ബെംഗുളൂരു: കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നെഞ്ചിലേറ്റ വെടിയുണ്ട ഹൃദയവും ശ്വാസകോശവും തകര്‍ത്തുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ശരീരഭാഗങ്ങള്‍ വിശദ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. 6.55 മില്ലീ മീറ്റര്‍ വലിപ്പമുള്ള വെടിയുണ്ടയും കണ്ടെടുത്തിട്ടുണ്ട്. വിശദമായ പരിശോധനയിലായിരിക്കും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുക. നിലവില്‍ ബെംഗുളൂരു പൊലീസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.
കര്‍ണാടക സിഐഡിയാണ് കേസ് അന്വേഷിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. നാളെ രാവിലെ വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുമെന്നാണ് വിവരം. പിന്നീട് കോറമംഗലത്തെ സഹോദരന്റെ വീട്ടില്‍ പൊതുദര്‍ശനമൊരുക്കും, ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍.
അതേസമയം റോയിയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന നിഗമനത്തിലാണ് കുടുംബം. നേരത്തെ റോയിക്ക് മറ്റു ബാധ്യതകളൊന്നുമില്ലെന്ന് സഹോദരന്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് സമ്മര്‍ദ്ദത്തിന് പിന്നിലെന്നും സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച്ച വൈകീട്ടാണ് വ്യവസായ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സിജെ റോയ് സ്വയം വെടിയുതിര്‍ത്ത് ആത്മഹുതി ചെയ്യുന്നത്. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെയായിരുന്നു ആത്മഹത്യ. മരണത്തിന് ശേഷവും റെയ്ഡ് നടന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നിരവധി രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തെന്നും സൂചനയുണ്ട്.
English Summary: The preliminary post-mortem report on Confident Group chairman Dr. C.J. Roy confirms that a 6.55 mm bullet pierced his heart and lungs, causing fatal damage. The body has been sent for detailed forensic examination.