പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം ഇരട്ട സ്ഫോടന ശബ്ദങ്ങൾ. ഖേഷം ദ്വീപിന് സമീപം കടൽമേഖലയിൽനിന്നാണ് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ കാരണം സംബന്ധിച്ച് ഇറാൻ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾക്കും വേഗം കൂടുകയാണ്. കടലിടുക്കിൽ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനായി ഇറാനും ഒമാനും സംയുക്തമായി കപ്പൽപാത സ്ഥാപിക്കുന്നതിനുള്ള കരാറിൽ തിങ്കളാഴ്ച ഒപ്പുവയ്ക്കുമെന്നാണ് വിവരം.
ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ നടക്കുന്ന യോഗത്തിൽ ഗൾഫ് രാജ്യങ്ങളിലെയും ഇറാഖിലെയും വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കും. പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഹോർമുസിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം സാധാരണ നിലയിലാക്കുന്നതിനുമുള്ള നിർണായക ചർച്ചകൾ യോഗത്തിൽ നടക്കും.
അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസ്ഹൂദ് പെസഷ്‌കിയാൻ ‘ഇന്ത്യാ ടുഡേ’ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. യോഗത്തിൽ ഉണ്ടാകുന്ന ധാരണകൾ സംബന്ധിച്ച വിവരങ്ങൾ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരായ ആക്രമണങ്ങൾക്ക് അമേരിക്കയ്ക്ക് തങ്ങളുടെ ഭൂപ്രദേശം ഉപയോഗിക്കാൻ അനുമതി നൽകിയ രാജ്യങ്ങളുടെ പ്രതിനിധികളും ചർച്ചകളിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന്റെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ഇറാനും ഒമാനും കഴിഞ്ഞ ഏതാനും ആഴ്ചകളായി കടൽഗതാഗതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച നടത്തിവരികയാണ്. മേഖലയിൽ പരസ്പര ധാരണ വർധിപ്പിക്കുകയും സംഘർഷ സാധ്യത കുറയ്ക്കുകയും ചെയ്യുകയാണ് ചർച്ചകളുടെ ലക്ഷ്യമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
സ്ഫോടനങ്ങളുടെ കാരണം വ്യക്തമല്ല
ഖേഷം ദ്വീപിൽ ഏതാനും മിനിറ്റുകളുടെ ഇടവേളയിൽ രണ്ട് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ട്. ശബ്ദം കടലിന്റെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്നും ഐആർഎൻഎ വ്യക്തമാക്കി. എന്നാൽ സ്ഫോടനത്തിന് പിന്നിലെ കാരണം, നാശനഷ്ടങ്ങളുടെ വ്യാപ്തി, ആരാണ് സംഭവത്തിന് പിന്നിലെന്നത് എന്നിവ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ സംഭവം. അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളെയും ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര എണ്ണക്കപ്പലുകളെയും ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
ഇതോടെ ലോകത്തിലെ പ്രധാന എണ്ണ ഗതാഗതപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കടുത്ത സമ്മർദത്തിലായി. മേഖലയിൽ തുടരുന്ന സൈനിക സംഘർഷം ആഗോള എണ്ണ, ഇന്ധന വിതരണത്തിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ഇറാനിലെ പ്രധാന തുറമുഖങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക, നാവിക നിയന്ത്രണങ്ങൾ മറികടന്ന് രാജ്യത്തേക്ക് എത്തുകയും അവിടെനിന്ന് പുറപ്പെടുകയും ചെയ്യുന്ന വാണിജ്യ കപ്പലുകൾക്കും ഭീഷണി നിലനിൽക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഖേഷം ദ്വീപിന് സമീപമുണ്ടായ സ്ഫോടനങ്ങൾ കൂടുതൽ ശ്രദ്ധ നേടുന്നത്. ഹോർമുസിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുന്നതിനിടെ, പുതിയ സ്ഫോടനങ്ങളുടെ യഥാർഥ കാരണം വ്യക്തമാകുന്നതാണ് ഇനി നിർണായകം. അതേസമയം, കടലിടുക്കിലെ സംഘർഷം തുടർന്നാൽ ആഗോള ഇന്ധനവിതരണത്തിലും എണ്ണവിലയിലും കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ശക്തമാകുകയാണ്.
Amid escalating US-Iran tensions, twin explosions reported near Qeshm Island, close to the strategically vital Strait of Hormuz, have heightened concerns across West Asia. The cause of the blasts, the extent of the damage, and those behind the incident remain unclear. Meanwhile, as Iran and Oman move toward a joint shipping-route agreement, crucial diplomatic talks involving Gulf countries and Iraq are set to take place in Muscat.