Kerala

അരുൺ കശ്യപിന്റെ 3 ലക്ഷം നിക്ഷേപ പരാതിയിൽ ദുരൂഹത; നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ബിഎൽഎം നിക്ഷേപകർ ഹൈക്കോടതിയിലേക്ക്

2021 മാർച്ചിൽ സൊസൈറ്റിയിൽ നിന്ന് വിരമിച്ച അരുൺ കശ്യപ് നാല് വർഷത്തിന് ശേഷം 2025 ജൂണിലാണ് പരാതി നൽകിയത്.

Madism Desk

ഭാ​രത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ഉയർന്നുവരുന്ന പരാതികളിലും മാധ്യമവാർത്തകളിലും കോടതിയുടെ മേൽനോട്ടത്തിൽ നിക്ഷ്പക്ഷ അന്വേഷണം വേണമെന്ന് നിക്ഷേപകർ. പരാതികൾക്ക് പിന്നിലെ പ്രൈഡ് ക്രെഡിറ്റ് സൊസൈറ്റിയുടെ പങ്കിനെക്കുറിച്ചും സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎൽഎം നിക്ഷേപകർ ഹൈക്കോടതിയെ സമീപിക്കും. വിവിധ തൊഴിലാളി സംഘടനകളുടെയും നിക്ഷേപകരുടെയും പങ്കാളിത്തത്തോടെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചാണ് നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.

മുൻ ജീവനക്കാരനും നിലവിൽ പ്രൈഡ് ക്രെഡിറ്റ് സൊസൈറ്റി ലോൺ വിഭാഗം മേധാവിയുമായ അരുൺ കശ്യപ് നൽകിയ മൂന്ന് ലക്ഷം രൂപയുടെ നിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് സഹകരണ ഓംബുഡ്സ്മാൻ 2026 മാർച്ച് 27-ന് പുറപ്പെടുവിച്ച ഉത്തരവും സൊസൈറ്റി ഹാജരാക്കിയ യഥാർത്ഥ ബോണ്ട് രേഖകളും കേസിൽ നിർണായകമായിരിക്കുകയാണ്. തന്റെ പേരിലുള്ളതാണെന്ന് അരുൺ കശ്യപ് അവകാശപ്പെട്ട എഫ്ഡിആർ (FDR നമ്പർ KVS-10/2010-08-1266) ബോണ്ട്, 2017 ഒക്ടോബർ 13-ന് വിനോദ് കുമാർ എന്നയാളുടെ പേരിലാണ് നൽകിയിട്ടുള്ളതെന്ന് സൊസൈറ്റി യഥാർത്ഥ രേഖകൾ സഹിതം വ്യക്തമാക്കി. അരുൺ കശ്യപ് പണമടച്ചതായി തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റോ, ഇടപാട് റഫറൻസ് നമ്പറോ, രസീതോ ഹാജരാക്കിയിട്ടില്ലെന്നും സൊസൈറ്റിയുടെ അക്കൗണ്ട് രേഖകളിൽ ഇത്തരമൊരു നിക്ഷേപമില്ലെന്നും മാനേജ്മെന്റ് ചൂണ്ടിക്കാട്ടി.

മൂന്ന് ലക്ഷം രൂപയുടെ ബോണ്ട് വിനോദ് കുമാറിന്റെ പേരിലാണ് നൽകിയിട്ടുള്ളതെന്ന് സൊസൈറ്റി രേഖകൾ

2021 മാർച്ചിൽ സൊസൈറ്റിയിൽ നിന്ന് വിരമിച്ച അരുൺ കശ്യപ് നാല് വർഷത്തിന് ശേഷം 2025 ജൂണിലാണ് പരാതി നൽകിയത്. ഈ കാലതാമസത്തിന് പിന്നിലെ സാഹചര്യങ്ങൾ അന്വേഷിക്കണമെന്നും സൊസൈറ്റി ആവശ്യപ്പെടുന്നു. അതേസമയം, തനിക്ക് പരിചയമുള്ള നിരവധി വ്യക്തികൾക്ക് ബിഎൽഎം സൊസൈറ്റി നിക്ഷേപത്തുക തിരികെ നൽകിയിട്ടുണ്ടെന്ന് പരാതിക്കാരൻ തന്നെ ഓംബുഡ്സ്മാന് നൽകിയ പരാതിയിൽ സമ്മതിച്ചിട്ടുണ്ട്. സാധുവായ എല്ലാ റീഫണ്ട് അപേക്ഷകളും സൊസൈറ്റി പരിഗണിക്കുന്നുണ്ടെന്നതിന് ഇത് തെളിവാണെന്നും, എന്നാൽ രേഖകളില്ലാത്ത അവകാശവാദങ്ങളിൽ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

ഇരുകക്ഷികളുടെയും സത്യവാങ്മൂലങ്ങൾ പരിശോധിച്ച സഹകരണ ഓംബുഡ്സ്മാൻ, ഒരേ ബോണ്ട് രണ്ട് വ്യത്യസ്ത വ്യക്തികളുടെ പേരിൽ നിലനിൽക്കാനാവില്ലെന്ന് ഉത്തരവിൽ നിരീക്ഷിച്ചു. വിഷയത്തിൽ ക്രിമിനൽ വീഴ്ചകളുണ്ടെങ്കിൽ നിയമപാലക ഏജൻസികൾക്ക് തുടർനടപടി സ്വീകരിക്കാമെന്നും ഉത്തരവിലുണ്ട്. നടപടികളുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ഓംബുഡ്സ്മാൻ നിർദേശിച്ചാൽ 3 ലക്ഷം രൂപ കെട്ടിവയ്ക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും, അത് സാമ്പത്തിക ബാധ്യതയുടെ അംഗീകാരമായി കണക്കാക്കാനാവില്ലെന്ന് സൊസൈറ്റി വ്യക്തമാക്കി.

ബിഎൽഎം സൊസൈറ്റിയിലെ മുൻ ജീവനക്കാരനായ അരുൺ കശ്യപ് നിലവിൽ പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ലോൺ വിഭാഗം മേധാവിയാണ്. ഈ സാഹചര്യത്തിൽ, ബിഎൽഎമ്മിനെതിരെ ഉയരുന്ന പരാതികൾക്കും തുടർച്ചയായ പ്രചാരണങ്ങൾക്കും പിന്നിൽ മത്സരപരമായ താൽപര്യങ്ങളുണ്ടോയെന്ന സംശയം നിക്ഷേപകർ ഉന്നയിക്കുന്നു. ഒരു മത്സരസ്ഥാപനത്തെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിതമായി വ്യാജപ്രചാരണങ്ങളും തെറ്റായ പരാതികളും ആസൂത്രണം ചെയ്യപ്പെടുന്നുണ്ടോ എന്നും ഇതിൽ പ്രൈഡ് ക്രെഡിറ്റ് സൊസൈറ്റിക്ക് പങ്കുണ്ടോ എന്നും അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവരണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു.

കേരളത്തിൽ കഴിഞ്ഞ 21 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിച്ച് അംഗങ്ങൾക്കിടയിൽ അനാവശ്യ ആശങ്ക സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം. മറുനാടൻ മലയാളി യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവും തുടർന്നുള്ള നിയമനടപടികളും നിലവിലുണ്ടെന്ന് സൊസൈറ്റി വ്യക്തമാക്കി.

സ്ഥാപനത്തിന്റെ മുൻകാല ഭരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും നിലവിലെ പ്രവർത്തനങ്ങളും വേർതിരിച്ച് പരിശോധിക്കണമെന്നും, മുൻജീവനക്കാർ നൽകിയ കേസുകളിലും സൊസൈറ്റി നൽകിയ പരാതികളിലും ഒരേ ഗൗരവത്തോടെ അന്വേഷണം നടത്തണമെന്നും നിക്ഷേപകർ ആവശ്യപ്പെടുന്നു. വ്യാജരേഖകൾ, തെറ്റായ പരാതികൾ, സ്ഥിരീകരിക്കാത്ത മാധ്യമവാർത്തകൾ, മത്സരപരമായ താൽപര്യങ്ങൾ മുൻനിർത്തിയുള്ള പ്രചാരണങ്ങൾ എന്നിവയെല്ലാം സ്വതന്ത്ര അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവന്ന് യഥാർത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയാണ് ആക്ഷൻ കൗൺസിലിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

Investors of Bharat Lajna Multi-State Housing Co-operative Society (BLM) have formed an Action Council and decided to approach the High Court seeking a court-monitored, impartial investigation into complaints and media reports against the society, including the alleged role of Pride Credit Co-operative Society. The move follows crucial revelations in a ₹3 lakh deposit complaint filed by former BLM employee Arun Kashyap, who currently heads the loan department at Pride Credit Society. Original bond records produced by BLM show that the claimed FDR (No. KVS-10/2010-08-1266) was actually issued in the name of one Vinod Kumar in October 2017, and Kashyap failed to provide bank statements or receipts proving his transaction.