Kerala

'സർക്കാരിന് ഇടപെടാനാവില്ല, മൈക്ക് മുഖത്തടിച്ചിട്ട് പോലും ഞാനൊന്നും പറഞ്ഞില്ല'; ഇഡി റെയ്ഡിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

താൻ എപ്പോൾ പ്രതികരിക്കണമെന്ന് താൻ തീരുമാനിക്കുമെന്നും അതിനുള്ള അവകാശമെങ്കിലും തരണമെന്നും പ്രതികരണം

Madism Desk

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിലടക്കം 12 ഇടത്ത് ഇഡി നടത്തിയ റെയ്ഡിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. താൻ എപ്പോൾ പ്രതികരിക്കണമെന്ന് താൻ തീരുമാനിക്കുമെന്നും അതിനുള്ള അവകാശമെങ്കിലും തരണമെന്നുമായിരുന്നു പ്രതികരണം.

ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ഇടപെടാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും കേന്ദ്ര ഏജൻസികളെ കുറിച്ച് തങ്ങൾക്കും പരാതികളുണ്ട് എന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

ഞാൻ എപ്പോഴാണ് മറുപടി പറയേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും എനിക്ക് തരണം. ഞാൻ മൌനി ബാബയാണ്, മറുപടി പറഞ്ഞില്ല, പന്ത്രണ്ട് പ്രാവശ്യം ചോദിച്ചു എന്നൊക്കെ പറഞ്ഞു. എങ്ങനെയാണ് ചോദിച്ചത് എന്നറിയണ്ടേ.. രാവിലെ നടക്കാനിറങ്ങിയപ്പോൾ ചോദ്യം, കാറിൽ കയറാൻ തുടങ്ങിയപ്പോൾ ചോദ്യം.

ഒരു തവണ ഏതോ ഒരു മൈക്ക് മുഖത്ത് വന്നടിക്കുക വരെ ചെയ്തു. ഞാനാരോടും ഒന്നും പറഞ്ഞില്ല. ഉചിതമായ സമയത്തല്ലേ മറുപടി പറയേണ്ടത്. ഞാനങ്ങനെ ഒളിച്ചോടുന്ന ആളൊന്നും അല്ലല്ലോ. ഞാൻ മറുപടി പറയേണ്ട സമയം തീരുമാനിക്കേണ്ടത് ഞാനാണ്. എനിക്കത് പഠിച്ച് മനസ്സിലാക്കിയേ പറയാനാവൂ...

കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത ഒരു കേസാണത്. സംസ്ഥാന സർക്കാരിന് അതിലൊരു റോളുമില്ല. സംസ്ഥാനത്തെ അറിയിച്ചിട്ടുമില്ല. എന്നിട്ട് പോലും ക്രമസമാധാനപാലനത്തിന് ആഭ്യന്തരമന്ത്രി പൊലീസിനെ അയച്ചു. എന്നിട്ട് ചെയ്തതെന്താ, സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥരെ ഒരു സംഘം ആക്രമിച്ചു. അത് ക്രമസമാധാന ലംഘനമാണ്. അതൊരു കാരണവശാലും അനുവദിക്കില്ല. ഞങ്ങൾ കൂടി ഉന്നയിച്ച ആരോപണമല്ലേ അത്. അത് അന്വേഷിക്കണ്ടേ..

പ്രതിപക്ഷനേതാവ് പുറത്തിറങ്ങിയിട്ട് ആദ്യം കുറ്റം പറഞ്ഞത് രാഹുൾ ഗാന്ധിയെയാണ്. ബി.ജെ.പിയോ കേന്ദ്രസർക്കാരിനെയോ ഒന്നും പറഞ്ഞില്ല. രാഹുൽ ഗാന്ധിക്കെതിരെ അന്വേഷണം വന്നപ്പോൾ അദ്ദേഹമെന്താ ചെയ്തത്, പ്രവർത്തകരെ വിട്ട് വണ്ടി തല്ലിപ്പൊളിച്ചോ.. ഇല്ല. രാഷ്ട്രീയമായി എടുത്തിരിക്കുന്ന കേസായത് കൊണ്ട് ഞങ്ങളതിനെ രാഷ്ട്രീയമായി എതിർത്തു.

മുഖ്യമന്ത്രിയുടെ കുടുംബാംഗത്തിനെതിരെ കേസെടുത്തെങ്കിൽ അതിനെ രാഷ്ട്രീയമായി തന്നെ സിപിഎം നേരിടണം. അന്വേഷണം തുടരണമെന്ന കോടതിനിർദേശത്തിലല്ലേ ഇഡി റെയ്ഡ് നടത്തിയത്. അത് പാടില്ലെന്ന് പറയാൻ ഞങ്ങൾക്കാകുമോ. അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. അത് ആവർത്തിക്കാനാവില്ല.

പിന്നെ സിപിഎം പറഞ്ഞൊരു കാര്യമാണ് മോദി-വിഡി ഡീൽ. ഞാൻ മുഖ്യമന്ത്രിയായ ശേഷമുള്ള രണ്ടാമത്തെ തമാശയാണത്. പ്രധാനമന്ത്രിയെ കണ്ടപ്പോ ഞാൻ പറഞ്ഞു പിണറായിയുടെ വീടൊന്ന് റെയ്ഡ് ചെയ്യണമെന്ന്.. അദ്ദേഹമത് കേട്ടു, റെയ്ഡും ചെയ്തു. മുൻ മന്ത്രിമാരുൾപ്പടെ ആളുകളോട് പറയുകയാണിത്. ഞാൻ ചിരിക്കണോ കരയണോ..

ഡയറിയിൽ ഞങ്ങളുടെ മന്ത്രിമാരുടെ പേരുണ്ടെന്ന് പറഞ്ഞു. വ്യവസായസ്ഥാപനങ്ങളിൽ നിന്നും മുതലാളിമാരിൽ നിന്നും രാഷ്ട്രീയപ്പാർട്ടിക്കാർ ഫണ്ട് വാങ്ങും. സിഎംആർഎല്ലിൽ നിന്നും ഞങ്ങളുടെ നേതാക്കന്‍മാരും മറ്റ് പാർട്ടിയിലെ നേതാക്കന്‍മാരും ഫണ്ട് വാങ്ങിയിട്ടുണ്ട്. അതല്ല ഇവിടുത്തെ കേസ്. കള്ളപ്പണം വെളുപ്പിക്കലാണ് ഇവിടെ കേസ്. അത് അന്വേഷിക്കേണ്ട എന്ന് സംസ്ഥാന സർക്കാരിന് പറയാൻ പറ്റുമോ, ഇല്ല.

English Summary: Chief Minister VD Satheesan has responded for the first time to the ED raids conducted at 12 locations, including the residences of former Chief Minister Pinarayi Vijayan. He said it is up to him to decide when to respond and asked that he at least be given that right. The Chief Minister also said the state government cannot interfere in a case registered by the ED and added that they too have complaints against central agencies.