23 വയസിന് താഴെയുള്ളവർക്ക് മദ്യം വിളമ്പുന്ന ബാറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു. ഇത്തരത്തിൽ പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയതായി കണ്ടെത്തിയാൽ ബന്ധപ്പെട്ട ബാറിന്റെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് മദ്യം ഉപയോഗിക്കാനുള്ള നിയമപരമായ പ്രായം 23 വയസാണ്. ഈ പ്രായപരിധി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ബാർ ഉടമകളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്താവിന്റെ പ്രായത്തിൽ സംശയം തോന്നുന്ന സാഹചര്യങ്ങളിൽ ആധാർ കാർഡോ മറ്റ് ഔദ്യോഗിക തിരിച്ചറിയൽ രേഖകളോ പരിശോധിച്ച ശേഷമേ മദ്യം നൽകാവൂ. പ്രായപരിശോധന നടത്താതെ മദ്യം വിളമ്പുന്നത് ഗുരുതരമായ വീഴ്ചയായി കണക്കാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടും മന്ത്രി നിലപാട് വിശദീകരിച്ചു.
എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന്റെ തുടർച്ചയായിരിക്കില്ല യു.ഡി.എഫ് സർക്കാർ സ്വീകരിക്കുകയെന്നും സാമൂഹിക ഉത്തരവാദിത്വത്തിന് പ്രാധാന്യം നൽകുന്ന പുതിയ സമീപനമായിരിക്കും നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തത്തോടെയുള്ള മദ്യപാന സംസ്കാരം വളർത്തിയെടുക്കുന്നതിനൊപ്പം സംസ്ഥാനത്തെ മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗം കുറയ്ക്കുന്നതിനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
പുതിയ മദ്യനയവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ഒക്ടോബറിൽ പൂർത്തിയായിട്ടുണ്ട്. കേരള ഹൈക്കോടതിക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ നവംബർ 30-നകം നയം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനിടെ, ഹോർട്ടി വൈൻ വിതരണവുമായി ബന്ധപ്പെട്ട് മുൻ എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ചട്ടഭേദഗതികളുടെ അടിസ്ഥാനത്തിൽ ബേക്കറികൾക്ക് അനുവദിച്ച ലൈസൻസുകൾ റദ്ദാക്കിയ നടപടിയും മന്ത്രി വിശദീകരിച്ചു. എട്ട് ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ ബിയറും വൈനും നിലവിൽ എഫ്.എൽ-11 ലൈസൻസുള്ള പ്രത്യേക പാർലറുകൾ വഴിയാണ് വിതരണം ചെയ്യുന്നത്.
എന്നാൽ 15 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ വൈൻ ബേക്കറികളിലൂടെ വിൽക്കുന്നത് സംസ്ഥാനത്തിന്റെ സാമൂഹിക സാഹചര്യങ്ങൾക്ക് അനുയോജ്യമല്ലെന്ന വിലയിരുത്തലിലാണ് ഈ അനുമതി പിൻവലിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാരുമായി ആവശ്യമായ കൂടിയാലോചനകൾ നടത്താതെയാണ് എക്സൈസ് കമ്മീഷണർ തലത്തിൽ ഇത്തരം ലൈസൻസുകൾ അനുവദിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുൻ സർക്കാരിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന ചട്ടങ്ങളുടെയും നിയമപരമായ പഴുതുകളുടെയും അടിസ്ഥാനത്തിൽ പുതിയ സർക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമായി മറ്റ് ലൈസൻസുകൾ അനുവദിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.
സർക്കാർ അനുമതിയില്ലാതെ നയവിരുദ്ധമായി ലൈസൻസ് നൽകിയതായി കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം ടൂറിസം മേഖലയിലെ തൊഴിൽ സാധ്യതകളെയും സാമ്പത്തിക പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാത്ത രീതിയിലായിരിക്കും പുതിയ നയം രൂപീകരിക്കുക. പൊതുസമൂഹത്തിന്റെ താൽപര്യങ്ങളും ടൂറിസം മേഖലയിലെ ആവശ്യങ്ങളും ഒരുപോലെ പരിഗണിക്കുന്ന സന്തുലിതമായ മദ്യനയമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.Excise Minister M. Liju has warned that bar licences will be revoked if alcohol is served to anyone below the age of 23. He stressed that age verification is mandatory and violations will be treated seriously. The minister also announced that the new liquor policy will be unveiled by November 30, emphasising a socially responsible approach.
Excise Minister M. Liju has warned that bar licences will be revoked if alcohol is served to anyone below the age of 23. He stressed that age verification is mandatory and violations will be treated seriously. The minister also announced that the new liquor policy will be unveiled by November 30, emphasising a socially responsible approach.