International

ഇന്ന് ഇറാന്റെ അവസാനമാണ്; കടുപ്പിച്ച് ട്രംപ്, ഹോര്‍മൂസ് തുറക്കാന്‍ അമേരിക്കയ്ക്ക് മുന്നിലുള്ള വഴികളടയുന്നു

ഹോർമൂസ് തുറക്കില്ലെന്ന നിലപാട് ആവർത്തിച്ച് ഇറാന്‍

Madism Desk

ടെഹ്‌റാന് അന്ത്യശാസനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ന് രാത്രിയോടെ ഇറാന്‍ അവസാനിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഹോര്‍മൂസ് തുറക്കാന്‍ അമേരിക്ക നല്‍കിയ കാലാവധി നാളെ പുലര്‍ച്ചെ അവസാനിക്കാനിരിക്കെയാണ് ട്രംപ് ആക്രമണ ഭീഷണി മുഴക്കിയിരിക്കുന്നത്. ലോക ചരിത്രത്തില്‍ തന്നെ സുപ്രധാനമായ രാത്രിയാകും ഇന്നത്തേതെന്ന് ട്രംപ് പറഞ്ഞു.

നേരത്തെ ഇറാനിയന്‍ ജനതയും താനും ജന്മനാടിന് വേണ്ടി ജീവത്യാഗത്തിന് തയ്യാറെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ട്രംപിന് മറുപടി നല്‍കിയിരുന്നു. അമേരിക്കയ്ക്കും ഇറാനും മുന്നില്‍വെച്ച ഉപാധികള്‍ അംഗീകരിക്കാതെ യുദ്ധത്തില്‍നിന്ന് പിന്മാറില്ലെന്നാണ് ഇറാന്റെ അന്തിമ പ്രഖ്യാപനം. ഇതോടെ കരയുദ്ധം തുടങ്ങാതെ ഹോര്‍മൂസ് പിടിച്ചെടുക്കാന്‍ സാധിക്കില്ലെന്ന സാഹചര്യത്തിലേക്ക് അമേരിക്കയും മാറി കഴിഞ്ഞു. ഷാര്‍ജയില്‍ ഉള്‍പ്പെടെ ഇന്ന് ഗള്‍ഫ് മേഖലയില്‍ മൂന്നിലധികം തവണയാണ് ഇറാന്‍ ആക്രമണം നടത്തിയത്. ഷാര്‍ജയിലുണ്ടായ ആക്രമണത്തില്‍ രണ്ട് വിദേശികള്‍ക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയ്ക്ക് മുന്നിലുള്ള വഴികള്‍

ചര്‍ച്ചകളുമായി അമേരിക്ക സഹകരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നെങ്കിലും ഇറാന്‍ തങ്ങളുടെ ഉപാധികള്‍ അംഗീകരിക്കാതെ യുദ്ധത്തില്‍നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. പ്രസിഡന്റ് പെസെഷ്‌കിയാന്‍ ഈ നിലപാട് ഇന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ലോക സമ്പദ്ഘടന ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധി ഹോര്‍മൂസിലൂടെയുള്ള ചരക്ക് ഗതാഗതം പൂര്‍ണമായും നിലച്ചതാണ്. ഹോര്‍മൂസ് തുറക്കാതിരുന്നാല്‍ അമേരിക്കയ്ക്ക് മുന്നില്‍ ലോകരാഷ്ട്രങ്ങള്‍ വലിയ സമ്മര്‍ദ്ദം ചെലുത്തും. ഇതൊഴിവാക്കാനാണ് നിലവില്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്.

ഹോര്‍മൂസ് തുറക്കാന്‍ ഇനി കരയുദ്ധം മാത്രമാണ് യുഎസ്സിന് മുന്നിലുള്ള വഴി. എന്നാല്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലാതെ കരയുദ്ധം ആരംഭിക്കാനാവും ട്രംപും സംഘവും ശ്രമിക്കുക. ഇസ്രയേലിന്റെ യുദ്ധമാണിതെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ അമേരിക്കയില്‍ ശക്തമാണ്. ഈ സാഹചര്യം കൂടെ പരിഗണിച്ചാവും ട്രംപിന്റെ നീക്കങ്ങള്‍ ആരംഭിക്കുക. ഇന്ന് ഉച്ചയോടെ ടെഹ്‌റാനില്‍ അതിശക്തമായ ബോംബാക്രമണം നടന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്‌ഫോടനങ്ങളുണ്ടായതിന് പിന്നാലെ ഇറാന്‍ ഗള്‍ഫ് മേഖലയിലേക്ക് ഡ്രോണുകളയച്ചതായും വിവരമുണ്ട്. കരയുദ്ധം പരമാവധി ഒഴിവാക്കാനാണ് ഇന്ന് നടന്ന അമേരിക്കന്‍ ആക്രമണമെന്നും വിലയിരുത്തലുകളുണ്ട്.

English Description: As tensions peak, US President Donald Trump issues a final ultimatum to Iran, warning of severe consequences if the Strait of Hormuz is not reopened. With Iran refusing to back down, the crisis risks escalating into a broader military conflict.