Kerala

'തോൽവി അപ്രതീക്ഷിതം, തിരുത്തി മുന്നോട്ടുപോകും'; ചോദ്യങ്ങൾക്കു മറുപടിയില്ലാതെ എംവി ​ഗോവിന്ദൻ

ഇടത് ചരിത്രത്തിൽ ഇതിന് മുൻപും ഇതിൽ കുറഞ്ഞ വോട്ട് ശതമാനം കിട്ടിയിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി

Madism Desk

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്കിടയാക്കി. മുന്നണിയെയും ജനങ്ങളെയും കണക്കിലെടുത്ത് മുന്നോട്ടു പോകും. തിരുത്തേണ്ടത് തിരുത്തും. തോൽവിയുടെ കാരണങ്ങൾ വിശദമായി വിലയിരുത്തും. തെറ്റുകൾ തിരുത്തി തിരിച്ചുവന്ന ചരിത്രമാണ് സിപിഎമ്മിനുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു.

പ്രാഥമികമായ പരിശോധനയാണ് ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. പാർട്ടി പ്രവർത്തകരുടെയും എൽഡിഎഫ് ഘടകകക്ഷികളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് പരിശോധന നടത്തും. മെയ് - ജൂൺ മാസങ്ങളിൽ എല്ലാ പാർട്ടി ഘടകങ്ങളും വിളിച്ചു ചേർത്ത് സഖാക്കൾക്ക് പറയാനുള്ളത് കേൾക്കും. നിർഭയമായും സ്വതന്ത്ര്യമായും അഭിപ്രായം പറയാൻ അവസരമൊരുക്കും.

സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗങ്ങൾ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയറ്റും രണ്ട് ദിവസം നീളുന്ന ജില്ലാ കമ്മിറ്റികളും ചേരും. ഏരിയാ കമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന കമ്മറ്റി അം​ഗങ്ങളും ജില്ലാ കമ്മിറ്റി അം​ഗങ്ങൾ ലോക്കൽ കമ്മിറ്റി യോഗങ്ങളിലും ഏരിയാ കമ്മിറ്റി അം​ഗങ്ങൾ ബ്രാഞ്ച് കമ്മിറ്റികളിലും പങ്കെടുക്കും. ഈ യോ​ഗങ്ങളിലെ ചർച്ചകൾ കൂടി പരി​ഗണിച്ചാണ് പാർടി വിശമായ വിശകലനം തയാറാക്കുക.

ത‍‍ിരഞ്ഞെ‍ടുപ്പിൽ എൽഡിഎഫിന് 37.6 ശതമാനം വോട്ട് ലഭിച്ചു. ഇടത് ചരിത്രത്തിൽ ഇതിന് മുൻപും ഇതിൽ കുറഞ്ഞ വോട്ട് ശതമാനം കിട്ടിയിട്ടുണ്ട്. 2019-ൽ 35.1 ശതമാനവും 2024ൽ 33.35 ശതമാനവും ലഭിച്ചിട്ടുണ്ട്. ആ സന്ദർഭത്തിലൊക്കെ ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തി തിരിച്ചുവന്ന ചരിത്രമാണ് സിപിഎമ്മിനുള്ളത്. വിലയിരുത്തലുകൾ സത്യസന്ധമായിരിക്കുമെന്നും ​ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് ശേഷം ആദ്യമായാണ് എംവി ​ഗോവിന്ദൻ വാർത്താസമ്മേളനം നടത്തുന്നത്.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ ഗോവിന്ദൻ എളുപ്പം വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. എഴുതിത്തയാറാക്കിയ പ്രസ്താവനയാണ് അദ്ദേഹം മാധ്യമപ്രവർത്തകർക്കു മുൻപിൽ വായിച്ചത്. തുടർന്ന്, ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നു പറഞ്ഞ് വാർത്താ സമ്മേളനം അവസാനിപ്പിച്ച അദ്ദേഹം പൊടുന്നനെ എഴുന്നേറ്റു പോയി.

തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് കടുത്ത വിമർശനമാണ് പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ പാർട്ടിക്കുള്ളിലും പുറത്തും ഉയരുന്നത്. വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാർ, കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഉൾപ്പെടെയുള്ള നിരവധി പേർ സോഷ്യൽ മീഡിയയിൽ വിമർശനമുയർത്തി. ഇതോടെ വലിയ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം നേതൃത്വം.

English Summary: CPIM State Secretary MV Govindan termed the party's 2026 assembly election defeat unexpected, promising a thorough evaluation and necessary course corrections. Party committees will meet in May and June to discuss the results, with Govindan noting the 37.6% vote share is not the lowest in the party's history. The leadership pledged to correct mistakes based on popular sentiment and ensure open discussion within the party.