ 36 മണിക്കൂറിനുള്ളിൽ സമുദ്രവ്യാപാരം പൂർണമായും നിർത്തിവെച്ചു. എന്നാല്‍ ഇറാനുമായി ബന്ധമുള്ള കുറഞ്ഞത് നാല് കപ്പലുകൾ ഉപരോധത്തിന് ശേഷവും ഹോര്‍മൂസ് കടന്നതായി കണ്ടെത്തി.
ഹോർമൂസിലെ സ്ഥിതിഗതികള്‍ അമേരിക്കയ്ക്ക് അനുകൂലമാണെങ്കിലും ചരക്ക് ഗതാഗതം പൂർണമായും നിലയ്ക്കുന്നത് ട്രംപിന് ശുഭ സൂചനയല്ല. ചൈന ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ശക്തമായ വിയോജിപ്പ് ഇക്കാര്യത്തില്‍ പരസ്യമായി രേഖപ്പെടുത്തി കഴിഞ്ഞു. ഹോർമൂസില്‍നിന്ന് അമേരിക്ക പിന്മാറിയില്ലെങ്കില്‍ ഇറാനൊപ്പം കൂടുതല്‍ രാജ്യങ്ങള്‍ രഹസ്യമായി യുദ്ധത്തില്‍ പങ്കുചേരുമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് ട്രംപ് ഭരണകൂടത്തിന് വലിയ തിരിച്ചടിയുണ്ടാക്കും.
English Summary: The US has imposed a naval blockade on Iran’s ports, halting maritime trade after failed peace talks in Pakistan. Tensions around the Hormuz Strait have increased, while Donald Trump indicated that negotiations could resume soon.