Kerala

പീരുമേട് കൈവിടുമോ? ഇടുക്കിയിൽ ആധിപത്യം ഉറപ്പിക്കാൻ സിപിഎം; മന്ത്രിമാരുടെ മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമെന്ന് സിപിഐയുടെ ആഭ്യന്തര റിപ്പോർട്ട്

നാളെ മുതൽ സംസ്ഥാനതല ചർച്ചകളിലേക്ക് സിപിഎം കടക്കും

Madism Desk

ഇടുക്കിയിൽ എൽഡിഎഫിന് സമ്മിശ്ര ഫലമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. സിപിഐയുടെ സിറ്റിംഗ് സീറ്റായ പീരുമേട് കൈവിട്ടുപോകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പാർട്ടി നേതൃത്വം. അതേസമയം, ഇടുക്കിയിലും ഉടുമ്പൻചോലയിലും ഇടതുമുന്നണിക്ക് മികച്ച വിജയം ഉറപ്പാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ദേവികുളത്ത് കടുത്ത രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെങ്കിലും വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. യുഡിഎഫ് സ്വാധീനമേഖലയായ തൊടുപുഴയിൽ ഇത്തവണ എൽഡിഎഫ് വോട്ട് വിഹിതത്തിൽ ഗണ്യമായ വർധനയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തുന്നു.

പാലക്കാട് ജില്ലയിൽ നിലവിലുള്ള സ്വാധീനം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം നേതൃത്വം. ഏറെ ശ്രദ്ധയാകർഷിച്ച തൃത്താലയിലെ കടുത്ത പോരാട്ടത്തിൽ വിജയം എൽഡിഎഫിനൊപ്പമായിരിക്കുമെന്നാണ് പാർട്ടിയുടെ പ്രാഥമിക നിഗമനം. എന്നാൽ, പാലക്കാട്, മണ്ണാർക്കാട് മണ്ഡലങ്ങളിൽ കാര്യങ്ങൾ അനുകൂലമല്ലെന്നാണ് ബൂത്ത് തല റിപ്പോർട്ടുകൾ നൽകുന്ന സൂചന. പാലക്കാട് മണ്ഡലത്തിൽ വിജയം ഉറപ്പിക്കണമെങ്കിൽ ഏകദേശം 15,000 വോട്ടുകളുടെ അധിക വർധനവ് ആവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇവിടെ പാർട്ടി സ്ഥാനാർത്ഥി എൻ.എം. റസാഖ് രണ്ടാം സ്ഥാനത്തെത്താനാണ് സാധ്യതയെന്നാണ് നേതൃത്വത്തിന്റെ നിലവിലെ കണക്കുകൂട്ടൽ.

കോട്ടയം ജില്ലയിൽ ആറ് നിയമസഭാ സീറ്റുകൾ വരെ നേടാനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് സിപിഐഎം നേതൃത്വം. നിലവിലുള്ള അഞ്ച് സീറ്റുകളും നിലനിർത്തുന്നതിനൊപ്പം കടുത്തുരുത്തിയിൽ ഇത്തവണ അനുകൂല സാഹചര്യമുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു. പാലായിൽ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി 6000 മുതൽ 8000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇത്തവണ ഇടിയുമെന്നും സിപിഐഎം നിരീക്ഷിക്കുന്നു. അതേസമയം, അയൽ ജില്ലയായ പത്തനംതിട്ടയിലെ ആറന്മുളയിൽ വീണ ജോർജ് ഏകദേശം 7000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ പ്രാഥമിക വിലയിരുത്തൽ.

പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് വിജയം സുനിശ്ചിതമാണെന്ന് സിപിഎമ്മിന്റെ ബൂത്ത് തല അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. സിറ്റിംഗ് സീറ്റായ കോന്നിയിൽ കെ.യു. ജനീഷ് കുമാർ എണ്ണായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. അടൂരിൽ നാലായിരത്തോളം വോട്ടുകൾക്ക് പ്രജി കണ്ണൻ വിജയം ഉറപ്പിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. റാന്നിയിൽ പ്രമോദ് നാരായണനും തിരുവല്ലയിൽ മാത്യു ടി. തോമസും മണ്ഡലം നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം. ജില്ലയിൽ എൽഡിഎഫ് സമ്പൂർണ്ണ ആധിപത്യം നേടുമെന്നാണ് താഴെത്തട്ടിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ട് പാർട്ടി വിലയിരുത്തുന്നത്.

പീരുമേടിന് പുറമെ തൃശൂരും നാദാപുരവും ഇത്തവണ കൈവിട്ടുപോയേക്കാമെന്നാണ് സിപിഐയുടെ ആഭ്യന്തര വിലയിരുത്തൽ. മന്ത്രിമാരായ കെ. രാജനും ജെ. ചിഞ്ചുറാണിയും ജനവിധി തേടിയ മണ്ഡലങ്ങളിൽ ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് നടന്നതെന്നും പാർട്ടിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ മണ്ഡലങ്ങളിലെ വിജയസാധ്യതകളെക്കുറിച്ച് സിപിഐ കേന്ദ്രങ്ങളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

English Summary: CPI(M) expects possible loss in Peerumedu but remains confident of gains in Idukki and Udumbanchola, with mixed prospects across Kerala constituencies.