തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തിന്റെ കൊടുമുടിയിൽ നിൽക്കെ നേമം മണ്ഡലത്തിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടിയായി സി.പി.ഐയിൽ ആഭ്യന്തര നടപടി. ബി.ജെ.പിക്ക് പിന്തുണ നൽകിയെന്ന ആരോപണത്തെത്തുടർന്ന് സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും മുൻ അമ്പലത്തറ വാർഡ് കൗൺസിലറുമായ വി.എസ്. സുലോചനനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
വ്യാഴാഴ്ച ചേർന്ന സി.പി.ഐ ജില്ലാ കൗൺസിൽ യോഗത്തിലാണ് നിർണ്ണായക തീരുമാനമുണ്ടായത്. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി ജി.ആർ. അനിൽ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു യോഗം. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്കെതിരെ പ്രവർത്തിക്കണമെന്നും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും ആവശ്യപ്പെടുന്ന സുലോചനന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. പരിശോധനയിൽ ഇത് സുലോചനന്റെ ശബ്ദം തന്നെയാണെന്ന് തെളിഞ്ഞതോടെയാണ് പുറത്താക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.
കേരളം ഉറ്റുനോക്കുന്ന ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് നേമം. എൽ.ഡി.എഫിനായി നിലവിലെ എം.എൽ.എയും വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടി അങ്കത്തിനിറങ്ങുമ്പോൾ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് എൻ.ഡി.എ ലക്ഷ്യമിടുന്നത്. കോൺഗ്രസിനായി യുവനേതാവ് കെ.എസ്. ശബരീനാഥൻ കൂടി എത്തിയതോടെ മത്സരം പ്രവചനാതീതമായി മാറിയിരിക്കുകയാണ്.
കേരളത്തിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വിജയപ്രതീക്ഷയുള്ള 'എ' ക്ലാസ് മണ്ഡലങ്ങളിലൊന്നായാണ് നേമത്തെ പാർട്ടി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ വോട്ടും നിർണ്ണായകമായ ഇവിടെ ഭരണമുന്നണിയിലെ തന്നെ ഒരു പ്രധാന നേതാവ് ബി.ജെ.പിക്ക് അനുകൂലമായി നിലപാടെടുത്തത് എൽ.ഡി.എഫ് ക്യാമ്പിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
English Summary: The CPI has suspended district council member V.S. Sulochanan following a leaked audio clip that confirmed he worked against LDF candidate V. Sivankutty in the high-stakes Nemam constituency. The decision was made in a district council meeting attended by state secretary Binoy Viswam after it was proven that the leader had extended support to the BJP. This internal turmoil comes amidst a fierce triangular contest in Nemam, an "A-class" seat for the BJP, where state president Rajeev Chandrasekhar and Congress leader K.S. Sabarinath are also in the fray.