നൈപുണ്യ പരിശീലനത്തിനും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനുമായി കേരളത്തിലെ യുവതീ-യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ നൽകുന്ന മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 18 വയസിനും 30 വയസിനുമിടയിലുള്ളതും കേരളത്തിൽ സ്ഥിരതാമസക്കാരായവർക്കുമാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. eemployment.kerala.gov.in പോർട്ടൽ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഓൺലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്.
അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. നൈപുണ്യപരിശിലനം, മത്സര പരീക്ഷാ പരിശിലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിക്ക് ഒരു തവണ പരമാവധി 12 മാസത്തേക്ക് മാത്രമാണ് സ്കോളർഷിപ്പ് ലഭിക്കുക. വിധവാ പെൻഷൻ, വികലാംഗ പെൻഷൻ മുതലായ മറ്റു സാമൂഹ്യ ക്ഷേമ പെൻഷനുകൾ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമ നിധി ബോർഡുകളിൽ നിന്നുള്ള കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർ പദ്ധതിയിൽ അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷ സമർപ്പിക്കുന്നവർ ജനനസർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, വോട്ടർ ഐ.ഡി/ സ്കൂൾ സർട്ടിഫിക്കറ്റ്/ പാസ്‌പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ പരിശീലനസ്ഥാപന മേധാവി നൽകുന്ന സർട്ടിഫിക്കറ്റ്/ സത്യവാങ്മൂലം, മൽസര പരീക്ഷക്ക് തയ്യാറെടുക്കുന്നവർ ആണെങ്കിൽ മൽസര പരീക്ഷയ്ക്ക് അപേക്ഷിച്ച വിവരം എന്നിവ സമർപ്പിക്കണം. അപേക്ഷയോടൊപ്പം അപേക്ഷകർ പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നൽകണം.
കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങൾ തുടങ്ങി വിതരണം ചെയ്യുന്ന മറ്റൊരു സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല. കൂടാതെ നൈപുണ്യ വികസന പരിശീലന കോഴ്സ്/ മൽസര പരീക്ഷാ പരിശീലനങ്ങൾക്കല്ലാതെ മറ്റ് കോഴ്സുകളായ JEE, NEET, SET, NET തുടങ്ങിയ പ്രവേശന/ എലിജിബിലിറ്റി ടെസ്റ്റുകൾക്ക് പരിശീലിക്കുന്നവർക്കും കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ, കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.
കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങൾ/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധസ്ഥാപനങ്ങൾ/ രാജ്യത്തെ അംഗീകൃത സർവകലാശാലകൾ/ ‘ഡീംഡ്’ സർവകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യുപിഎസ്‍സി, സംസ്ഥാന പിഎസ്‍സി, സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയിൽവേ, മറ്റ് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ റിക്രൂട്ടിമെന്റ് ഏജൻസികളോ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് മത്സര പരിക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ.
English Summary: The Kerala government has invited applications for the Chief Minister’s ‘Connect to Work’ scheme.