Kerala

ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടും കോണ്‍ഗ്രസിലെ പരസ്യപ്പോര് തുടര്‍ന്നു; അന്തിമ താക്കീതുമായി ദീപദാസ് മുന്‍ഷി

രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍ തുടങ്ങിയ നേതാക്കളുമായി സംസാരിച്ച ശേഷവും പരസ്യപ്രതികരണങ്ങള്‍ തുടര്‍ന്നതാണ് എഐസിസിയെ പ്രകോപിപ്പിച്ചത്

Madism Desk

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ രൂക്ഷമായ ആഭ്യന്തര തര്‍ക്കങ്ങള്‍ക്കും പരസ്യപ്രസ്താവനകള്‍ക്കും തടയിടാന്‍ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടുന്നു. നേതാക്കള്‍ തമ്മിലുള്ള പരസ്യമായ വാക്‌പോരും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള കടന്നാക്രമണങ്ങളും പരിധിവിട്ട സാഹചര്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ നേരിട്ട് കണ്ട് ഹൈക്കമാന്‍ഡിന്റെ അതൃപ്തി അറിയിച്ചിട്ടുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍ തുടങ്ങിയ നേതാക്കളുമായി സംസാരിച്ച ശേഷവും പരസ്യപ്രതികരണങ്ങള്‍ തുടര്‍ന്നതാണ് എഐസിസിയെ പ്രകോപിപ്പിച്ചത്. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടിയുണ്ടാകുമെന്നും കേന്ദ്ര നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ഇന്ദിരാഭവനില്‍ വെച്ച് എഐസിസി സെക്രട്ടറി ജയകുമാര്‍, ബെന്നി ബഹനാന്‍ എംപി എന്നിവരുമായും ദീപദാസ് മുന്‍ഷി ചര്‍ച്ചകള്‍ നടത്തി.

പിന്‍വാങ്ങി എ ഗ്രൂപ്പ്

ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെ ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തണുപ്പിക്കാനുള്ള നീക്കത്തിലാണ് എ ഗ്രൂപ്പ്. രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പാര്‍ട്ടിയില്‍ ഔദ്യോഗികമായി പരാതി നല്‍കേണ്ടതില്ലെന്നാണ് ഗ്രൂപ്പിന്റെ തീരുമാനം. പരാതി നല്‍കുന്നത് ഉണ്ണിത്താനെ കൂടുതല്‍ പ്രകോപിപ്പിക്കുമെന്നും അത് പ്രശ്‌നം വഷളാക്കുമെന്നുമാണ് വിലയിരുത്തല്‍. ഇതിനുപുറമെ, ഉമ്മന്‍ചാണ്ടിയുടെ കുടുംബം വിഷയത്തില്‍ ഇടപെട്ടതും എ ഗ്രൂപ്പിന്റെ പിന്മാറ്റത്തിന് കാരണമായി. ഉണ്ണിത്താന് മറുപടി നല്‍കുന്നത്, അദ്ദേഹത്തെ പിന്തുണച്ച മറിയാമ്മ ഉമ്മന് കൂടി മറുപടി നല്‍കുന്നതിന് തുല്യമാകുമെന്ന് ബെന്നി ബഹനാന്‍, കെസി ജോസഫ്, എംഎം ഹസന്‍, പിസി വിഷ്ണുനാഥ് എന്നിവരടങ്ങിയ നേതൃത്വം വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകാരികമായ ഒരു വിഷയമായതിനാല്‍ ഇതില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്ന് ഇവര്‍ തീരുമാനിക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചവരില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും കെഎം അഭിജിത്തിനുമായിരുന്നു മുന്‍തൂക്കമെന്നും അന്നത്തെ തീരുമാനങ്ങള്‍ക്ക് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ച് കുടുംബത്തിന് വ്യക്തമായ അറിവുണ്ടാകാന്‍ സാധ്യതയില്ലെന്നുമാണ് എ ഗ്രൂപ്പിന്റെ പക്ഷം. ഭരണകാര്യങ്ങള്‍ മുഖ്യമന്ത്രി വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ലെന്ന വിമര്‍ശനത്തില്‍ തുടങ്ങിയ ചര്‍ച്ച ദിശമാറി മറ്റൊരു തലത്തിലേക്ക് പോയത് ആസൂത്രിതമാണോ എന്ന സംശയവും എ ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലുണ്ട്.

തര്‍ക്കത്തിന്റെ തുടക്കവും പിന്തുണയും

കാസര്‍കോട് ജില്ലാ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസുമായുണ്ടായ തര്‍ക്കമാണ് നിലവിലെ പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് സൂചന. ഇടതു സംഘടനാംഗമായിരുന്ന ഒരാളെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതിന് പിന്നില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെആര്‍ കാര്‍ത്തികേയന്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉണ്ണിത്താന്‍ ഷാഫി പറമ്പിലിനെതിരെ തിരിഞ്ഞത്. അതേസമയം, ഷാഫി പറമ്പിലിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും മന്ത്രിയുമായ ഒജെ ജനീഷ് രംഗത്തെത്തി. വ്യക്തിവിരോധം തീര്‍ക്കുന്ന രീതിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പ്രസ്താവനകള്‍ ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്‍ഡിന്റെ കര്‍ശന താക്കീത് വന്നതോടെ നേതാക്കള്‍ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും പരോക്ഷമായ സൂചനകളിലൂടെ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ട്.

The Congress high command has intervened to curb the escalating public infighting among party leaders in Kerala. AICC General Secretary Deepa Dasmunsi met KPCC president Sunny Joseph and conveyed the central leadership's displeasure over continued public statements and social media attacks by party leaders. Despite earlier interventions and discussions with leaders including Rajmohan Unnithan and Shafi Parambil, the public exchanges continued. The high command has warned of strict disciplinary action against anyone violating its directive.