Kerala

സി ജെ റോയ്‌യുടെ മരണം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു

അന്വേഷണത്തിന്റെ ഭാഗമായി സി ജെ റോയിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ ബെംഗളൂരു പൊലീസ് പരിശോധിച്ചു

Madism Desk

തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചു. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ ഗുരുതരമായ ജാഗ്രതക്കുറവ് ഉണ്ടായെന്നും, സി ജെ റോയിയുടെ മരണം ഭരണസംവിധാനത്തിന് തീരാ കളങ്കമായി മാറിയെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.

നിലവില്‍ സി ജെ റോയിയുടെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുകയാണ്. ഡിഐജി വംശി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ബെംഗളൂരു സൗത്ത് ഡിവിഷന്‍ ഡിസിപി ലോകേഷ്, അക്ഷയ് ഹക്കായ്, സുധീര്‍ രാമചന്ദ്രന്‍, രവി കെ.ബി. എന്നിവരുമുണ്ട്. ബെംഗളൂരു പൊലീസും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി സി ജെ റോയിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ ബെംഗളൂരു പൊലീസ് പരിശോധിച്ചു. റോയ് ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫോണുകളുടെ പാസ്‌വേഡ് കണ്ടെത്തുന്നതിനായി കുടുംബത്തിന്റെ സഹായം തേടാനാണ് പൊലീസ് തീരുമാനം.

ഇതിനിടെ സി ജെ റോയിയുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടും പുറത്തുവന്നു. വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി ഉണ്ടായ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരു അവയവങ്ങളും തകര്‍ത്താണ് വെടിയുണ്ട പുറത്തു പോയതെന്നും 6.35 എംഎം വലിപ്പമുള്ള വെടിയുണ്ട ശരീരത്തില്‍ നിന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. വെടിമരുന്നിന്റെയും ശരീര ഭാഗങ്ങളുടെയും സാമ്പിളുകള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചതായി ബൗറിംഗ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എം. എന്‍. അരുണ്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ടാണ് സി ജെ റോയ് ജീവനൊടുക്കിയത്. പ്രാഥമിക വിവരങ്ങള്‍ പ്രകാരം, അദ്ദേഹം ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. എന്നാല്‍ അന്ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടില്ലെന്ന വിവരവും പിന്നീട് പുറത്തുവന്നു.

സി ജെ റോയിയുടെ മരണത്തില്‍ ആദായ നികുതി വകുപ്പിനെതിരെ കുടുംബം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സികളില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് റോയിയുടെ സഹോദരന്‍ സി ജെ ബാബു ആരോപിച്ചു. റോയ്ക്ക് കടബാധ്യതകളോ മറ്റ് ഭീഷണികളോ ഉണ്ടായിരുന്നില്ലെന്നും, ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെക്കുറിച്ച് കുടുംബത്തിന് അറിവുണ്ടായിരുന്നുവെന്നും ബാബു വ്യക്തമാക്കി.

English Summary : Kerala CM Pinarayi Vijayan has written to the Union Finance Minister demanding a judicial probe into the death of Confident Group owner CJ Roy, citing lapses during the Income Tax investigation