പതിനാറാം കേരള നിയമസഭയില്‍ ആദ്യ സമ്മേളനം പുരോഗമിക്കുമ്പോള്‍ പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലി ഇടതു പക്ഷത്ത് തര്‍ക്കം തുടരുന്നു. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സിപിഐ നിലപാടാണ് തര്‍ക്കത്തിന്റെ അടിസ്ഥാനം. വീട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രതികരണം.
'സിപിഐ എല്‍ഡിഎഫിന് ഭാഗമാണ്. എല്‍ഡിഎഫിന്റെ വളര്‍ച്ചയിലും വീഴ്ചയിലും സിപിഐയുടെ പങ്കുണ്ട്. എല്‍ഡിഎഫ് എന്ന മുന്നണി എത്രമാത്രം സിപിഎമ്മിന്റേതാണോ അത്രയും സിപിഐയുടേതുകൂടിയാണ്', എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. എല്‍ഡിഎഫ് ഒരു പാര്‍ട്ടിയല്ല, മുന്നണിയാണ്. മുന്നണി സംവിധാനത്തില്‍ പാര്‍ട്ടികള്‍ക്ക് കൊടുക്കുകയും ഏറ്റെടുക്കുകയും വേണ്ടിവരും. അത് തിരിച്ചറിയുമ്പോള്‍ പരിഹാരമുണ്ടാകും എന്നും ബിനോയ് വിശ്വം പറയുന്നു.
എന്നാല്‍, സിപിഐ ആവശ്യത്തെ കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് സിപിഎം തള്ളുന്നത്. സിപിഐയുടെ നിലപാട് വികാരപരമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാട്. ആരുടെ ആത്മാഭിമാനവും ആര്‍ക്കും പണയം വയ്ക്കാന്‍ പാടില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. എല്ലാം പരിഹരിക്കാം എന്ന പ്രതീക്ഷയും എം വി ഗോവിന്ദന്‍ പങ്കുവയ്ക്കുന്നു. ഇടതുപക്ഷ ഐക്യം പ്രധാനമാണ്. സിപിഐ പറഞ്ഞ കാര്യങ്ങളോട് വിയോജിപ്പ് ഇല്ലെന്നും എം വി ഗോവിന്ദന്‍ പറയുന്നു.
കെ എന്‍ ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവായി ഉയര്‍ത്താനാണ് സിപിഎം നീക്കം. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് കോടിയേരി ബാലകൃഷ്ണന്‍ പ്രതിപക്ഷ ഉപനേതാവായ സാഹചര്യവും സിപിഎം ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ കെ. രാജനെ പ്രതിപക്ഷ നേതാവാക്കാന്‍ ആണ് സിപിഐയുടെ നീക്കം.
അതേസമയം, ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട ഇടതുപക്ഷം നിയമസഭയിലെ പദവിക്കായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിലെ അനൗചിത്യം ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയും മുന്നണിയും തിരുത്തലിന് തയ്യാറായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം ഒരു തര്‍ക്കം അനാവശ്യമാണെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
English Summary: A dispute continues within the Left Democratic Front (LDF) over the position of Deputy Leader of the Opposition as the first session of the 16th Kerala Legislative Assembly progresses. The controversy stems from the CPI's firm stance that it will not relinquish its claim to the post. CPI State Secretary Binoy Viswam reiterated after the party's state secretariat meeting that there is no need for the party to compromise on the issue, signaling that the CPI intends to maintain its position despite ongoing discussions within the alliance.