സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, പി എ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാന ഡിജിപിക്ക് നൽകിയ കത്തിൽ നിയമോപദേശം തേടാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. അഴിമതി നിരോധന നിയമപ്രകാരം ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാന ഡിജിപിക്ക് നൽകിയ കത്ത് ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു.
കത്ത് ഡിജിപി വിശദമായി പരിശോധിച്ച ശേഷം ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറുമെന്നും, ഇതിന്മേൽ നിയമോപദേശം തേടിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വി ഡി സതീശനും വ്യക്തമാക്കി. കേന്ദ്ര ഏജൻസി നൽകിയ കത്തായതിനാൽ ഇത് പൂർണ്ണമായും തള്ളിക്കളയാനാകില്ലെന്നും, നിയമപരമായ പരിശോധനകൾക്ക് ശേഷം മാത്രം കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നുമാണ് സർക്കാരിന്റെ നിലപാട്.
മുഖ്യമന്ത്രിയായിരുന്ന സമയത്ത് പിണരായി വിജയൻ സിഎംആർഎല്ലിൽ നിന്ന് മകൾ വീണ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഈ പണം ഹവാല ഇടപാടിലുടെ ദുബായിലേക്ക് കടത്തിയെന്നുമാണ് ഇഡിയുടെ പ്രധാന കണ്ടെത്തൽ. വീണ 85 ലക്ഷം രൂപ ദുബായിലേക്ക് കൈമാറിയെന്നും, സുബൈർ കരുവാംപൊയിൽ എന്ന ഏജൻ്റ് വഴി ഒരു വർഷത്തിനിടെ അഞ്ചുതവണയായി 1.20 കോടി രൂപ കടത്തിയെന്നും ഇഡി ഡിജിപിക്ക് നൽകിയ കത്തിൽ ആരോപിക്കുന്നു.
തിരുവനന്തപുരത്തെ വീട്ടിൽ നടന്ന റെയ്ഡിൽ പിടിച്ചെടുത്ത ഡയറിയിൽ പണമിടപാടുകളുടെ വിവരങ്ങൾ വീണ സ്വന്തം കൈപ്പടയിൽ എഴുതിവെച്ചിട്ടുണ്ടെന്നും, ഹവാല ഇടപാടുകൾ ഏകോപിപ്പിക്കാൻ 'മിനിസ്റ്റർ റിയാസ്' ഉൾപ്പെട്ട 16 അംഗ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നും ഇഡി ചൂണ്ടിക്കാണിക്കുന്നു. റിയാസിന്റെ സുഹൃത്തായ ഹസൻ വാരിസിന്റെ മൊഴിയാണ് ഇതിന് പ്രധാന തെളിവായി ഇഡി ഉന്നയിച്ചിരിക്കുന്നത്.
എന്നാൽ, ഈ ആരോപണങ്ങൾ അസംബന്ധമാണെന്ന് വ്യക്തമാക്കി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തി. ഇഡിയുടേത് ദേശീയ അവാർഡ് ലഭിക്കാൻ മാത്രം മികച്ച ഒരു തിരക്കഥയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഹവാല ഇടപാടിനായി ഉണ്ടാക്കിയ വാട്സ്ആപ്പ് ഗ്രൂപ്പ് എന്ന് ഇഡി പറയുന്നത് തന്റെ മണ്ഡലമായ ബേപ്പൂരിലെ വികസന പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച 'നമ്മൾ ബേപ്പൂർ' എന്ന കൂട്ടായ്മയാണെന്ന് അദ്ദേഹം വിശദീകരിച്ചു. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഈ ഗ്രൂപ്പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡയറിക്കുറിപ്പുകൾ ഭാവിയിൽ തുടങ്ങാനിരുന്ന ഒരു ബിസിനസിനെക്കുറിച്ചുള്ള കാര്യങ്ങൾ മാത്രമാണെന്നും അതിന് കള്ളപ്പണവുമായി യാതൊരു ബന്ധവുമില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു. മകളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇഡി ഹസൻ വാരിസിൽ നിന്ന് മൊഴി വാങ്ങിയതെന്നും, അത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സത്യവാങ്മൂലം നൽകിയ കാര്യവും റിയാസ് ചൂണ്ടിക്കാട്ടി. യാതൊരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ ഈ ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
The Enforcement Directorate (ED) has directed the Kerala DGP to register an FIR against Pinarayi Vijayan, his daughter Veena T, and MLA P.A. Mohamed Riyas in connection with the CMRL-Exalogic case, alleging that bribe money was routed to Dubai via hawala channels. The state government is planning to seek legal advice on the ED's letter before proceeding. Meanwhile, Mohamed Riyas strongly refuted the allegations, dismissing the ED's claims as a "well-scripted plot." He clarified that the WhatsApp group cited by the ED was actually formed for the development of the Beypore constituency, and the diary entries recovered were merely future business plans with no connection to illegal money.