തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്പ്പിന് പിന്നിൽ തമിഴ് ചിത്രം 'ലിയോ'യിലെ രംഗം അനുകരിക്കാനുള്ള ശ്രമമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഈ നിഗമനത്തിലെത്തിയത്. സിനിമയിലെയും റീൽസിലെയും രംഗങ്ങൾ അനുകരിച്ച് കൂട്ടുകാർക്കിടയിൽ ശ്രദ്ധ നേടാനായിരുന്നു ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ശ്രമമെന്നാണ് വിലയിരുത്തൽ.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ക്ലാസ് ഇടവേളയിലാണ് സംഭവം. 2023ൽ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം 'ലിയോ'യിലെ വെടിവയ്പ്പ് രംഗം അനുകരിക്കുന്നതിനിടെയാണ് തോക്കിൽ നിന്ന് വെടിയുതിർത്തത്. ആദ്യം പൊട്ടിയ വെടിയുണ്ട സ്കൂൾ ഭിത്തിയിലാണ് പതിച്ചത്. ഏകദേശം പത്ത് മിനിറ്റിന് ശേഷം ബാഗിൽ നിന്ന് വീണ്ടും തോക്കെടുത്ത് പ്രയോഗിച്ചപ്പോൾ ഒന്നരയടി അകലെ നിന്ന സഹപാഠിയുടെ കൈയിൽ വെടിയേൽക്കുകയായിരുന്നു.
സംഭവം മനഃപൂർവമായ ആക്രമണമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെടിയേറ്റ വിദ്യാർഥിയുടെയും സംഭവത്തിന് സാക്ഷികളായ സഹപാഠികളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ മുന്നിൽ പ്രദർശനം നടത്തുന്നതിനിടെയുണ്ടായ അപകടമാണെന്നാണ് മൊഴികളിൽ വ്യക്തമാകുന്നത്. പ്രതിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. തുടർന്ന് ഡിസംബർ അഞ്ചുവരെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലേക്ക് മാറ്റാൻ ഉത്തരവിട്ടു.
അതേസമയം, തോക്കുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയ്ക്കെതിരെയും ആംസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. അമ്മയുടെ അലമാരയിൽ നിന്നാണ് തോക്ക് ലഭിച്ചതെന്ന വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിയുടെ മുത്തച്ഛൻ ഉപയോഗിച്ചിരുന്ന തോക്കാണിതെന്നാണ് വിവരം. മുത്തച്ഛൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. തോക്കിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം. അമ്മയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും നിലവിൽ തിടുക്കത്തിൽ അറസ്റ്റ് വേണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.
പ്രസ്താവന പിൻവലിച്ച് ടി എം ശശി എംഎൽഎ
വെടിവയ്പ്പ് സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ടി.എം. ശശി എംഎൽഎ. സഹപാഠിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒൻപതാം ക്ലാസുകാരൻ തോക്കുമായി സ്കൂളിലെത്തിയതെന്നായിരുന്നു എംഎൽഎയുടെ പ്രസംഗത്തിലെ പരാമർശം.
എന്നാൽ, തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വ്യക്തമാക്കിയ എംഎൽഎ, പരാമർശം പിൻവലിക്കുന്നതായും അറിയിച്ചു. ഇതുസംബന്ധിച്ച വിശദീകരണം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പങ്കുവച്ചത്. ആലത്തൂർ ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്.
Police say the shooting incident at a school in Thrithala was an attempt to recreate a scene from the Tamil film 'Leo'. The ninth-grade student is suspected of trying to gain attention from his classmates. According to his statement, he found the gun in his mother's cupboard. The Juvenile Justice Board ordered that the accused be sent to a juvenile home after being produced before it.