Kerala

'വിജയ ലഹരിയിൽ പരിസരബോധം മറന്നുപോയി, അവരെല്ലാം കുഞ്ഞനുജത്തിമാരാണ്, പൊറുക്കണം'; ആലിം​ഗന വിവാദത്തിൽ ചെറിയാൻ ഫിലിപ്പ്

അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം സദയം പൊറുക്കണം

Madism Desk

ആലിംഗന വിവാദത്തിൽ ആദ്യമായി വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. തിരഞ്ഞെടുപ്പ് വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിഷയത്തിൽ തന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം സദയം പൊറുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പിതൃനിർവിശേഷമായ സ്നേഹപ്രകടനമാണ് നടത്തിയതെന്ന് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എം.പി അന്നുതന്നെ പറഞ്ഞിരുന്നു. എന്റെ പെരുമാറ്റത്തിൽ ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എന്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇവരോടെല്ലാം ആഹ്ളപൂർവം സൗഹൃദം പങ്കുവെച്ചു.

അരനൂറ്റാണ്ടിനു മുമ്പ് രാഷ്ട്രീയപീഡനത്തിൽ നട്ടെല്ലിനും സുഷുമ്‌നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടർന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകച്ചയിലായി. കാലുകളിലെ പേശികൾ ശോഷിച്ചു. തുടർച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റുനടക്കുന്നത്. ഒറ്റയാനായി സംന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹമാധ്യമ അക്കൗണ്ടുകള്‍ ചിത്രീകരിച്ചത് മാനസികമായി തളർത്തി. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തി. എനിക്ക് സാന്ത്വനമരുളിയ എന്നെ അറിയാവുന്ന അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നുവെന്നും ചെറിയാൻ ഫിലിപ്പ് കുറിച്ചു.

English Summary: Cherian Philip has responded to the hugging controversy, stating that the gestures were made in the excitement of election victory and without any improper intention. In a Facebook post, he said he embraced Congress MLAs affectionately like younger siblings and apologized if anyone felt offended.