Kerala

അർധരാത്രി വീടുവളഞ്ഞ് പൊലീസ്, ആകാശത്തേക്ക് വെടിവെയ്പ്; വധശ്രമക്കേസിൽ ബിജെപി കൗൺസിലറെ പിടികൂടിയത് അതിനാടകീയമായി

കഴിഞ്ഞമാസം വട്ടിയൂർക്കാവിനടുത്ത് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിനിടെ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ സുഗതൻ പ്രതിയായിരുന്നു

Madism Desk

വധശ്രമക്കേസിൽ പ്രതിയായ ബിജെപി കൌൺസിലറെ പിടികൂടുന്നതിനിടെ അതിനാടകീയ രംഗങ്ങൾ. യു.പിയിലോ ബിഹാറിലോ അല്ല, തിരുവനന്തപുരത്താണ് സംഭവം. വാഴോട്ടുകോണം കൌൺസിലർ ആർ സുഗതനെയാണ് ചൊവ്വാഴ്ച രാത്രി വട്ടിയൂർക്കാവ് പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞമാസം വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ സുഗതൻ പ്രതിയായിരുന്നു. ഈ കേസിൽ ഹൈക്കോടതിയിൽനിന്ന് ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഏഴാം തീയതി ഇയാൾ അന്വേഷണ ഉദ്യോഗസ്ഥനായ വട്ടിയൂർക്കാവ് എസ്.എച്ച്.ഒ.യ്ക്കു മുന്നിൽ കീഴടങ്ങേണ്ടതായിരുന്നു.

എന്നാൽ, സുഗതൻ പോലീസിനുമുന്നിൽ ഹാജരായില്ല. ഇതേത്തുടർന്നാണ് വട്ടിയൂർക്കാവ് പോലീസ് സുഗതനായുള്ള അന്വേഷണം ഊർജിതമാക്കിയത്. സുഗതൻ വട്ടിയൂർക്കാവ് സി.പി.ടി. ജങ്ഷനിലെ വീട്ടിലുണ്ടെന്നറിഞ്ഞ് ചൊവ്വാഴ്ച രാത്രി പോലീസ് സ്ഥലത്തെത്തി. എസ്.എച്ച്.ഒ. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീടുവളഞ്ഞാണ് അറസ്റ്റിനു ശ്രമിച്ചത്.

അറസ്റ്റിനിടെ വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത് എന്നിവർക്ക് മർദനമേറ്റു. സുഗതനും ചേട്ടനും ചേർന്ന് ഇരുവരെയും മർദിച്ചുവെന്നാണ് വിവരം. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കാൻ കുടുംബാംഗങ്ങളും ബിജെപി പ്രവർത്തകരും പൊലീസിനെ വളഞ്ഞതോടെ സിഐ ആകാശത്തേക്ക് നിറയൊഴിച്ചു. തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൗൺസിലർ രംഗത്തെത്തിയിട്ടുണ്ട്. താൻ ചിക്കൻപോക്സ് ബാധിതനാണെന്നും പോലീസിനോട് കോടതിയിൽ ഹാജരാകാൻ രണ്ടു ദിവസത്തെ സമയം ചോദിച്ചിട്ടും അനുവദിച്ചില്ലെന്നുമാണ് സുഗതൻ പറയുന്നത്.. അറസ്റ്റിനെ എതിർത്ത തന്റെ ഭാര്യയെയും മകനെയും പോലീസ് ക്രൂരമായി മർദ്ദിച്ചതായും സുഗതൻ ആരോപിച്ചു. എന്നാൽ കൗൺസിലറും ചേട്ടനും ചേർന്നാണ് പോലീസുകാരെ മർദ്ദിച്ചതെന്നും ആത്മരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്നുമാണ് പോലീസിന്റെ വിശദീകരണം.

കാപ്പ ചുമത്തി ജില്ലാ കളക്ടർ കരുതൽ തടങ്കലിനിടാൻ നിർദേശിച്ച ആളാണ് സുഗതൻ. ഉത്സവപ്പറമ്പിലുണ്ടായ തർക്കത്തെത്തുടർന്ന് ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലാണ് സുഗതനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ സുഗതൻ നേരത്തെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ജൂൺ ഏഴിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു.

എന്നാൽ കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ സുഗതൻ സ്റ്റേഷനിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇയാൾ വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിലുണ്ടായിരുന്ന രഹസ്യവിവരത്തിന്ർറെ അടിസ്ഥാനത്തിൽ പൊലീസ് എത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് സുഗതനെ പാർപ്പിച്ചിരിക്കുന്നത്.

English Summary: There were dramatic scenes during the arrest of a BJP councillor accused in an attempted murder case. The incident took place in Thiruvananthapuram. Vazhottukonam councillor R. Sugathan was taken into custody by Vattiyoorkavu Police in a dramatic late-night operation on Tuesday.

Sugathan was named as an accused in a case involving an alleged attempt to murder a man during a clash at a temple festival near Vattiyoorkavu last month. He had sought anticipatory bail from the High Court, but his plea was rejected. Following the court's decision, he was required to surrender before the investigating officer, the Vattiyoorkavu SHO, on the 7th.