AP Photo
International

യെമൻ യുദ്ധക്കെടുതി; സർവ്വതും ഉപേക്ഷിച്ച് പലായനം ചെയ്തത് 1.25 ലക്ഷം പേർ

സേവ് ദി ചിൽഡ്രൻ നൽകുന്ന വിവരങ്ങൾ പ്രകാരം ഓ​ഗസ്റ്റ് ഒന്നിനും സെപ്റ്റംബർ ഒൻപതിനും ഇടയിൽ മാത്രം 19 കുട്ടികൾ കൊല്ലപ്പെടുകയും 49 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു.

Madism Desk

യെമനിൽ വീണ്ടും ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ വീടുകളും സമ്പാദ്യങ്ങളും ഉപേക്ഷിച്ച് ജീവൻ രക്ഷിക്കാനായി ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യുകയാണ്. ചെങ്കടൽ തീരപ്രദേശങ്ങളിലൂടെയും തായിസ് ന​ഗരത്തിലേക്കും ഹൂതി വിമതർ അതിവേ​ഗം മുന്നേറുന്നതാണ് ഇപ്പോഴത്തെ ഈ വലിയ പ്രതിസന്ധിക്ക് കാരണം. കിട്ടുന്ന വാഹനങ്ങളിൽ കയറി സുരക്ഷിത സ്ഥാനങ്ങളിലേക്കും അഭയാർത്ഥി ക്യാമ്പുകളിലേക്കും ജനങ്ങൾ കൂട്ടത്തോടെ ഒഴുകുകയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, 2026 സെപ്റ്റംബർ ആദ്യം മുതൽ ഇതുവരെ ഏകദേശം 1.25 ലക്ഷം ആളുകൾക്കാണ് (ഏകദേശം 18,000 കുടുംബങ്ങൾ) ഇത്തരത്തിൽ ഒറ്റയടിക്ക് കിടപ്പാടം നഷ്ടപ്പെട്ടത്.

യുദ്ധത്തിന് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ലെന്നും എല്ലാവരും ഒരേ ദിവസമാണ് തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് ഇറങ്ങിയതെന്നും തായിസ് മേഖലയിൽ നിന്ന് പലായനം ചെയ്ത അസ്മ താലിബ് എന്ന സ്ത്രീ പറയുന്നു. വലിയൊരു വീട്ടിൽ കഴിഞ്ഞിരുന്നവർ ഇപ്പോൾ ഒരു പ്ലാസ്റ്റിക് കവറിനും മരത്തൂണുകൾക്കും കീഴിൽ അന്തിയുറങ്ങാൻ പാടുപെടുകയാണ്. തന്റെ രണ്ട് ആൺമക്കൾക്കും അഞ്ച് പേരക്കുട്ടികൾക്കുമൊപ്പമാണ് അസ്മ വീടുവിട്ടിറങ്ങിയത്. യുദ്ധം രൂക്ഷമായപ്പോൾ പലരും തങ്ങളുടെ വളർത്തുമൃഗങ്ങളെപ്പോലും ഉപേക്ഷിച്ച് ജീവനുംകൊണ്ടോടുകയായിരുന്നു. അസ്മ എത്തിയ അൽ-ഷിമയാതീൻ എന്ന ക്യാമ്പിലേക്ക് ആളുകൾ വന്നുകൊണ്ടേയിരിക്കുന്നതിനാൽ, ഓരോ ടെന്റിലും മൂന്നോ നാലോ കുടുംബങ്ങളാണ് ഇപ്പോൾ തിങ്ങിപ്പാർക്കുന്നത്.

പടിഞ്ഞാറൻ തായിസിലെ ഒരു കർഷകനായ ഹാതിം ഖാസിമിന്റെ അവസ്ഥയും മറിച്ചല്ല. ​ഗ്രാമത്തിൽ ഷെല്ലാക്രമണവും വെടിവെപ്പും രൂക്ഷമായപ്പോൾ സ്വന്തം ജീവൻ രക്ഷിക്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. വാടക കൊടുക്കാനും യാത്രാചെലവിനുമായി തങ്ങളുടെ ജീവിതമാർ​ഗമായ വളർത്തുമൃ​ഗങ്ങളെ വളരെ തുച്ഛമായ വിലയ്ക്കാണ് ഇവർക്ക് വിൽക്കേണ്ടി വന്നത്. ഒരൊറ്റ കാറിൽ അഞ്ച് കുടുംബങ്ങൾ തിങ്ങിക്കയറിയാണ് അവർ സുരക്ഷിത സ്ഥാനത്തേക്ക് എത്തിയത്. അവിടെ ഒരു വീടിന്റെ ഒറ്റ മുറിയിൽ മറ്റ് മൂന്ന് കുടുംബങ്ങൾക്കൊപ്പമാണ് എട്ട് പേരടങ്ങുന്ന ഖാസിമിന്റെ കുടുംബം ഇപ്പോൾ കഴിയുന്നത്. യുദ്ധം അവസാനിച്ചില്ലെങ്കിൽ തങ്ങളുടെ ഭാവി എന്താകുമെന്ന വലിയ ആശങ്കയിലാണ് ഈ കർഷകൻ.

കുട്ടികളെയടക്കം ഈ യുദ്ധം വളരെ ക്രൂരമായാണ് ബാധിച്ചിരിക്കുന്നത്. സേവ് ദി ചിൽഡ്രൻ നൽകുന്ന വിവരങ്ങൾ പ്രകാരം ഓ​ഗസ്റ്റ് ഒന്നിനും സെപ്റ്റംബർ ഒൻപതിനും ഇടയിൽ മാത്രം 19 കുട്ടികൾ കൊല്ലപ്പെടുകയും 49 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ചുരുങ്ങിയ കാലയളവിൽ യെമനിൽ ആകെ 117 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 2026ൽ യെമനിലെ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന ആളുകൾക്കും (ഏകദേശം 2.23 കോടി ജനങ്ങൾക്ക്) അടിയന്തര മാനുഷിക സഹായം ആവശ്യമാണ്. അയൽ രാജ്യമായ ജിബൂട്ടിയിലേക്ക് പോലും ഇതിനോടകം രണ്ടായിരത്തോളം പേർ കടൽ മാർഗം പലായനം ചെയ്തിട്ടുണ്ട്.

ചില സന്നദ്ധ സംഘടനകൾ ക്യാമ്പുകളിൽ ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നുണ്ടെങ്കിലും ആളുകളുടെ എണ്ണം കൂടുന്നതിനാൽ ഇതൊന്നും തികയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിനെല്ലാം പുറമെ യുദ്ധം അതിരൂക്ഷമായി നടക്കുന്ന മേഖലകളിൽ ഇപ്പോഴും നിരവധി സാധാരണക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ക്യാമ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നു. ഇവർക്ക് യാതൊരുവിധ സഹായവും എത്തിക്കാൻ കഴിയാത്തത് വൻ ദുരന്തത്തിലേക്കാണ് വിരൽചൂണ്ടുന്നത്. എങ്ങനെയെങ്കിലും സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകണം എന്ന് ആഗ്രഹിക്കുന്ന ഈ പാവപ്പെട്ട ജനങ്ങൾക്ക് മുൻപിൽ ഇനിയെന്ത് എന്ന വലിയൊരു ചോദ്യചിഹ്നം മാത്രമാണ് ബാക്കിയുള്ളത്.

As the war reignites in Yemen with a rapid Houthi advance, over 125,000 people have been forced to flee their homes since early September 2026. Leaving all their belongings behind, families are rushing to overcrowded refugee camps in safer areas. Displaced civilians are struggling for basic shelter and resources, while humanitarian organizations find it difficult to reach those trapped in combat zones. The conflict has also seen a tragic spike in civilian casualties, including many children.