Kerala

'കുറ്റത്തിൽ നേരിട്ട് പങ്കില്ല'; ചേരാനെല്ലൂർ വാഹനാപകടത്തിലെ പ്രതിയായ ജഡ്ജി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

ജഡ്ജിയെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി പൊലീസ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

Madism Desk

ചേരാനെല്ലൂർ വാഹനാപകടക്കേസിൽ പ്രതിചേർക്കപ്പെട്ട സെഷൻസ് ജഡ്ജി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും. ജസ്റ്റിസ് കൗസർ ഇടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ജഡ്ജിയുടെ 17 വയസ്സുള്ള മകനാണെന്നാണ് കേസ്. തുടർന്ന് മകന്റെ പിതാവായ സെഷൻസ് ജഡ്ജിയെ പൊലീസ് കേസിൽ പ്രതിചേർക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ജഡ്ജിയെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി പൊലീസ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

അതേസമയം, ജഡ്ജിക്കെതിരായ തുടർനടപടികൾ സംബന്ധിച്ച തീരുമാനം രണ്ട് ദിവസത്തിന് ശേഷമേ ഉണ്ടാകൂ. തിടുക്കത്തിൽ നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നിലപാട്. പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനാണ് തീരുമാനം. ജഡ്ജിക്കെതിരെ സസ്പെൻഷൻ നടപടി വേണമെന്ന് തൃശ്ശൂർ ജില്ലാ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി റിപ്പോർട്ട് നൽകിയിരുന്നു.

ഇതിനിടെ, അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതി രജിസ്ട്രാറെ നേരിൽ കണ്ടു. പ്രതിയായ ജഡ്ജിയെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതിനിടെ, ജഡ്ജിയുടെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് പരിശോധനയും തുടരുകയാണ്. ക്രൈംബ്രാഞ്ച് എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ആഡംബര ബൈക്ക് ഉൾപ്പെടെയുള്ളവ പരിശോധനയ്ക്കിടെ പിടിച്ചെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടുകെട്ടാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

കേസിൽ ഉൾപ്പെട്ട കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതിന് മുന്നോടിയായി വാഹന ഉടമയായ സെഷൻസ് ജഡ്ജിക്ക് മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണത്തിന്റെ തുടർഫലങ്ങളും ജഡ്ജിക്കെതിരായ നടപടികളും കേസിൽ നിർണായകമാകും.

മകൻ വണ്ടിയോടിച്ചത് തന്റെ അറിവോടെയല്ലെന്നാണ് ജഡ്ജി മൊഴി നൽകിയത്. തിങ്കളാഴ്ച വൈകീട്ടാണ് ജഡ്ജിയുടെ ആലുവയിലെ വീട്ടിലെത്തി അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്. മകൻ പതിവായി വാഹനം ഓടിക്കാറുണ്ടെന്ന് തനിക്ക് അറിയില്ലെന്നാണ് ജഡ്ജിയുടെ മൊഴി. സംഭവത്തിൽ അഡീഷണൽ മജിസ്ട്രേറ്റിന് വീഴ്ചപറ്റിയെന്ന് പോർട്ട്ഫോളിയോ ജഡ്ജ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

മകൻ ഓടിച്ച വാഹനമിടിച്ച് ഒരാൾ കൊല്ലപ്പെട്ടതിന് പിന്നാലെ അച്ഛനായ ജഡ്ജ് പൊലീസ് സ്റ്റേഷനിൽ പോയത് തെറ്റാണെന്നും ഔദ്യോ​ഗിക ആവശ്യത്തിനല്ലാതെ സ്റ്റേഷനിൽ പോകുമ്പോൾ ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങണമായിരുന്നെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.17കാരനെ 25 വയസ് വരെ ലൈസൻസ് എടുക്കുന്നതിൽ നിന്ന് വിലക്കാനുള്ള നടപടികൾ ആരംഭിച്ചതായി മോട്ടോർ വാഹനവകുപ്പും അറിയിച്ചിരുന്നു.

വാഹനങ്ങൾ അമിത വേ​ഗത്തിൽ ഓടിക്കുന്നതിന്റെ റീലുകൾ പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് കഴിഞ്ഞ ദിവസം 17കാരൻ ഡിലീറ്റ് ചെയ്തിരുന്നു. അപകടം സംഭവിച്ച ദിവസം രാത്രി കാറുമായി ഇറങ്ങിയത് റീൽസ് ചിത്രീകരിക്കാനാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ഇയാൾ 104 കിലോമീറ്റർ വരെ വേ​ഗത്തിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

അതിനിടെ, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. സർക്കാർ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും കുറ്റക്കാർ ആരായാലും വിട്ടുവീഴ്ചയില്ലാത്ത കർശന നടപടിയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി ഉറപ്പുനൽകിയത്.കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വലിയ പ്രതിഷേധങ്ങൾക്കായിരുന്നു വഴിവെച്ചത്. തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിഷയത്തിൽ ഇടപെട്ടിരുന്നു. പിന്നീട് കുട്ടിയെ പിടികൂടി, എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. നിസ്സാര വകുപ്പുകൾ ചുമത്തിയായിരുന്നു തുടക്കത്തിൽ 17കാരനെതിരെ കേസെടുത്തത്.

മരിച്ച നോർത്ത് പറവൂർ സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പ്രതിഷേധത്തിന് പിന്നാലെയാണ് കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തിയതും വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചതും.സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ 181, 183 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

A Sessions Judge accused in the Cheranalloor road accident case has approached the Kerala High Court seeking anticipatory bail. The plea will be considered tomorrow. Police had named the judge as an accused and sought permission to arrest him. Meanwhile, the Crime Branch continues its search at the judge’s flat, and the family of the deceased, Jayabalakrishnan, has demanded the judge’s dismissal from service. Further action against the judge is expected to be based on the police investigation report.