ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ വീണ്ടും പാകിസ്ഥാനിലെത്തും. തിങ്കളാഴ്ച ഇസ്ലാമാബാദിൽ ചർച്ചകൾ പുനരാരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഏപ്രിൽ 11-ന് നടന്ന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് വീണ്ടും നയതന്ത്ര നീക്കം നടക്കുന്നത്. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ ആക്രമിക്കുമെന്ന കടുത്ത മുന്നറിയിപ്പും ട്രംപ് ആവർത്തിച്ചു
ഹോർമുസ് കടലിടുക്കിൽ സംഘർഷം
അതിനിടെ, ഹോർമുസ് കടലിടുക്കിൽ ഇന്നലെയുണ്ടായ വെടിവെപ്പ് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് അമേരിക്ക ആരോപിച്ചു. ഇതിന് മറുപടിയായി, അമേരിക്കയുടെ നാവിക ഉപരോധം സമാധാന കരാറുകളുടെ ലംഘനമാണെന്ന് ഇറാനും കുറ്റപ്പെടുത്തി. ഇറാൻ ഉപരോധം പുനരാരംഭിച്ചതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ മുതൽ ഒരു കപ്പൽ പോലും ഈ മേഖല കടന്നുപോയിട്ടില്ലെന്ന് മറൈൻ ട്രാഫിക് വെബ്സൈറ്റുകൾ വ്യക്തമാക്കുന്നു
സുരക്ഷ ശക്തമാക്കി ഇസ്ലാമാബാദ്
സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 11-ന് നടന്ന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിൽ, നാളത്തെ ചർച്ചകൾ ലോകത്തിന് തന്നെ നിർണ്ണായകമാണ്. ഇരുരാജ്യങ്ങളും തമ്മിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഇറാൻ പാർലമെന്ററി സ്പീക്കർ അറിയിച്ചു. അതേസമയം, ഇറാൻ സിവിൽ ഏവിയേഷൻ അതോറിറ്റി തിങ്കളാഴ്ച മുതൽ മഷ്ഹദ് വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്
English Summary: Donald Trump says U.S. officials will be in Pakistan ‘for negotiations’. Security in Pakistan's capital Islamabad was stepped up visibly ahead of peace talks between the United States and Iran