Kerala

ഇന്നലെ ഹൈക്കോടതി ഉത്തരവ്, ഇന്ന് റെയ്ഡ്; അതിവേഗം ഇഡി, വീണയുടെ മൊഴിയെടുക്കുന്നു

സംഘപരിവാറിന് മുമ്പിൽ കുമ്പിടില്ലെന്ന് മുഹമ്മദ് റിയാസ്

Madism Desk

തിരുവനന്തപുരം: വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ ഇഡി ജോലി തുടങ്ങി. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഇഡി എത്തിയത് ഇന്ന് പുലർച്ചയോടെയാണ്. കനത്ത സുരക്ഷയിൽ വീടിനുള്ളിൽ പ്രവേശിച്ച ഇഡി പ്രദേശത്ത് കേന്ദ്രസേനയെയും വിന്യസിച്ചു.

അന്വേഷണത്തിന്ർറെ ഭാഗമായി പിണറായി വിജയന്‍റെയും മകൾ വീണയുടെയും മൊഴിയെടുത്തതായാണ് വിവരം. സംഭവത്തിൽ ഇരുവരുടെയും പ്രതികരണമുണ്ടായിട്ടില്ല.

പിണറായി വിജയന്ർറെ കണ്ണൂരിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കൂടാതെ, മുൻമന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്, കൊച്ചിയിലെ സിഎംആർഎൽ ഓഫീസ്, ബംഗളൂരുവിലെ എക്സാലോജിക്കിന്ർറെ ഓഫീസ് ഉൾപ്പടെ പത്തിടങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.

സംഘപരിവാറിന് മുമ്പിൽ കുമ്പിടില്ലെന്നായിരുന്നു റെയ്ഡിനോട് മുഹമ്മദ് റിയാസിന്ർറെ പ്രതികരണം. വളഞ്ഞിട്ടടിച്ചോളൂവെന്നും അവസാന ശ്വാസം വരെയും പോരാടുമെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

അതേസമയം, റെയ്ഡിൽ കോഴിക്കോട്ടും കണ്ണൂരും പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി നിരത്തിലിറങ്ങിയിട്ടുണ്ട്. റെയ്ഡ് അനീതിയാണെന്നും പ്രതികാരനടപടിയെന്നുമൊക്കെയാണ് ഇവരുടെ വാദം.

റെയ്ഡ് ബി.ജെ.പിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷന്റെ തുടക്കമെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ പ്രതികരിച്ചത്. പിണറായി വിജയന്ർറെ കണ്ണൂരിലെ വീട്ടിൽ നേരിട്ടെത്തിയാണ് ഇദ്ദേഹം പ്രതിഷേധമറിയിച്ചത്.

പ്രതിപക്ഷത്തെ ലക്ഷ്യം വെച്ചുള്ള ബി.ജെ.പി നീക്കമാണ് റെയ്ഡ് എന്ന് സി.പി.എമ്മും അപലപിച്ചു. ഇത്തരം റെയ്ഡുകൾ കൊണ്ട് സി.പി.എമ്മിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും കോൺഗ്രസിന്ർറെയും ബി.ജെ.പിയുടെയും ഒത്തുകളി ജനങ്ങൾ മനസ്സിലാക്കുമെന്നുമായിരുന്നു കെകെ ശൈലജയുടെ പ്രതികരണം.

ഇഡി റെയ്ഡിനെ മുഖ്യമന്ത്രി വിഡി സതീശനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൽഹിയിൽ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെടുത്തി ബിനിഷ് കൊടിയേരി ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് സഖാവ് പിണറായിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്’ എന്നാണ് ബിനീഷിന്റെ പോസ്റ്റ്. പോസ്റ്റിനു താഴെ ‘നല്ല ക്യാപ്സൂൾ’ എന്നാണ് ഒട്ടുമിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. ‘ഉപ്പ് തിന്നവൻ വെള്ളം കുടിക്കും, മടിയിൽ കനം ഇല്ലാത്തവൻ പേടിക്കണ്ടല്ലോ’ എന്നീ കമന്റുകളും പോസ്റ്റിനുണ്ട്.

പിണറായി വിജയൻ, വീണാ വിജയൻ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. വ്യാജ ചെലവുകളുടെ മറവിൽ സിഎംആർഎൽ കമ്പനിയിൽ നിന്ന് വിവിധ വ്യക്തികൾക്ക് കോടിക്കണക്കിന് രൂപ ഫണ്ടായി വകമാറ്റി നൽകിയെന്നാണ് കേസ്. ഇത്തരത്തിൽ നിയമവിരുദ്ധമായി പണം കൈപ്പറ്റിയ പ്രധാന ഗുണഭോക്താക്കളിൽ ഒരാൾ വീണാ വിജയനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി അറിയിച്ചു.

English Summary: A day after the High Court directed that the investigation in the Masappadi case involving Veena Vijayan should continue, the Enforcement Directorate (ED) swiftly moved into action. ED officials arrived at the residence of former Chief Minister Pinarayi Vijayan early this morning. Entering the premises under heavy security, the agency also deployed central forces in the area.