ടെഹ്റാൻ: ഖത്തറിലെ അൽ-ഖോർ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന യുഎസ് സ്പേസ് ഫോഴ്സിന്റെ അത്യാധുനിക ബാലിസ്റ്റിക് മിസൈൽ ഏർലി വാർണിങ് റഡാർ സംവിധാനം ഡ്രോൺ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകൾ. എൻ/എഫ്‌പിഎസ്-132 (ബ്ലോക്ക് 5) വിഭാഗത്തിൽപ്പെടുന്ന ഈ റഡാർ സംവിധാനമാണ് ആക്രമണത്തിനിരയായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
ആക്രമണത്തിനായി ലക്ഷ്യസ്ഥാനത്ത് പതിച്ച് സ്വയം നശിക്കുന്ന തരത്തിലുള്ള വിലകുറഞ്ഞ ഡ്രോണുകളാണ് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 110 കോടി ഡോളർ വിലമതിക്കുന്ന റഡാർ സംവിധാനമാണ് ചെലവുകുറഞ്ഞ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ നശിച്ചതെന്നാണ് വിലയിരുത്തൽ. എന്നാൽ കൃത്യതയോടെ നടത്തിയ മിസൈൽ ആക്രമണത്തിലൂടെയാണ് റഡാർ തകർത്തതെന്ന അവകാശവാദവും ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്പ്സ് (ഐആർജിസി) മുന്നോട്ടുവച്ചിട്ടുണ്ട്.
ആക്രമണം നടന്ന സ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങളിൽ തകർന്നുവീണ അവശിഷ്ടങ്ങളും തീപിടിത്തത്തിന്റെ അടയാളങ്ങളും കാണപ്പെടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. പ്ലാനറ്റ് ലാബ്സ് പുറത്തുവിട്ട ചിത്രങ്ങളിലാണ് ഈ നാശനഷ്ടങ്ങൾ വ്യക്തമായതായി വ്യക്തമാക്കുന്നത്. അൽ ഉദൈദ് എയർബേസിന് വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
'ഷഹീദ്' വിഭാഗത്തിലുള്ള ഡ്രോണുകളോ മിസൈലുകളോ ഉപയോഗിച്ചായിരിക്കാം പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ആക്രമണം നടത്തിയതെന്ന് സൈനിക വിദഗ്‌ധർ വിലയിരുത്തുന്നു. ലക്ഷ്യസ്ഥാനത്ത് പതിച്ച് സ്വയം നശിക്കുന്ന രീതിയിലാണ് ഇത്തരം ഡ്രോണുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകദേശം 30,000 മുതൽ 50,000 ഡോളർ വരെയാണ് ഓരോ ഡ്രോണിനും ചെലവാകുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മിസൈൽ മുന്നറിയിപ്പ് സംവിധാനത്തിനൊപ്പം ബഹിരാകാശ നിരീക്ഷണ ശൃംഖലയുടെയും ഭാഗമായാണ് ഈ റഡാർ പ്രവർത്തിച്ചിരുന്നത്. ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനമായതിനാൽ മേഖലയിലെ മിസൈൽ പ്രതിരോധത്തിനും ഇത് നിർണായകമായിരുന്നു.
ഏകദേശം 5,000 കിലോമീറ്റർ പരിധിയിൽ വരെ നിരീക്ഷണം നടത്താൻ കഴിയുന്ന ഈ റഡാർ സംവിധാനം ലോകത്ത് കുറച്ച് കേന്ദ്രങ്ങളിലേ സ്ഥാപിച്ചിട്ടുള്ളൂ. മിസൈൽ പ്രതിരോധ സംവിധാനങ്ങളായ താഡ്, പേട്രിയറ്റ് എന്നിവയ്ക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിലും ഈ സംവിധാനം പ്രധാന പങ്ക് വഹിച്ചു. റഡാർ പ്രവർത്തനരഹിതമായതോടെ പേർഷ്യൻ ഗൾഫ് മേഖലയിലെ മിസൈൽ മുന്നറിയിപ്പ് ശേഷിയിൽ കുറവ് സംഭവിക്കാമെന്നാണ് സൈനിക വിദഗ്‌ധരുടെ വിലയിരുത്തൽ.
English Summary: Reports claim a U.S. Space Force early-warning radar system in Al Khor was damaged in a drone attack. The advanced AN/FPS-132 Block 5 radar, used to detect ballistic missile launches across the region, was reportedly targeted using low-cost drones.