പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി. വീണ, മരുമകനും എംഎല്‍എയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഇഡി ശുപാർശയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. ഇഡി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി. ക്രൈംബ്രാഞ്ച് എസ്‌ഐടി ആയിരിക്കും അന്വേഷണം നടത്തുക. എന്നാല്‍ ആരോപണങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമോ എന്നതില്‍ ഡിജിപിയായിരിക്കും തീരുമാനമെടുക്കുക. ഇഡി ശുപാര്‍ശയില്‍ പ്രാഥമിക അന്വേഷണം നടത്താമെന്ന് നേരത്തെ പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു.
പിഎംഎല്‍എയിലെ സെക്ഷന്‍ 66(2) പ്രകാരം നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളും തെളിവുകളും ഉള്‍പ്പെടുത്തി ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു. പിണറായി വിജയന്‍, വീണ, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. ഡിജിപിക്ക് ലഭിച്ച റിപ്പോര്‍ട്ട് പിന്നീട് ആഭ്യന്തര വകുപ്പിലേക്ക് കൈമാറി. ഇതിലാണ് ഇപ്പോള്‍ തുടര്‍ നടപടിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
സിഎംആര്‍എല്‍ എക്‌സാലോജിക് കേസ് ഇതുവരെ
വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് പണം നല്‍കിയെന്ന ഇടപാടാണ് കേസിന് ഇടയാക്കിയത്. സിഎംആര്‍എല്‍ - എക്‌സാലോജിക് കമ്പനികള്‍ തമ്മില്‍ നടന്ന സാമ്പത്തിക ഇടപാടുകളെ ചുറ്റിപ്പറ്റി ആദ്യം ആദായനികുതി വകുപ്പിന്റെ പരിശോധനകളാണ് നടന്നത്. പിന്നാലെ എസ്എഫ് ഐഒ, ഇഡി തുടങ്ങിയ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. എക്‌സാലോജിക്കിന് സിഎംആര്‍എല്‍ ഏകദേശം 2.78 കോടി രൂപ നല്‍കിയെന്നും ഇതിന് ആനുപാതികമായ സേവനങ്ങള്‍ ലഭിച്ചിട്ടില്ലെന്നുമാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം.
ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇഡി ഇടപാടുകള്‍ പരിശോധിച്ചത്. ഈ പണമിടപാടുകള്‍ക്ക് പിന്നില്‍ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് ഇഡി റിപ്പോര്‍ട്ട് പറയുന്നത്. ഇതനുസരിച്ച് പിണറായി വിജയന്‍, ടി വീണ, പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നായിരുന്നു ഇഡിയുടെ ആവശ്യം. ഇതോടെയാണ് വിഷയം വീണ്ടും സജീവ ചര്‍ച്ചയിലെത്തിയത്.
കേസിന്റെ അടിസ്ഥാനം
ടി വീണയുടെ എക്‌സാലോജിക് സൊലൂഷന്‍സ് എന്ന സ്ഥാപനത്തിന് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി പണം നല്‍കിയെന്നാണ് സിഎംആര്‍എല്‍ രേഖകളിലുള്ളത്. ഏകദേശം 1.72 കോടി രൂപയുടെ ഇടപാടാണ് ആദായനികുതി വകുപ്പിന്റെ അന്വേഷണത്തില്‍ പരാമര്‍ശിക്കപ്പെട്ടത്. പിന്നീട് ഇഡി നടത്തിയ അന്വേഷണം അനുസരിച്ച് 2.78 കോടി രൂപ എക്‌സാലോജിക് സൊലൂഷന്‍സിന് ലഭിച്ചിട്ടുണ്ടെന്ന് ആരോപിക്കപ്പെട്ടു. പണം നല്‍കിയത് യഥാര്‍ത്ഥ സേവനങ്ങള്‍ക്ക് പ്രതിഫലമായിരുന്നില്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം.
ഇതിന് പുറമെ പിണറായി വിജയന് 3.28 കോടി രൂപയുടെ അനധികൃത പ്രതിഫലം ലഭിച്ചതായും ഇഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. വീണ മുഖേനയാണ് പണം കൈമാറിയത്. പിഎ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് പണമിടപാടുകളും ഹവാല ഇടപാടുകളും നടന്നുവെന്ന ആരോപണവും ഇഡി റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.
The Kerala government has decided to proceed with an investigation into allegations against former Chief Minister Pinarayi Vijayan, his daughter T. Veena and MLA P. A. Mohammed Riyas, based on the report submitted by the Enforcement Directorate (ED) in the CMRL–Exalogic case. The Advocate General’s legal opinion reportedly found that the allegations could be investigated and that police could either conduct a preliminary inquiry or register an FIR if a cognisable offence is established.