നിയസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം. മുതിർന്ന നേതാവ് കെ സുധാകരൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഗൗരവമേറിയ ചർച്ചകൾക്കും വിമർശനങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുന്നത്. എഐസിസി അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ പുകഴ്ത്തുന്ന കുറിപ്പിൽ മുഖ്യമന്ത്രി ആരാവണമെന്ന കൃത്യമായ സൂചന കെ. സുധാകരന്‍ നല്‍കുന്നുണ്ട്. നേരത്തെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രിയാവാന്‍ രമേശ് ചെന്നിത്തല അർഹനാണെന്ന തരത്തില്‍ സുധാകരന്‍ സൂചന നല്‍കിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി സുധാകരനുള്ള വിയോജിപ്പ് പരസ്യമായി സമ്മതിക്കുന്നതാണ് പുതിയ കുറിപ്പെന്നും കോൺഗ്രസിനുള്ളില്‍ വിലയിരുത്തലുണ്ട്. വി.ഡി സതീശൻ മുഖ്യമന്ത്രിയാവുന്നത് അംഗീകരിക്കാത്ത നിരവധി മുതിർന്ന നേതാക്കൾ പാർട്ടിക്കുള്ളിലുണ്ടെന്ന വിലയിരുത്തലും ഇതോടെ മറനീക്കി പുറത്തുവന്നു. അതേസമയം വിഷയത്തിൽ പരസ്യപ്രതികരണത്തിന് രമേശ് ചെന്നിത്തലയും വിഡി സതീശനും തയ്യാറായിട്ടില്ല.
തുടക്കം കെസിയെ പുകഴ്ത്തി കെ. സുധാകരൻ പങ്കുവെച്ച കുറിപ്പ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു. കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവർത്തകരെ ഉണർത്തിയും, എല്ലാ സ്ഥാനാർത്ഥികൾക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാർട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവർത്തിച്ചു. അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്.
ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വമാണ്. ലീഡർ ശ്രീ. കെ. കരുണാകരൻ, ശ്രീ എ.കെ ആന്റണി, ശ്രീ. ഉമ്മൻചാണ്ടി, ശ്രീ വയലാർജി തുടങ്ങി...
സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടർന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ.സി.യ്ക്ക് കഴിയും എന്ന ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകരിൽ ശക്തമാണ്.
ഒരു നേതാവിന്റെ മഹത്വം പദവികളിൽ അല്ല, അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകൾക്ക് മറുപടി നൽകാനും കഴിയൂ.
പാർട്ടിയോടുള്ള അചഞ്ചലമായ ആത്മാർത്ഥത, പ്രതിസന്ധികളിൽ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവർത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ് കെ. സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്.
നേതാവെന്ന നിലയിൽ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവർത്തകരുടെ ഇടയിൽ നിലകൊള്ളാൻ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി.
അത്തരം നേതാക്കൾ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണ്. അവരുടെ പ്രവർത്തന ശൈലിയും, ആത്മാർത്ഥതയും തന്നെയാണ് ഭാവിയെ നിർണ്ണയിക്കുന്നത്. കോൺഗ്രസിനും യുഡിഎഫിനും ശക്തമായ ദിശാബോധം നൽകാൻ, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും. പ്രവർത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി കെ.സി. വേണുഗോപാലൻ ഉയരട്ടെ! ആ നേതൃകാലത്തിനായി പ്രതീക്ഷയോടെ...
കെ.സി വേണുഗോപാലിന്റെ പ്രതികരണം
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ തളളുന്നതാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. നാലാം തിയതി ഫലം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണം. കോൺഗ്രസിന് ഒരു സംഘടനാ സംവിധാനമുണ്ട്. ഇത്തരം വിഷയങ്ങളൊന്നും പൊതുജന മധ്യത്തിലല്ല ചർച്ച ചെയ്യേണ്ടത്. നിലവിൽ പരസ്യ വിവാദങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുന്നതാണ് നല്ലത്. നേതാക്കൾ എല്ലാവരും കൂടിയാലോചിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് കെസി പറഞ്ഞു. നേരത്തെ കേരളത്തിൽ യുഡിഎഫ് 100 സീറ്റുകൾ നേടുമെന്ന അവകാശവാദവുമായി കെസി രംഗത്തുവന്നിരുന്നു.
'വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്'; കെ മുരളീധരന്റെ പ്രതികരണം
നേതാക്കളുടെ പരസ്യ വിമർശനങ്ങളെയും അഭിപ്രായ പ്രകടനങ്ങളെയും നിശിതമായി വിമർശിക്കുന്ന നിലപാടാണ് മുതിർന്ന നേതാവ് കെ മുരളീധരൻ നടത്തിയത്. ഏതെങ്കിലും രാഷ്ട്രീയ നേതാക്കന്മാരെ പിന്തുണച്ച് കൊണ്ട് ആര് പോസ്റ്റ് ചെയ്താലും അത് ശരിയായ നടപടിയല്ല. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് ഒരു നടപടിക്രമമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎൽഎമാരുടെ യോഗം ചേർന്ന് വേണം പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കാൻ. നാലാം തീയ്യതി ഫലം വന്നതിന് ശേഷം ഹൈക്കമാൻഡ് തീരുമാനിക്കും. ഇപ്പോൾ തന്നെ കയറി ബഹളം വെക്കേണ്ട കാര്യമില്ല. ഹൈക്കമാൻഡ് തന്നെ നിർദേശം കൊടുക്കും. നാട്ടുകാരെ കൊണ്ട് വെറുതെ പറയിപ്പിക്കരുത്. ഇപ്പോൾ ആരുടെയും പേരില്ല. തെരഞ്ഞെടുപ്പിൽ ടീം യുഡിഎഫായാണ് മത്സരിച്ചത്. വിജയത്തിൽ എല്ലാവർക്കും പങ്കുണ്ട്. സംഘനൃത്തമാണ് ആരും ഒറ്റയ്ക്ക് നൃത്തം ചെയ്യരുതെന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞതെന്ന് എല്ലാവരെയും ഓർമിപ്പിക്കുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.
English Summary: Internal conflict has surfaced in the Congress party over the Chief Minister position even before election results are announced. K. Sudhakaran’s social media post praising K.C. Venugopal hints at leadership preferences, while leaders like V.D. Satheesan and Ramesh Chennithala remain silent. The issue has triggered debate within the party, though K.C. Venugopal has downplayed the discussion, urging unity until results are declared.