International

യെമനില്‍ യുദ്ധം രൂക്ഷം; ചെങ്കടല്‍ കടന്ന് ജിബൂട്ടിയിലേക്ക് യെമനികളുടെ കൂട്ട പലായനം

ഇതുവരെ 3,000-ത്തിലധികം അഭയാര്‍ത്ഥികളാണ് ഒബോക്കിലെ ക്യാമ്പില്‍ എത്തിയത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം, സമീപദിവസങ്ങളിലെ മാത്രം 1,20,000-ത്തിലധികം ആളുകള്‍ക്ക് യെമനില്‍ നിന്ന് ആഭ്യന്തരമായി പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്.

Madism Desk

യെമനിലെ തെക്കുപടിഞ്ഞാറന്‍ തീരമേഖലകളില്‍ ഹൂതി വിമതരും സൗദി അറേബ്യയുടെ പിന്തുണയുള്ള സര്‍ക്കാര്‍ അനുകൂല സേനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ പതിനായിരക്കണക്കിന് സാധാരണക്കാര്‍ ചെങ്കടല്‍ കടന്ന് ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലേക്ക് പലായനം ചെയ്യുന്നു. യെമനിലെ തന്ത്രപ്രധാനമായ ബാബ് അല്‍-മന്ദബ് കടലിടുക്കിന് സമീപമുള്ള തീരദേശ നഗരങ്ങളില്‍ നിന്നാണ് ഭൂരിഭാഗം ആളുകളും പലായനം ചെയ്യുന്നത്. ഇടുങ്ങിയ കടലിടുക്കിലൂടെ വള്ളങ്ങളിലും ബോട്ടുകളിലുമായി മണിക്കൂറുകള്‍ നീളുന്ന അപകടകരമായ കടല്‍യാത്രയ്ക്ക് ശേഷമാണ് ഇവര്‍ ജിബൂട്ടി തീരത്ത് എത്തുന്നത്.

ആശ്രയം ഒബോക്കിലെ അഭയാര്‍ത്ഥി ക്യാമ്പ്

വടക്കന്‍ ജിബൂട്ടിയിലെ ഒബോക്കിലുള്ള മര്‍ക്കാസി അഭയാര്‍ത്ഥി ക്യാമ്പ് ഇപ്പോള്‍ യെമനില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിയെത്തിയ കുടുംബങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കടല്‍ കടന്നെത്തുന്ന ഇവര്‍ ട്രക്കുകളിലും കാല്‍നടയായുമാണ് സര്‍ക്കാരും ഐക്യരാഷ്ട്രസഭയും സംയുക്തമായി നടത്തുന്ന ഈ ക്യാമ്പിലേക്ക് എത്തിച്ചേര്‍ന്നത്. 'ആകാശത്ത് വിമാനങ്ങളുടെ ശബ്ദം കേള്‍ക്കുമ്പോഴേ കുട്ടികള്‍ ഭയന്നുവിറച്ച് നിലവിളിക്കാന്‍ തുടങ്ങും. എന്റെ കുട്ടികള്‍ ഭയന്നുവിറച്ച് നിലവിളിക്കുമ്പോള്‍ എനിക്കവിടെ എങ്ങനെ ജീവിക്കാന്‍ കഴിയും. മാതാപിതാക്കള്‍ എന്ന നിലയില്‍ ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്, അവരെ രക്ഷിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഓടിപ്പോന്നത്', ദുബാബില്‍ നിന്ന് തന്റെ ചെറിയ മല്‍സ്യബന്ധന ബോട്ടില്‍ കുടുംബത്തെയും കൊണ്ടു ജിബൂട്ടിയില്‍ എത്തിയ ഇബ്രാഹിം ഈസ എന്ന മല്‍സ്യത്തൊഴിലാളി പറഞ്ഞു.

പലായനം ചെയ്ത് എത്തിയ അഭയാര്‍ത്ഥികള്‍ തങ്ങളെ സ്വീകരിച്ചതിന് ജിബൂട്ടി സര്‍ക്കാരിനും യു.എന്‍ ഏജന്‍സികള്‍ക്കും നന്ദി പറയുമ്പോഴും സ്വന്തം നാടിന്റെ തകര്‍ച്ചയില്‍ വലിയ വേദനയിലാണ്. 'ഞങ്ങളുടെ കുട്ടികളുടെ ഭാവിക്ക് ആദ്യം വേണ്ടത് സുരക്ഷിതത്വമാണ്. അതിനുശേഷമേ ഭക്ഷണവും വെള്ളവും വിദ്യാഭ്യാസവും വരുന്നുള്ളൂ. നാട്ടില്‍ സമാധാനം തിരികെ വരികയാണെങ്കില്‍ ഞങ്ങള്‍ സന്തോഷത്തോടെ മടങ്ങും. പ്രാര്‍ത്ഥന മാത്രമാണ് ഇനി ഞങ്ങളുടെ മുന്നിലുള്ളത്', അഭയാര്‍ത്ഥിയായ ഐഷ അബ്ദുള്‍ഖാദിര്‍ പറഞ്ഞു.

ഇതുവരെ 3,000-ത്തിലധികം അഭയാര്‍ത്ഥികളാണ് ഒബോക്കിലെ ക്യാമ്പില്‍ എത്തിയത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം, സമീപദിവസങ്ങളിലെ മാത്രം 1,20,000-ത്തിലധികം ആളുകള്‍ക്ക് യെമനില്‍ നിന്ന് ആഭ്യന്തരമായി പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യെമന്റെ പ്രധാന ജനവാസ മേഖലകള്‍ കൈയടക്കിയ ഹൂതി വിമതര്‍ ചെങ്കടല്‍ തീരത്തുള്ള അന്താരാഷ്ട്ര സമുദ്രപാതയായ ബാബ് അല്‍-മന്ദബിലേക്ക് അധിനിവേശം വ്യാപിപ്പിച്ചതാണ് നിലവിലെ സംഘര്‍ഷത്തിന് കാരണം. ഇതിനെ ചെറുക്കാന്‍ സൗദി അറേബ്യന്‍ വ്യോമസേന മേഖലയില്‍ നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ നടത്തി. തിരിച്ചടിയായി ഹൂതികള്‍ സൗദി നഗരങ്ങള്‍ക്ക് നേരെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളും അഴിച്ചുവിട്ടു.

ജിബൂട്ടിയുടെ നിലപാട്

യെമന് തൊട്ടപ്പുറത്ത് ചെങ്കടലിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മുന്‍ ഫ്രഞ്ച് കോളനിയായ ജിബൂട്ടി, ഈ യുദ്ധത്തില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ആഫ്രിക്കയിലെ ഏറ്റവും കൂടുതല്‍ സൈനികവല്‍ക്കരിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് ജിബൂട്ടി. 2003 മുതല്‍, അമേരിക്ക ഇവിടെ 'ക്യാമ്പ് ലെമോണിയര്‍' എന്ന വലിയൊരു സൈനിക താവളം നടത്തുന്നുണ്ട്. ആഫ്രിക്കയിലെ അമേരിക്കയുടെ ഒരേയൊരു സ്ഥിരം സൈനികതാവളമാണിത്. ചൈനയ്ക്കും ഇവിടെ സൈനിക താവളമുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അവരുടെ ഏറ്റവും വലിയ സൈനിക സാന്നിധ്യമായ ഇത് അടുത്തിടെ കൂടുതല്‍ വിപുലീകരിക്കുകയും ചെയ്തിരുന്നു.

2014-ല്‍ ആരംഭിച്ച യെമന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 2022-ല്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അടുത്തിടെ പൂര്‍ണ്ണമായും തകര്‍ന്നു. അതേസമയം, ബാബ് അല്‍-മന്ദബ് കടലിടുക്കിലൂടെയുള്ള സൗദി എണ്ണ കയറ്റുമതി തടസ്സപ്പെടുന്നത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ സാമ്പത്തിക ആശങ്ക ഉണ്ടാക്കുന്നുണ്ട്.

Fighting has intensified along Yemen’s southwestern coast between Houthi rebels and Saudi-backed government forces, triggering a fresh wave of civilian displacement across the Red Sea to Djibouti. Tens of thousands of Yemenis are reportedly fleeing coastal areas near the strategic Bab el-Mandeb Strait in small boats, undertaking dangerous sea journeys to reach safety. More than 3,000 refugees have so far arrived at the Markazi refugee camp in Obock, northern Djibouti, while the UN estimates that more than 120,000 people have been internally displaced in Yemen in recent days. Refugees describe fleeing because of airstrikes and fears for their children's safety, while hoping to return if peace is restored.