E. Sreedharan 
Kerala

അതിവേഗ റെയില്‍ 'ഇലക്ഷന്‍ സ്റ്റണ്ട്' മാത്രമാണ്, ജനങ്ങൾക്ക് മനസിലാകും; ഇ ശ്രീധരൻ

കെ റെയില്‍ ഇല്ലാതാക്കിയത് താനാണെന്ന രീതിയിലുള്ള പ്രചാരണം ദുരുദ്ദേശപരമാണ്

Madism Desk

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതി (ആര്‍ആര്‍ടിഎസ്) കേരളത്തില്‍ പ്രായോഗികമല്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ആര്‍ആര്‍ടിഎസ് മണ്ടന്‍ പദ്ധതിയാണെന്നും കേരളത്തില്‍ സാങ്കേതികമായി നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു. പദ്ധതി പ്രഖ്യാപനത്തിനു പിന്നിൽ സര്‍ക്കാരിന് വേറെ ഉദ്ദേശമുണ്ടോയെന്ന് അറിയില്ലെന്നും ദീര്‍ഘദൂര യാത്രയ്ക്ക് ഈ പദ്ധതി ഗുണകരമല്ലെന്നും ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതിവേഗ റെയില്‍ പദ്ധതി സംബന്ധിച്ച് തന്റെ ഭാഗത്തു നിന്നുമുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി മുഖ്യമന്ത്രിക്കും കേന്ദ്ര റെയില്‍വേ മന്ത്രിക്കും താൻ കത്തയച്ചിരുന്നു. അതിനെ തുടര്‍ന്ന് പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ചര്‍ച്ചയില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചതായിരുന്നു. കെ റെയില്‍ എന്തായാലും വരാന്‍ പോകുന്നില്ലെന്നും. കേരളത്തില്‍ അതിവേഗ റെയില്‍ ഇല്ലാതെ പറ്റില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പല കാരണങ്ങള്‍ കെ റെയില്‍ നടപ്പാക്കാന്‍ കഴിയാത്തതിനാല്‍, പുതിയ പദ്ധതിക്കായി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തീർച്ചയായും തുടർ നടപടികൾ അത്തരത്തിലായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡോ. കെ എം എബ്രഹം, ബൈജു എന്നിവരെ ചര്‍ച്ചയ്ക്കായി അയച്ചു. അവരും പദ്ധതിയില്‍ തൃപ്തി പ്രകടിപ്പിച്ചു. കൂടാതെ കെവി തോമസും പദ്ധതിയെ കുറിച്ച് സംതൃപ്തി അറിയിച്ചിരുന്നു.

എന്നാല്‍ ചർച്ചകൾ കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞിട്ടും പദ്ധതിയുടെ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചില്ല. തുടര്‍ന്നാണ് താന്‍ സ്വന്തം നിലയില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ സന്ദർശിച്ചത്. ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നുണ്ടെങ്കിൽ ഡിപിആര്‍ തയ്യാറാക്കാന്‍ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാമെന്നും മന്ത്രിയോട് നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ആര്‍ടിഎസ് അസംഭവ്യമായ കാരണമാണ്. തിരുവനന്തപുരം മുതല്‍ കൊല്ലം വരെയാണെങ്കില്‍ ഉദ്ദേശിക്കുന്നതെങ്കിൽ പദ്ധതി നടപ്പാകുന്നതിൽ പ്രശ്‌നമില്ല. മറിച്ച് ദീര്‍ഘദൂരം ലക്ഷ്യമിട്ടു കൊണ്ടുള്ള ആവിഷ്ക്കരണം സാധ്യമല്ല. ആവറേജ് സ്പീഡ് വളരെ കുറവായിരിക്കും. ഇതൊരു ഫൂളിഷ് വെഞ്ച്വറാണ്; ഇ ശ്രീധരന്‍ പറഞ്ഞു.

സർക്കാരിനെ സംബന്ധിച്ച് ആര്‍ആര്‍ടിഎസ് ഒരു ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണെന്നും ജനങ്ങൾക്ക് അത് തീർച്ചയായും മനസിലാകും. താൻ സമർപ്പിച്ച ബദല്‍ പാതയില്‍ നിന്നും ശ്രദ്ധ തിരിക്കാനാകും ആര്‍ആര്‍ടിഎസ് മുന്നോട്ടുവെച്ചത്. കെ റെയില്‍ പദ്ധതി ഇല്ലാതാക്കിയത് താനല്ല. കെ റെയില്‍ ഇല്ലാതാക്കിയത് താനാണെന്ന രീതിയിലുള്ള പ്രചാരണം ദുരുദ്ദേശപരമാണ്. കെ റെയിലിന്റെ ഓരോ ഘട്ടത്തിലും അതിന്റെ പ്രശ്‌നങ്ങളെപ്പറ്റി താൻ ബന്ധപ്പെട്ട അധികാരികളോട് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശം തീർത്തും ദുരുദ്ദേശപരമാണ്. ഈ പദ്ധതി കേന്ദ്രത്തിന്റേതാണെന്നതാണ് സംസ്ഥാനത്തിന്റെ പ്രശ്‌നം. സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കിലും പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

English Summary: Metro Man E Sreedharan has criticised the Kerala government’s proposed Rapid Rail Transit System (RRTS), calling it impractical, technically unfeasible for long distances, and alleging it is an election-driven project.