അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ വീണ്ടും ശക്തമാകുമ്പോൾ നേരത്തെ നിലനിന്നിരുന്ന ഊർജ പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്ക ഉയരുകയാണ്. സംഘർഷം ഇതേ രീതിയിൽ നിലനിൽക്കുകയാണെങ്കിൽ ഊർജ പ്രതിസന്ധി അന്താരാഷ്ട്ര തലത്തിൽ ഭീകരമാകുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി അഭിപ്രായപ്പെട്ടു. എണ്ണവിപണിയുടെ ഭാവി, പണപ്പെരുപ്പം, ചരക്കുനീക്കം, പലിശനിരക്കുകൾ തുടങ്ങി ലോകസമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായെന്നാണ് അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ലോകത്തെ മൊത്തം അസംസ്‌കൃത എണ്ണയുടെയും പ്രകൃതി വാതക കയറ്റുമതിയുടെയും ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹാേർമുസ് ഇനിയും പഴയ രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ ആഘാതം യൂറോപ്പിൽനിന്ന് ഏഷ്യവരെയുള്ള സമ്പദ്‌വ്യവസ്ഥകളിൽ അനുഭവപ്പെടുമെന്നാണ് ഐഇഎ പറയുന്നത്. 2020ന് ശേഷം ആദ്യമായി ആഗോള എണ്ണ ആവശ്യകത ഈ വർഷം കുറയുമെന്നാണ് ഐഇഎയുടെ വിലയിരുത്തൽ. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം എണ്ണ ഉൽപ്പാദനത്തെയും കയറ്റുമതിയെയും സാരമായി ബാധിക്കുന്നതാണ് ഇതിന് പ്രധാന കാരണം.
കഴിഞ്ഞ മാസം അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ പശ്ചാത്തലത്തിൽ എണ്ണവിപണി തിരിച്ചുവരവിന്റെ പാതയിലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ ഇപ്പോഴത്തെ പുതിയ ഏറ്റുമുട്ടൽ ആ പ്രതീക്ഷകൾക്ക് തിരിച്ചടിയാകുമെന്നും ഐഇഎ മുന്നറിയിപ്പ് നൽകി. ഈ ആഴ്ച വീണ്ടും പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിന് കാരണം, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലെ വ്യവസ്ഥകളെ അമേരിക്കയും ഇറാനും വ്യത്യസ്തമായി വ്യാഖ്യാനിച്ചതാണെന്നാണ് റിപ്പോർട്ട്. ഏപ്രിലിൽ അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കുന്നതിനുമുമ്പ് ലോകത്തെ മൊത്തം അസംസ്‌കൃത എണ്ണയുടെയും പ്രകൃതി വാതക കയറ്റുമതിയുടെയും ഏകദേശം അഞ്ചിലൊന്ന് ഹോർമുസ് കടലിടുക്കിലൂടെയായിരുന്നു കടന്നുപോയിരുന്നത്.
സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ പ്രതിദിനം ഏകദേശം 1.4 കോടി ബാരൽ അസംസ്‌കൃത എണ്ണയുടെ ഗതാഗതം തടസ്സപ്പെട്ടതായി ഐഇഎ അറിയിച്ചു. ഇതോടെ ആഗോളതലത്തിൽ ഇന്ധനക്ഷാമവും എണ്ണവില വർധനവും രൂക്ഷമാകുകയും ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുകയും ചെയ്തു. ധാരണാപത്രം നിലവിൽ വന്നതും ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറന്നതും തുടർന്ന് ജൂണിൽ ആഗോള എണ്ണവിതരണം പ്രതിദിനം 41 ലക്ഷം ബാരൽ വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയേക്കാൾ പ്രതിദിനം 94 ലക്ഷം ബാരൽ കുറവായിരുന്നു വിതരണം.
ഹോർമുസ് കടലിടുക്ക് പൂർണമായി പ്രവർത്തനം പുനരാരംഭിക്കുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിൽ 2027ൽ ആഗോള എണ്ണവിപണിയിൽ പ്രതിദിനം 46.2 ലക്ഷം ബാരലിന്റെ മിച്ചവിതരണം ഉണ്ടാകുമെന്നാണ് ഐഇഎ നേരത്തെ പ്രവചിച്ചിരുന്നത്. 2026ൽ പ്രതിദിനം 8.6 ലക്ഷം ബാരലിന്റെ കുറവ് രേഖപ്പെടുത്തുമെന്നായിരുന്നു ഏജൻസിയുടെ കണക്ക്. എന്നാൽ വീണ്ടും സംഘർഷം ശക്തമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം വീണ്ടും സ്തംഭിച്ചു. എന്നിരുന്നാലും അന്താരാഷ്ട്ര എണ്ണവിലയിൽ വലിയ ചാഞ്ചാട്ടമുണ്ടായില്ല. വെള്ളിയാഴ്ച രാവിലെ ക്രൂഡ് വില ബാരലിന് 76.37 ഡോളറിലായിരുന്നു. ഇത് വ്യാഴാഴ്ചത്തെ നിരക്കിനോട് ഏറെക്കുറെ സമാനമാണെങ്കിലും ഒരാഴ്ച മുമ്പത്തേതിനേക്കാൾ നാല് ഡോളറിലധികം ഉയർന്ന നിലയിലാണ്.
സാഹചര്യം നിയന്ത്രണവിധേയമാകുമെന്ന വിപണിയുടെ പ്രതീക്ഷയാണ് എണ്ണവില വലിയ തോതിൽ ഉയരാതിരിക്കാൻ കാരണമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ എണ്ണശേഖരം കുറയുന്ന സാഹചര്യത്തിൽ വരും ആഴ്ചകളിൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം ആവശ്യമായാൽ പുതിയ ആക്രമണങ്ങൾ നടത്താൻ അമേരിക്കൻ സൈന്യം പൂർണസജ്ജമാണെന്നും അമേരിക്ക് ഇന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Renewed military clashes between the United States and Iran are raising fears of a deeper global energy crisis, the International Energy Agency (IEA) has warned. The agency said continued disruption around the Strait of Hormuz, through which about one-fifth of global oil and gas exports pass, could destabilize energy markets, fuel inflation and hurt the global economy. Although oil prices have remained relatively stable, the IEA cautioned that prolonged conflict could disrupt supplies further, push prices higher and delay the recovery of global energy markets.