Kerala

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെവിട്ടു, 13 പ്രതികള്‍ കുറ്റക്കാര്‍

കേസിലെ പ്രധാന സാക്ഷിയായ സക്കറിയ പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.

Madism Desk

വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി വന്നു. പി ജയരാജൻ, ടി വി രാജേഷ്, ശ്യാംജിത്ത് എന്നിവരെ കോടതി വെറുതെ വിട്ടു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 14 വർഷത്തിനുശേഷമാണ് വിധി വരുന്നത്. പ്രതിപ്പട്ടികയിൽ പി ജയരാജൻ 32-ാം പ്രതിയും ടി വി രാജേഷ് 33-ാം പ്രതിയുമാണ്. ഇരുവർക്കുമെതിരെ ഗൂഡാലോചനക്കുറ്റം തെളിയിക്കാനായില്ല.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനും കേസിലെ 19-ാം പ്രതിയുമായ പി ശ്യാംജിത്തിനെയും കോടതി വെറുതെവിട്ടിട്ടുണ്ട്.

ഒന്നാം പ്രതി കെ വി സുമേഷ് ഉൾപ്പെടെ 13 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ പ്രധാന സാക്ഷിയായ സക്കറിയ പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. 18 പ്രതികളെയാണ് കേസിൽ കോടതി വെറുതെവിട്ടത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധിയിലുള്ള വാദം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. തുടർന്ന് ശിക്ഷയും ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കി.

2012 ഫെബ്രുവരി 20-നാണ് കണ്ണൂർ തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയും എംഎസ്എഫ് പ്രാദേശിക നേതാവുമായ അബ്ദുൽ ഷുക്കൂർ (18) കണ്ണപുരം കീഴറയിലെ വള്ളുവൻകടവിന് സമീപം കൊല്ലപ്പെട്ടത്. അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനും ടി വി രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായതിന്റെ പ്രതികാരമായാണ് ഷുക്കൂറിനെ രണ്ടര മണിക്കൂറോളം തടഞ്ഞുവെച്ച് വിചാരണ ചെയ്ത് കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ പി ജയരാജനെയും ടി വി രാജേഷിനെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വെച്ചാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന ആസൂത്രണം ചെയ്തതെന്നായിരുന്നു സിബിഐയുടെ ആരോപണം. ഫോൺ കോൾ രേഖകളും മൊബൈൽ ടവർ ലൊക്കേഷനുകളും ഉൾപ്പെടെ സിബിഐ ഹാജരാക്കിയെങ്കിലും ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.

പ്രാദേശിക പൊലീസ് നടത്തിയ അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനെ തുടർന്ന് ഷുക്കൂറിന്റെ മാതാവ് പി സി ആത്തിക്ക നൽകിയ ഹർജിയിലാണ് 2016-ൽ കേരള ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്. അന്വേഷണത്തെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു അന്ന് ഹൈക്കോടതി ഉത്തരവ്. 2016 ഏപ്രിലിൽ കേസ് ഏറ്റെടുത്ത സിബിഐ 2019 ഫെബ്രുവരി 11-നാണ് കുറ്റപത്രം സമർപ്പിച്ചത്. 81 സാക്ഷികൾ, 238 രേഖകൾ, 21 തൊണ്ടിമുതലുകൾ എന്നിവ ഉൾപ്പെടുത്തിയാണ് കുറ്റപത്രം നൽകിയത്. 2025 മെയ് അഞ്ചിന് ആരംഭിച്ച വിചാരണ 17 മാസം നീണ്ടുനിന്നു. 41 സാക്ഷികളെ വിസ്തരിച്ചു.

കേസിലെ പ്രധാന സാക്ഷിയായ സക്കറിയ 23 പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. ഒന്നാം പ്രതി കെ വി സുമേഷ് ഉൾപ്പെടെ പി ഗണേശൻ, അനൂപ്, വിജേഷ്, കെ പ്രകാശൻ തുടങ്ങിയവരാണ് ആദ്യ അഞ്ച് പ്രതികൾ. ആകെ 33 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ട് പേർ നേരത്തെ മരിച്ചതിനെ തുടർന്നാണ് 31 പേർ വിചാരണ നേരിട്ടത്.

In a major relief for the CPI(M), the Special CBI Court in Kochi acquitted party leaders P. Jayarajan, T.V. Rajesh, and 16 others—including P. Shyamjith—in the 2012 Ariyil Shukkoor murder case, observing that the prosecution failed to prove conspiracy charges against the leaders. Meanwhile, the court found 13 accused, including prime accused K.V. Sumesh, guilty.