സിഎംആര്‍എല്‍ - എക്‌സാലോജിക് ഇടപാടില്‍ വീണ്ടും ചൂടുപിടിച്ച് കേരള രാഷ്ട്രീയം. ടി വീണയ്ക്ക് അപ്പുറത്തേക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സിപിഎം സെക്രട്ടേറിയറ്റ് അംഗം കൂടിയായ മുഹമ്മദ് റിയാസ് എംഎല്‍എ എന്നിവര്‍ക്കെതിരെ ഇ ഡി നേരിട്ട് കൈക്കൂലി ആരോപണം ഉന്നയിക്കുന്ന റിപ്പോര്‍ട്ടാണ് ചര്‍ച്ചകള്‍ കലുഷിതമാക്കുന്നത്.
3.28 കോടി രൂപ പിണറായി വിജയന്‍ മകള്‍ വഴി കൈക്കൂലി വാങ്ങിയെന്നാണ് ഇ ഡി റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്ന ആരോപണം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്കയച്ച കത്തില്‍ പിണറായി വിജയനടക്കമുള്ളവരുടെ പേരും പങ്കാളിത്തവും എണ്ണിപ്പറയുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ഇ ഡിയുടെ ആവശ്യം.
ഇ ഡി റിപ്പോർട്ടിലെ പരാമർശങ്ങൾ
മകള്‍ വീണ വഴി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍- സിഎംആര്‍എല്ലില്‍ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയതിന് കേസെടുക്കണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ പി സുരേഷ് കുമാറിന്റെ മൊഴിയാണ് ഇതിന് അടിസ്ഥാനമാക്കി കാണിച്ചിരിക്കുന്നത്.
കൈക്കൂലി പണം സ്വീകരിച്ചതിനും ആ പണം ദുബായിലേക്ക് കൈമാറിയതിനും പിന്നില്‍ പ്രവര്‍ത്തിച്ചത് പി എ മുഹമ്മദ് റിയാസ് ആണെന്നാണ് ഇ ഡിയുടെ മറ്റൊരു ആരോപണം. കൈക്കൂലി പണം ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പിണറായി വിജയന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് സഹായം നല്‍കിയെന്നാണ് ടി വീണയ്ക്ക് എതിരായി കേസെടുക്കാന്‍ ഇ ഡി ചൂണ്ടിക്കാട്ടുന്നത്.
വ്യാജ പേയ്‌മെന്റുകള്‍ വഴിതിരിച്ചുവിടാന്‍ ഉപയോഗിച്ച കോര്‍പ്പറേറ്റ് സ്ഥാപനം എന്നാണ് എക്സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെ ഇ ഡി അടയാളപ്പെടുത്തുന്നത്. കൈക്കൂലി നല്‍കിയതിനാണ് സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടറായ ശശിധരന്‍ കര്‍ത്തയ്ക്കെതിരായി കേസെടുക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. കൈക്കൂലി നല്‍കാന്‍ സഹായിച്ചതിന് സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ ആയ സുരേഷ് കുമാറിനെതിരെ കേസെടുക്കണമെന്നും ഇ ഡി പറയുന്നു.
കൈക്കൂലി പണം കൈമാറാന്‍ ഉപയോഗിച്ച സ്ഥാപനമായാണ് എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഇ ഡി ചൂണ്ടിക്കാട്ടുന്നത്. കൈക്കൂലി പണം ശേഖരിക്കുന്നതിലും കൈമാറുന്നതിലും വീണയേയും മുഹമ്മദ് റിയാസിനെയും സഹായിച്ചത് ഷൈജല്‍ എന്ന ഷൈജല്‍ മുഹമ്മദ്, വാരിസ് എന്ന ഹസ്സന്‍ വാരിഷ്, നിഖില്‍, ഫൈജാസ് വി പി, നന്ദലാല്‍ എം എന്നിവര്‍ ഇടപെട്ടു. ഇതിന് പുറമെ അറിയപ്പെടാത്ത മറ്റുള്ളര്‍ എന്ന പേരിലും ചിലരെ ഇ ഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
എന്നാല്‍, റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെ ഇ ഡിയുടെ ഇടപെടലിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം. ഏത് അന്വേഷണവും നടക്കട്ടെ എന്നും തങ്ങളാരും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും റിയാസ് പ്രതികരിച്ചു. ഇ ഡിയുടെ നീക്കങ്ങള്‍ക്ക് പിന്നിലെ തിരക്കഥ മോശമല്ലെന്നും അദ്ദേഹം പരിഹസിച്ചു.
''കേസ് എടുക്കണോയെന്ന് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിക്കട്ടെ. ഇ ഡിയുടെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഒരു തരത്തിലും ഭയപ്പെടാനില്ല. ഏതൊക്കെ തിരക്കഥവെച്ച് ഏത് ആംഗിളില്‍ കൊണ്ടുപോയാലും നിരപരാധികള്‍ നിരപരാധികളാണ്. ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ല. തിരക്കഥയൊന്നും മോശമില്ല. ജീവിക്കുന്ന മനുഷ്യന്റെ പച്ചയിറച്ചി കടിച്ച് തിന്ന് രസിക്കുന്നതിന് സമാനമായ കാര്യങ്ങളാണ് കുറച്ച് കാലങ്ങളായി നടക്കുന്നത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നല്ല ആത്മവിശ്വാസം ഉണ്ട്. പേടിച്ച് പോയെന്ന് ആരും കരുതേണ്ട. എങ്ങനെയൊക്കെ വേട്ടയാടാന്‍ ശ്രമിച്ചാലും ഭയപ്പെടില്ല''- റിയാസ് പറഞ്ഞു.
വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത് സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ പ്രതികരണം. ഇ ഡിയില്‍ നിന്ന് ഡിജിപിക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും അത് പരിശോധിക്കട്ടെ എന്നിട്ട് തുടര്‍നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു.
ഇ ഡി റിപ്പോര്‍ട്ടിന് പിന്നാലെ പിണറായി വിജയനെ കടന്നാക്രമിച്ച് കേസിലെ പരാതിക്കാരന്‍ കൂടിയായ ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. കേരളത്തിന്റെ തീരത്തെ ആണ് പിണറായി വിജയന്‍ വില്‍പ്പന നടത്തിയത്. കേരള പൊലീസ് എത്രയും പെട്ടെന്ന് കേസ് രജിസ്റ്റര്‍ ചെയ്യണം. ഇപ്പോഴത്തെ നടപടി മൂന്ന് വര്‍ഷത്തെ നിയമപോരാട്ടത്തിന്റെ ഫലമാണെന്നും ഷോണ്‍ ജോര്‍ജ് അവകാശപ്പെട്ടു. പിണറായി വിജയനെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. തെളിവുകള്‍ നല്‍കാന്‍ താന്‍ തയ്യാറാണെന്നും മാത്യു കുഴല്‍ നാടന്‍ എംഎല്‍എയും പ്രതികരിച്ചു.
ഇ ഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിരോധത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഎം. ചര്‍ച്ചകള്‍ക്കിടെ മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഈ വാദം ആവര്‍ത്തിക്കുകയാണ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങള്‍ ഇ ഡി തന്നെ പുറത്തുവിട്ടു. അന്വേഷണവും ആരോപണങ്ങളും പിണറായിയിലേക്ക് എത്തിക്കുക എന്നതാണ് ഇതിന് പിന്നില്‍. ഇഡിയുടെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
The CMRL–Exalogic case has once again intensified political discussions in Kerala, with the Enforcement Directorate’s reported allegations extending beyond T. Veena to former Chief Minister Pinarayi Vijayan and P. A. Mohammed Riyas. According to the reported ED findings, ₹3.28 crore was allegedly received by Pinarayi Vijayan through his daughter, Veena. The ED has reportedly named Pinarayi Vijayan and Mohammed Riyas in a communication sent to the Kerala State Police Chief and sought action under the Prevention of Corruption Act.