തമിഴ്നാട്ടിൽ ഒളിത്താവളത്തിൽ കഴിഞ്ഞിരുന്ന രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ മൂന്ന് പ്രധാന കണ്ണികളെ സാഹസിക നീക്കത്തിലൂടെ പിടികൂടി തൃശൂർ റൂറൽ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം. രണ്ട് നൈജീരിയൻ സ്വദേശികളും ഒരു നാഗാലാൻഡ് സ്വദേശിനിയുമാണ് അറസ്റ്റിലായത്. നൈജീരിയൻ സ്വദേശികളായ കിങ്സ്ലി വി. ഗോചുക്വു (43), അമോസ് ഇകെച്ചുകൻ (43), നാഗാലാൻഡ് സ്വദേശിനി ടി. സെൻസലി കിക്കോൻ (49) എന്നിവരാണ് പിടിയിലായത്.
കൈപ്പമംഗലം ചളിങ്ങാട് 34.390 ഗ്രാം എംഡിഎംഎയുമായി നേരത്തെ അറസ്റ്റിലായ മിൻഷാദ് (33), ഷജിൽ (33) എന്നിവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നത് ഈ സംഘമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പെരിഞ്ഞനം വഴിയമ്പലം വെസ്റ്റ് സ്വദേശി മിൻഷാദിനെയും പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ഷജിലിനെയും തൃശൂർ റൂറൽ പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പിടികൂടിയത്. ഇവർക്ക് ലഹരിമരുന്ന് വിതരണം ചെയ്യുന്ന പ്രധാന ഉറവിടം കണ്ടെത്തുന്നതിനായി തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.
ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് തമിഴ്നാട്ടിലെ തിരുപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാജ്യാന്തര രാസലഹരി നിർമാണ-വിതരണ ശൃംഖലയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. വസ്ത്രവ്യാപനത്തിന്റെ മറവിലായിരുന്നു പ്രതികൾ ലഹരിമരുന്ന് നിർമാണവും വിതരണവും നടത്തിയിരുന്നത്. അറസ്റ്റിലായ കിങ്സ്ലി തിരുപ്പൂർ ആസ്ഥാനമാക്കി വിദേശരാജ്യങ്ങളിലേക്ക് വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുകയും വിദേശത്തുനിന്ന് ഇറക്കുമതി നടത്തുകയും ചെയ്യുന്ന കമ്പനി നടത്തിവരികയായിരുന്നു.
പ്രതികൾ തിരുപ്പൂരിലെ ഇടുവായ് പാളയത്ത് ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതോടെ അന്വേഷണ സംഘം സ്ഥലത്തെത്തി. നൈജീരിയൻ സ്വദേശികൾ കൂട്ടമായി താമസിക്കുന്നതും നായ്ക്കളെ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നതുമായ പ്രദേശത്തായിരുന്നു ഇവരുടെ ഒളിത്താവളം. പൊലീസ് എത്തിയതറിഞ്ഞ പ്രതികൾ കൈവശമുണ്ടായിരുന്ന രാസലഹരിയും നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളും ശുചിമുറിയിലെ ക്ലോസറ്റിൽ നിക്ഷേപിച്ച് ഫ്ലഷ് ചെയ്ത് നശിപ്പിക്കാൻ ശ്രമിച്ചു.
തുടർന്ന് ജനൽ തകർത്താണ് പൊലീസ് സംഘം മുറിക്കുള്ളിൽ പ്രവേശിച്ചത്. അക്രമാസക്തരായ പ്രതികളെ കീഴ്പ്പെടുത്തുന്നതിനിടെ ഇവരെ രക്ഷപ്പെടുത്താൻ പ്രദേശത്തെ മറ്റ് നൈജീരിയൻ സ്വദേശികൾ പൊലീസിനെ വളഞ്ഞു. സംഘർഷാവസ്ഥയ്ക്കിടെ തോക്കിൻമുനയിൽ ഇവരെ നിയന്ത്രിച്ച ശേഷമാണ് അന്വേഷണ സംഘം പ്രതികളുമായി അവിടെനിന്ന് മടങ്ങിയത്.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആർ. രതീഷ് കുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എസ്. പ്രദീപ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പത്തംഗ പ്രത്യേക സംഘമാണ് തമിഴ്നാട്ടിലെത്തി പ്രതികളെ പിടികൂടിയത്. കൈപ്പമംഗലം സിഐ വി.വി. വിമൽ, ഡാൻസാഫ് എസ്ഐമാരായ സി.ആർ. പ്രദീപ്, പി.പി. ജയകൃഷ്ണൻ, എം. സതീശൻ, ടി.ആർ. ഷൈൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Three key members of an international drug mafia network, who were hiding in Tiruppur, Tamil Nadu, have been arrested in a daring operation by a special team of the Thrissur Rural Police. The gang, comprising Nigerian nationals and a woman from Nagaland, was allegedly involved in the manufacture and distribution of narcotics under the guise of a textile business.