ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ മുൻ എംഎൽഎ ടി ഐ മധുസൂദനൻ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മധുസൂദനന്റെ പരാമർശങ്ങളെ വിമർശിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി നടത്തിയ 'ചോരയ്ക്ക് ചോര' എന്ന പ്രസ്താവനയാണ് ചോദ്യം ചെയ്യേണ്ടതെന്ന് രാഗേഷ് പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ പരാമർശത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ മധുസൂദനന്റെ 'പകരത്തിന് പകരം' എന്ന പ്രയോഗം അതിനേക്കാൾ വലുതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി ഐ മധുസൂദനൻ മുഖ്യമന്ത്രിയോ എംഎൽഎയോ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞതിനെക്കാൾ വലിയ പരാമർശമൊന്നും അദ്ദേഹം നടത്തിയിട്ടില്ലെന്നും രാഗേഷ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ആദ്യം സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴയിൽ ക്രൂരമായ മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയെയാണ് രാഗേഷ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
മധുസൂദനന്റെ വിവാദ പ്രസംഗം
പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിക്കിടെ ടി ഐ മധുസൂദനൻ നടത്തിയ പ്രസംഗമാണ് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. പാർട്ടിയുടെ കണക്ക് പാർട്ടി തന്നെ തീർക്കുമെന്നും അതിന് മടിക്കില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട കാര്യം പരാമർശിച്ച മധുസൂദനൻ, എന്നാൽ അവരാരും ഇന്ന് ജീവിച്ചിരിപ്പില്ലെന്നും പറഞ്ഞു.
ധനരാജ് വധക്കേസിലെ കോടതി വിധിയെയും വിധി പ്രസ്താവിച്ച ജഡ്ജിയെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച അദ്ദേഹം, വി കുഞ്ഞികൃഷ്ണനെ 'രാഷ്ട്രീയ നപുംസകം' എന്നും വിശേഷിപ്പിച്ചു. ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാതിരുന്നത് ഭാഗ്യമാണെന്ന പരിഹാസവും പ്രസംഗത്തിലുണ്ടായിരുന്നു. ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ തടവും ശിക്ഷയും കൊണ്ട് ഇല്ലാതാക്കാമെന്ന് കരുതുന്നത് വെറും സങ്കൽപ്പമാണെന്നും ജഡ്ജിയെ വിമർശിച്ചുകൊണ്ട് മധുസൂദനൻ പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ പാർട്ടിയെ അധിക്ഷേപിക്കുന്നവർക്ക് അർഹമായത് ലഭിച്ചിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാൽ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രസംഗത്തിനെതിരെ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
പ്രസംഗത്തിനെതിരെ വിമർശനവുമായി മന്ത്രിമാർ
മധുസൂദനന്റെ പ്രസംഗത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. കൊലപാതകങ്ങളെ ന്യായീകരിക്കുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതും പൊതുപ്രവർത്തകർക്ക് ചേർന്ന നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന്റെ പൂർണരൂപം ശേഖരിച്ച് പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പരിശോധനയ്ക്കുശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദ പരാമർശം പിൻവലിക്കണമെന്നും സിപിഎം നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രി കെ. മുരളീധരനും മധുസൂദനനെതിരെ രംഗത്തെത്തി. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സിപിഎം തിരിച്ചറിയണമെന്നും അക്രമവും കൊലവിളിയും നിറഞ്ഞ രാഷ്ട്രീയമാണ് പയ്യന്നൂർ സീറ്റ് പാർട്ടിക്ക് നഷ്ടമാകാൻ കാരണമെന്നും അദ്ദേഹം വിമർശിച്ചു. പുതിയ തലമുറയ്ക്ക് സ്വീകാര്യമല്ലാത്ത പഴയകാല മുദ്രാവാക്യങ്ങളാണ് ഇത്തരം പ്രസംഗങ്ങളിലൂടെ ഉയർത്തുന്നതെന്നും ഇത് സിപിഎമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
CPM Kannur District Secretary KK Ragesh defended Madhusudanan's controversial speech, arguing that criticising him without questioning the Chief Minister's 'blood for blood' remark is unfair. Ragesh also demanded that a case be registered against the Chief Minister first.