ആലപ്പുഴ: നിയമസഭാ തെരെഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം വിട്ട് യുഡിഎഫിന്റെ പിൻബലത്താൽ അമ്പലപ്പുഴയിൽ മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരനെതിരെ പരിഹസിച്ച് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ. മരിക്കുന്നത് വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹം നടക്കാത്തതിനാൽ പാർട്ടിവിട്ട ഏക വ്യക്തിയാണ് ജി സുധാകരനെന്ന് വിജയരാഘവൻ വിമർശിച്ചു. സുധാകരന്റെ ദുരാഗ്രഹത്തിനൊപ്പം നിൽക്കാൻ പാർട്ടിക്ക് സാധ്യമല്ല. മാത്രമല്ല സഹതാപത്തിന്റെ കണിക പോലും സുധാകരൻ അർഹിക്കുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു. മനുഷ്യനന്മയുടെ ഗുണങ്ങൾ അല്പമെങ്കിലുമുള്ള ആരും ചെയ്യാത്ത പ്രവർത്തിയാണ് സുധാകരൻ ചെയ്തതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
'ജനകീയ സ്വതന്ത്രൻ' എന്ന പേരിട്ടാൽ ജനങ്ങൾക്ക് മനസ്സിലാകില്ലെന്നാണ് കരുതുന്നതെങ്കിൽ വോട്ടെണ്ണുമ്പോൾ അത് വ്യക്തമാകും. സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായാണ്. അതുകൊണ്ടാണ് ചരിത്രത്തിലാദ്യമായൊരാൾ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് വലതുപക്ഷത്തേക്ക് പോകുന്നത്. ബന്ധപ്പെട്ട ചർച്ചകൾക്കായി മൂന്നുവട്ടം മുഖ്യമന്ത്രി സുധാകരനെ വിളിച്ച് സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വി ഡി സതീശൻ്റെയും കെ.സി വേണുഗോപാലിൻ്റെയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു സുധാകരൻ മുഖ്യമന്ത്രിയോട് മുഖം തിരിക്കുകയായിരുന്നു, വിജയരാഘവൻ പറഞ്ഞു.
ഒന്നും കിട്ടിയില്ലെങ്കിലും അതൊരു വിഷമമായി എടുക്കാത്ത ദശലക്ഷം കമ്മ്യൂണിസ്റ്റുകാരുണ്ട് ലോകത്ത്. അത്യപൂർവമായി മാത്രമാണ് ഇതുപോലെയുള്ള എതിരാളികൾ ഉണ്ടാവുന്നത്. പിന്നിൽ നിന്നും കുത്തുന്ന ഇത്തരം ദുരവസ്ഥകൾ പലപ്പോഴും പ്രസ്ഥാനത്തിനുള്ളിൽ സംഭവിക്കാറുണ്ട്. ആലപ്പുഴ ജില്ലയിലെ പാർട്ടി പ്രവർത്തകരുടെ ആത്മാർത്ഥതയാണ് ജി സുധാകരന് കാണാതെ പോയതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. ഈ പാർട്ടി ആരോടും വിരോധം വെച്ച് പുലർത്താറില്ല. പാർട്ടിയെ ദുർബലപ്പെടുത്തി തകർക്കാൻ ശ്രമിക്കുന്ന ശക്തിക്ക് ഒപ്പം നിന്നത് ഹീനമായ അനുഭവമാണെന്നും വിജയരാഘവൻ ആരോപിച്ചു.
നേരത്തെ മൂന്ന് തവണ വിളിച്ചിട്ടും സുധാകരൻ ഫോൺ എടുത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി സുധാകരൻ ചെയ്തതെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. അദ്ദേഹത്തിന് ഒരു വ്യതിയാനം സംഭവിക്കുന്നുവെന്ന് തോന്നിയപ്പോൾ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ തിരക്കിലായിരുന്നു ആയിരുന്നു. പിന്നീട് രണ്ടു തവണ വിളിച്ചപ്പോഴും ബെല്ലടിച്ചതല്ലാതെ എടുത്തില്ല. അപ്പോഴാണ് മനഃപൂർവം എടുക്കാതിരിക്കുന്നതാണെന്ന് മനസ്സിലായിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
English Summary: CPI(M) leader A. Vijayaraghavan mocked G. Sudhakaran for leaving the party and contesting with UDF backing. He accused Sudhakaran of ambition and betrayal, saying he had “read the Communist Manifesto upside down.”