Kerala

'കെ.സിക്ക് വേണ്ടി കെ.എസ്'; മുഖ്യമന്ത്രിപ്പോര് ഡല്‍ഹിയിലേക്ക്, ഒന്നും മിണ്ടാതെ സതീശന്‍

കെ. സുധാകരന്‍ വിഡി സതീശന് നേരെ വാളെടുക്കുന്നത് ഇതാദ്യമല്ല

Madism Desk

ഡല്‍ഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി വോട്ടെടുപ്പ് പ്രചരണം ഡല്‍ഹിയിലേക്ക് വ്യാപിപ്പിച്ച് കെ. സുധാകരന്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രിയാവണമെന്ന് ആവശ്യപ്പെട്ട് എംപി കെ. സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ ദീര്‍ഘമായ ഫേസ്ബുക്ക് കുറിപ്പെഴുതി കെ.സി വേണുഗോപാലിനെ സുധാകരന്‍ പുകഴ്ത്തിയിരുന്നു. പിന്നാലെയാണ് പുതിയ നീക്കവുമായി കെഎസ് ഡല്‍ഹിയിലേക്ക് പറന്നത്. ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ച്ചയില്‍ സംതൃപ്തനാണെന്ന് പറഞ്ഞ സുധാകരന്‍ നേരത്തെ രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയ പിന്തുണയും പിന്‍വലിച്ചു. ഭരണപരമായ പ്രവൃത്തി പരിചയമുള്ളത് കൊണ്ടാണ് ചെന്നിത്തലയുടെ പേര് നിര്‍ദേശിച്ചതെന്നും എന്നാല്‍ കേരളത്തിന് ഇപ്പോള്‍ ആവശ്യം ചടുലമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കാനുള്ള വ്യക്തിയാണ് ആവശ്യമെന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞത്;

'പരിചയസമ്പത്തും സീനിയോരിറ്റിയുമുള്ളയാളാണ് മുഖ്യമന്ത്രി പദത്തില്‍ എത്തേണ്ടത്. രമേശ് ചെന്നിത്തലയുടെ പേരാണ് ഞാന്‍ മുന്‍പ് നിര്‍ദേശിച്ചത്. അദ്ദേഹത്തിന് ഭരണപരമായ പ്രവൃത്തി പരിചയമുണ്ട് എന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് പറഞ്ഞത്. ഇപ്പോള്‍ ചടുലമായ പ്രവര്‍ത്തനമാണ് വേണ്ടത്. കെ സി വേണുഗോപാലിന് അതുണ്ട്, അതിന് സാധിക്കും. ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണ്. ചര്‍ച്ചകള്‍ നടത്തുന്നത് മാധ്യമങ്ങളാണ്. ഞാന്‍ എവിടെയും മൈക്ക് വെച്ച് പ്രസംഗിച്ചിട്ടില്ല. ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തനാണ്'

ചെന്നിത്തലയെ വെട്ടിയോ?

ഭരണം ലഭിക്കുന്നതിന് മുന്‍പ് തന്നെ പ്രശ്‌നങ്ങള്‍ ഗുരുതരമാകുമെന്ന സൂചനയാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍നിന്ന് ലഭിക്കുന്നത്. രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, കെസി വേണുഗോപാല്‍ എന്നിവര്‍ മുഖ്യമന്ത്രി പദത്തിലേക്ക് കണ്ണുംനട്ടിരിക്കുകയാണെന്ന് പാര്‍ട്ടിയില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മൂവരും ഒരേപോലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആവശ്യമുന്നയിച്ചാല്‍ ഹൈക്കമാന്‍ഡും പ്രതിസന്ധിയിലാവും. ഡല്‍ഹിയില്‍ നിര്‍ണായക ചുമതലകളിലിരിക്കുന്ന നേതാവിനെ കേരളത്തില്‍ മുഖ്യമന്ത്രിയായി പ്രതിഷ്ഠിക്കേണ്ടതില്ലെന്നും ചക്കളത്തിപ്പോര് ഉടന്‍ അവസാനിപ്പിക്കണമെന്നുമാണ് ചെന്നിത്തല പക്ഷത്തിന്റെ നിലപാട്. മുഖ്യമന്ത്രി പദം കിട്ടിയില്ലെങ്കില്‍ ആഭ്യന്തര മന്ത്രിസ്ഥാനമെങ്കിലും സിനീയോരിറ്റി അനുസരിച്ച് ചെന്നിത്തലയ്ക്ക് നല്‍കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളിലുണ്ട്.

മുഖ്യമന്ത്രി പദത്തിലെത്താതെ ചെന്നിത്തലയെ മത്സരത്തില്‍നിന്ന് അതിവേഗം മാറ്റിനിര്‍ത്തിയത് സുധാകരന്റെ നീക്കങ്ങള്‍ തന്നെയാണ്. കെ.സിക്ക് വേണ്ടി വാദമുന്നയിച്ച സുധാകരന്റെ കളംമാറ്റം സതീശനെക്കാള്‍ ബാധിച്ചിരിക്കുന്നത് ചെന്നിത്തല പക്ഷത്തെയാണ്. ഒന്നാം പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കാതെ പ്രതിപക്ഷ നേതാവ് പദം വിഡി സതീശന് കൈമാറേണ്ടിവന്ന 'നാണക്കേട്' മറ്റൊരു രൂപത്തില്‍ ആവര്‍ത്തിക്കപ്പെടുമെന്നും സൂചനയുണ്ട്.

പ്രതികരിക്കാതെ വി.ഡി സതീശന്‍

കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം സുധാകരന്റെ പരസ്യമായി പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചിട്ടില്ല. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആയിരിക്കെ സതീശനുമായി ഉണ്ടായ പടലപിണക്കങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വി.ഡി സതീശനുമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് സുധാകരനെ വിലക്കിയതെന്ന ആരോപണം പിണക്കത്തിന് ആക്കം കൂട്ടുകയും ചെയ്തു. ചെന്നിത്തലയും കെ.സിയും നടത്തിയ ഇടപെടലുകള്‍ സുധാകരനെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ കടുംകൈ ചെയ്യിപ്പിക്കുന്നതില്‍നിന്ന് വിലക്കിയെങ്കിലും അത് ദീര്‍ഘകാലം നീണ്ടുനില്‍ക്കില്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം സതീശന്‍ മുഖ്യമന്ത്രി പദത്തിലെത്താതിരിക്കാന്‍ ശക്തമായ കരുനീക്കങ്ങളാണ് സുധാകരന്‍ നടത്തുന്നത്. വിഷയത്തില്‍ കെ.സിയും സതീശനും എതിര്‍ചേരിയിലാണെന്ന് പ്രവര്‍ത്തകര്‍ക്കിടയിലും ചര്‍ച്ചകളുണ്ട്.

English Summary: K. Sudhakaran has taken the Congress Chief Minister race to New Delhi by meeting Mallikarjun Kharge and backing K. C. Venugopal for the CM post. His shift in stance has intensified internal tensions within the party, especially impacting Ramesh Chennithala’s camp, while V. D. Satheesan has remained silent. The leadership battle is now expected to be decided at the high command level.