Kerala

'പരാതി നൽകിയത് ജീവിതത്തിലെ ഏറ്റവും ശരിയായ തീരുമാനമായിരുന്നു'; ഭാവന

ഒരു പരിധിവരെ മാത്രമേ മറ്റുള്ളവർക്ക് ചെയ്യാനാകൂവെന്നും ഒടുവിൽ സ്വന്തം വേദനയെ അതിജീവിക്കേണ്ടത് സ്വയം തന്നെയാണെന്ന തിരിച്ചറിവിലാണ് താൻ നിന്നതെന്നും ഭാവന വ്യക്തമാക്കി

Madism Desk

ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു തനിക്കുണ്ടായ സംഭവത്തിൽ നിയമപരമായി പരാതിപ്പെട്ടതെന്ന് നടി ഭാവന. ആ തീരുമാനത്തിലൂടെയാണ് സ്വന്തം ജീവിതവും മാനസിക സമാധാനവും തിരികെ പിടിക്കാൻ സാധിച്ചതെന്നും ഭാവന വ്യക്തമാക്കി. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

തനിക്കുണ്ടായ സംഭവത്തിൽ പരാതിപ്പെട്ടില്ലായിരുന്നുവെങ്കിൽ ജീവിതം തന്നെ കൈവിട്ടുപോയേനെ എന്ന ബോധ്യത്തിലാണ് ആ തീരുമാനമെടുത്തത്. തെറ്റ് ചെയ്യാത്ത സാഹചര്യത്തിൽ നീതി തേടുക എന്നതാണ് ശരിയെന്ന് വിശ്വസിക്കുന്നുവെന്നും, അതിനാൽ തന്നെ പരാതിപ്പെടുകയായിരുന്നു എന്നും താരം വ്യക്തമാക്കി.

സംഭവത്തിന് ശേഷം മാധ്യമങ്ങളുടെയും പൊതുചർച്ചകളുടെയും ബഹളത്തിൽ നിന്ന് മാറിനിൽക്കാനാണ് ശ്രമിച്ചതെന്നും ഒരു വീടിനുള്ളിലെ പ്രശ്നങ്ങൾ നാലു ചുമരുകൾക്കുള്ളിൽ തീരാമെങ്കിലും, പൊതുജനശ്രദ്ധയിലുള്ള വ്യക്തിയായിരിക്കുമ്പോൾ അതിന് അതിരുകളില്ലാത്ത ശബ്ദമുണ്ടാകുമെന്നും, അതിൽ നിന്ന് മാറിനിൽക്കുക മാത്രമാണ് തന്റെ നിയന്ത്രണത്തിലുണ്ടായിരുന്നതെന്നും താരം അഭിപ്രായപ്പെട്ടു.

ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചതിൽ ഏറ്റവും കൂടുതൽ കടപ്പാടുള്ളത് തനിക്കാണെന്ന് ഭാവന പറഞ്ഞു. അമ്മ, നവീൻ, സുഹൃത്തുകൾ, സഹപ്രവർത്തകർ തുടങ്ങിയവർ പിന്തുണയായി കൂടെയുണ്ടായിരുന്നുവെങ്കിലും, ഒരു പരിധിവരെ മാത്രമേ മറ്റുള്ളവർക്ക് ചെയ്യാനാകൂവെന്നും ഒടുവിൽ സ്വന്തം വേദനയെ അതിജീവിക്കേണ്ടത് സ്വയം തന്നെയാണെന്ന തിരിച്ചറിവിലാണ് താൻ നിന്നതെന്നും ഭാവന വ്യക്തമാക്കി.

ഒരു തീരുമാനം എടുക്കുമ്പോൾ ആരൊക്കെ ഒപ്പമുണ്ടാകും, ആരൊക്കെ പിന്മാറും എന്നത് മുൻകൂട്ടി ചിന്തിക്കാനാകില്ലെന്നും, ആ നിമിഷത്തിൽ എടുക്കുന്ന തീരുമാനമാണ് പ്രധാനം. കൂടെ നിന്നവർ തനിക്ക് ഏറെ അടുത്തവരായിരുന്നുവെന്നും, അധികം പരിചയമില്ലാത്തവരിൽ നിന്നുള്ള പിന്തുണ വികാരഭരിതമാക്കിയതായും ഭാവന വ്യക്തമാക്കി. ഒപ്പം നിൽക്കുമെന്ന് പറഞ്ഞിട്ടും പിന്മാറിയ ചിലർ ഉണ്ടായിരുന്നുവെങ്കിലും, അതേക്കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോൾ അത്ര ഞെട്ടൽ ഇല്ലെന്നും ഭാവന വ്യക്തമാക്കി.

English Summary : Actress Bhavana says filing a legal complaint was the best decision of her life, helping her regain peace and move forward despite some backing out.