പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് ഇ.എൻ സുരേഷ് ബാബുവിനെ നീക്കിയിരിക്കുകയാണ് സിപിഎം. മുൻ എംഎൽഎയും മുതിർന്ന നേതാവുമായ വി.ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. അഭിഭാഷക സംഘടനയിലെ അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അറിയുമ്പോഴും തീരുമാനം സുരേഷ് ബാബുവിന്ർറെ വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് സിപിഎം വിശദീകരിക്കുന്നത്.
സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. താൻ വ്യക്തിപരമായ കാരണങ്ങളാൽ സ്വയം ഒഴിയുകയായിരുന്നു എന്ന് സുരേഷ് ബാബു മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. പുറത്തുവരുന്ന മാധ്യമവാർത്തകളെ വിശ്വസിക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ബാബുവിനെതിരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് ചെന്താമരാക്ഷനും അറിയിച്ചിട്ടുണ്ട്. എന്നാൽ ശക്തമായ പരാതികളുടെയും സംഘടനാപരമായ വീഴ്ചകളുടെയും പശ്ചാത്തലത്തിലാണ് ഈ നേതൃമാറ്റമെന്ന് പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു.
അഭിഭാഷക സംഘടനയിലെ ഒരു വനിതാ നേതാവ് സുരേഷ് ബാബുവിനെതിരെ ഉന്നയിച്ച ഗുരുതര പരാതിയാണ് അടിയന്തര നടപടിക്ക് പ്രധാന കാരണമായത് എന്നാണ് വിവരം. ആവശ്യമായ ഡിജിറ്റൽ തെളിവുകൾ ഇവർ പാർട്ടി സംസ്ഥാന നേതൃത്വത്തിനും സംസ്ഥാന സെക്രട്ടറിക്കും കൈമാറിയിരുന്നു. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ വിഷയത്തിൽ നിയമപരമായി നീങ്ങുമെന്ന മുന്നറിയിപ്പും ഉയർന്നതോടെ പാർട്ടി നേതൃത്വം വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു.
സുരേഷ് ബാബുവിന്റെ പക്വതയില്ലായ്മയും ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റവും ജില്ലയിൽ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നിട്ടുണ്ട്. ഒറ്റപ്പാലം, പുതുശ്ശേരി തുടങ്ങിയ ഏരിയകളിൽ ഉണ്ടായ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കുന്നതിൽ ജില്ലാ സെക്രട്ടറി പരാജയപ്പെട്ടുവെന്നും ആക്ഷേപമുയർന്നു.
2021-ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലയിൽ പാർട്ടിക്ക് വലിയ തോതിൽ (ഏകദേശം 67,000) വോട്ടുകളുടെ കുറവുണ്ടായതായി യോഗം വിലയിരുത്തി. ചിറ്റൂർ, നല്ലേപ്പിള്ളി, പെരുവെമ്പ്, കോങ്ങാട്, തൃത്താല തുടങ്ങിയ മേഖലകളിൽ പ്രാദേശിക വിഭാഗീയത മൂലം വോട്ട് ചോരുകയും തോൽവി സംഭവിക്കുകയും ചെയ്തപ്പോൾ അത് തടയാൻ ജില്ലാ നേതൃത്വത്തിനായില്ലെന്ന വിലയിരുത്തലുമുണ്ടായി. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിന്റെ നവീകരണത്തിനായി സമാഹരിച്ച ഫണ്ടിന്റെ വരവ്-ചെലവ് കണക്കുകൾ കൃത്യമായി അവതരിപ്പിക്കുന്നതിലുണ്ടായ വീഴ്ചകളും ചേർത്തല/ഷൊർണ്ണൂർ അർബൻ ബാങ്കുകളുമായി ബന്ധപ്പെട്ട ചില ആക്ഷേപങ്ങളും യോഗത്തിൽ ചർച്ചയായി. ഇതെല്ലാം ഉണ്ടായപ്പോഴും സുരേഷ് ബാബുവിന്ർറെ അഭ്യർഥന മാനിച്ചുള്ള മാറ്റമാണിതെന്ന് പാർട്ടി ഔദ്യോഗികമായി വിശദീകരിക്കുന്നതിലെ പൊരുളാണ് ചോദ്യം ചെയ്യപ്പെടേണ്ടത്
ആരാണ് വി. ചെന്താമരാക്ഷൻ?
പാലക്കാടൻ രാഷ്ട്രീയത്തിൽ താഴെത്തട്ടിലെ ജനങ്ങളോട് അടുത്ത ബന്ധം പുലർത്തുന്ന, ലളിത ജീവിതശൈലിയുള്ള സഖാവ് എന്നാണ് വി. ചെന്താമരാക്ഷൻ അറിയപ്പെടുന്നത്. 1960 മാർച്ച് 27-ന് ആലത്തൂർ കാവശേരി ആനമാറിയിൽ എ.വി. വെള്ളാണ്ടിയുടെയും ജാനകിയുടെയും മകനായാണ് ജനനം. ചിറ്റൂർ ഗവൺമെന്റ് കോളേജിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കി. പഠനകാലത്ത് എസ്എഫ്ഐയിലൂടെയാണ് ചെന്താമരാക്ഷൻ പൊതുരംഗത്തേക്ക് എത്തിയത്. എസ്എഫ്ഐ പാലക്കാട് ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ.
സിപിഐ(എം) കാവശേരി ലോക്കൽ സെക്രട്ടറി, ആലത്തൂർ ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം കാർഷിക പ്രതിസന്ധികൾ രൂക്ഷമായ ജില്ലയിൽ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (KSKTU) ജില്ലാ സെക്രട്ടറിയായും ദീർഘകാലം ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകി.
The CPI(M) has removed E.N. Suresh Babu from the post of Palakkad district secretary. Former MLA and senior leader V. Chenthamarakshan has been appointed as the new district secretary. While the action is reportedly based on a complaint by a woman lawyer from the lawyers’ organisation, the CPI(M) has said the decision was taken due to Suresh Babu’s personal reasons